കോട്ടയം : വേഗനിയന്ത്രണങ്ങൾ പാലിക്കാതെ അമിത വേഗംമൂലമുണ്ടാക്കുന്ന അപകടങ്ങൾ ഇല്ലായ്മ ചെയ്യുന്നതിന് നടപ്പാക്കിയ വേഗപൂട്ട് ( സ്പീഡ് ഗവേർണർ ) സംവിധാനം കർശനമാക്കണമെന്ന് പാസഞ്ചേഴ്സ് അസോസിയേഷൻ നിർവ്വാഹക സമിതി ആവശ്യപ്പെട്ടു.
ഇടക്കാലത്ത് നടപ്പാക്കിയ പദ്ധതി ഇപ്പോൾ വിസ്മരിക്കുകയും പാടേ ഒഴിവാക്കപ്പെട്ടിരിക്കുകയുമാണ്. സർക്കാർ വാഹനങ്ങളിൽ പോലും ഇത്തരം സംവിധാനങ്ങളില്ല.അപകടത്തിൽ പെടുന്നവരെ ഉടൻ ആശുപത്രിയിലെത്തിക്കുന്നവരെ സഹായിക്കുന്നതിനായി കേന്ദ്ര ഉപരിതല ഗതാഗത വകുപ്പ് പ്രഖ്യാപിച്ചിട്ടുള്ള “ഗുഡ് സമിരിറ്റൻ ” അവാർഡ് തുക ( 5000 രൂപ) ലഭ്യമാക്കുന്നതിനും നടപടി ഉണ്ടാവണമെന്ന് യോഗം ആവശ്യപ്പെട്ടു.
ഈ കേന്ദ്ര പദ്ധതിക്കായി എല്ലാ സംസ്ഥാനങ്ങൾക്കും കേന്ദ്ര സർക്കാർ ഫണ്ട് വിഹിതം മുൻകൂർ കൈമാറിയിട്ടുള്ളതുമാണ്. കഴിഞ്ഞ ഒരു വർഷമായി നടപ്പാക്കിയിരിക്കുന്ന ഈ സഹായ സമാശ്വാസ പദ്ധതിയിൽ നിന്നും ഇതേ വരെ സഹായം ലഭ്യമാക്കിയിട്ടില്ല എന്ന് യോഗം ആരോപിച്ചു.

അപകട സ്ഥലത്ത് രക്ഷാപ്രവർത്തനത്തിന് ആദ്യമെത്തുന്നവർ പരിസരവാസികളാണ്. വാടക വാഹനങ്ങളിലാണ് പരിക്കേറ്റവരെ ആശുപത്രിയിൽ എത്തിക്കുന്നതും പ്രാഥമിക ചികിത്സാ ചിലവു കൾ വഹിക്കുന്നതും സന്നദ്ധ പ്രവർത്തകരാണ്. ‘സർക്കാർ സംവിധാനങ്ങൾ ഇവരെ പരിഗണിക്കാറില്ല.
വടക്കൻചേരി ബസ് അപകടത്തിൽ പെട്ടവരെ ആശുപത്രിയിലെത്തിച്ചവർക്ക് ഈ സമാശ്വാസ പദ്ധതിയിൽ നിന്നും സഹായം ലഭ്യമാക്കണമെന്നും യോഗം അ ധികൃതരോട് ആവശ്യപ്പെട്ടു. യോഗത്തിൽ പാസഞ്ചേഴ്സ് അസോസിയേഷൻ ചെയർമാൻ ജയ്സൺമാന്തോട്ടം അദ്ധ്യക്ഷത വഹിച്ചു.