vakakkad

ശതാബ്ദി ആഘോഷങ്ങൾക്കൊരുങ്ങി വാകക്കാട് സെന്റ് പോൾസ് എൽ.പി. സ്കൂൾ

വാകക്കാട് : വി. അൽഫോൻസാമ്മ അധ്യാപികയായി സേവനമനുഷ്ഠിച്ച വാകക്കാട് സെൻ്റ് പോൾസ് സ്കൂൾ ശതാബ്ദി ആഘോഷങ്ങൾക്കൊരുങ്ങുന്നു. മങ്കൊമ്പ്, നരിമറ്റം, മൂന്നിലവ്, പയസ്മൗണ്ട്, ഇടമറുക് തുടങ്ങിയ പ്രദേശങ്ങളിലെ ജനങ്ങളുടെ പ്രാഥമിക വിദ്യാഭ്യാസ ആവശ്യങ്ങൾക്കായി പ്രദേശവാസികളുടെ ആഗ്രഹപ്രകാരമാണ് വാകക്കാട് സ്കൂൾ സ്ഥാപിതമായത്. 1924-ൽ വാകക്കാട് പള്ളി വികാരിയായിരുന്ന റവ.ഫാ ജോർജ്ജ് മുക്കാട്ടുകുന്നേൽ പൊതുജനസഹകരണത്തോടെയാണ് വാകക്കാട് സ്കൂൾ സ്ഥാപിച്ചത്.

1924 ൽ ഇതിന്റെ ഉദ്ഘാടനകർമ്മം നിർവ്വഹിക്കപ്പെട്ടു. അപ്പസ്തോലനായ വി.പൗലോസിന്റെ നാമധേയം സ്കൂളിന് നൽകി. ഈ സ്കൂളിന്റെ ആദ്യത്തെ ഹെഡ്മാസ്റ്റർ ശ്രീ. എം.പി കേശവപിളള ചമ്പക്കുളം ആയിരുന്നു. 1928-ലാണ് ഇതൊരു പൂർണ്ണ എൽ.പി സ്കൂളായത്. 1932-1933 ലാണ് വി. അൽഫോൻസ ഇവിടെ അധ്യാപികയായിരുന്നത്.

ശതാബ്ദി ആഘോഷങ്ങളുടെയും, വി. അൽഫോൻസാമ്മയുടെ അധ്യാപനത്തിന്റെ നവതി ആഘോഷങ്ങളുടെ സമാപനത്തിൻ്റെയും സർവ്വിസിൽ നിന്നു വിരമിക്കുന്ന സി. ജോബിറ്റിനുള്ള യാത്രയയപ്പ് സമ്മേളനത്തിൻ്റെയും ഉദ്ഘാടനം ഫെബ്രുവരി 9 വ്യാഴാഴ്ച, 10.30ന് പാലാ രൂപത വികാരി ജനറാൾ വെരി. റവ.ഫാ സെബാസ്റ്റ്യൻ വേത്താനത്ത് നിർവഹിക്കും.

സ്കൂൾ മാനേജർ റവ.ഫാ മൈക്കിൾ ചീരാംകുഴി അധ്യക്ഷത വഹിക്കുന്ന യോഗത്തിൽ എഫ്.സി.സി. പ്രൊവിൻഷ്യാൽ സി.ജെസി മരിയ ഒലിക്കൽ അനുഗ്രഹ പ്രഭാഷണവും ഈരാറ്റുപേട്ട എ.ഇ.ഒ ശ്രീമതി ഷംലബിവി സി.എം. ഫോട്ടോ അനാഛാദനവും നടത്തും.

Leave a Reply

Your email address will not be published.