എസ്എംവൈഎം പാലാ രൂപത വാര്‍ഷികം നടന്നു

പാലാ: എസ്എംവൈഎം -കെസിവൈഎം പാലാ രൂപതയുടെ 2020 പ്രവര്‍ത്തനവര്‍ഷ സമാപന വാര്‍ഷിക സമ്മേളനവും പുതിയ ഭാരവാഹികളുടെ തിരഞ്ഞെടുപ്പും അല്‍ഫോന്‍സാ കോളേജില്‍ വെച്ച് കോവിഡ് പ്രോട്ടോകോള്‍ പാലിച്ചുകൊണ്ട് നടത്തപ്പെട്ടു.

രൂപതയിലെ എല്ലാ യൂണിറ്റുകളിലെയും കൗണ്‍സിലര്‍മാര്‍, ഫൊറോന ഭാരവാഹികള്‍, ബാച്ച് പ്രതിനിധികള്‍, ദേശത്ത് നസ്രാണി ഫോറം നേതാക്കള്‍ എന്നിവര്‍ ഉള്‍പ്പെടുന്ന യുവജന സിനഡോടെയായിരുന്നു തുടക്കം.

Advertisements

തുടര്‍ന്നു നടന്ന വാര്‍ഷിക സമ്മേളനം നവ യുവവൈദികരായ ഫാ. ജെയിംസ് ചൊവ്വേലിക്കുടിലില്‍, ഫാ. എബിന്‍ കുന്നത്ത് സിഎംഐ എന്നിവര്‍ സംയുക്തമായി ഉദ്ഘാടനം ചെയ്തു.

പ്രസിഡന്റ് ബിബിന്‍ ചാമക്കാലായില്‍ അധ്യക്ഷത വഹിച്ച യോഗത്തില്‍ ഡയറക്ടര്‍ ഫാ. സിറില്‍ തോമസ് തയ്യില്‍, വൈസ് പ്രസിഡന്റ് അമലു മുണ്ടനാട്ട്, ജനറല്‍ സെക്രട്ടറി മിജോയിന്‍ വലിയകാപ്പില്‍, ഡെപ്യൂട്ടി പ്രസിഡണ്ട് ഡിന്റോ ചെമ്പുളായില്‍ എന്നിവര്‍ പ്രസംഗിച്ചു.

രൂപത, ഫൊറോനാ തലത്തില്‍ മികവുപുലര്‍ത്തിയ യൂണിറ്റുകള്‍, കലോത്സവ ജേതാക്കള്‍, കോവിഡ് മൃതസംസ്‌കാരത്തില്‍ പങ്കെടുത്തവര്‍, വ്രതവാഗ്ദാനം നടത്തി സന്യാസ ജീവിതത്തിലേക്ക് പ്രവേശിച്ച യുവതികള്‍, ലോക്ക് ഡൗണ്‍ കാലത്തെ ഗെയിമുകളില്‍ മികവുപുലര്‍ത്തിയവര്‍ എന്നിവര്‍ക്ക് ആദരവും സമ്മാനദാനവും നല്‍കി.

നവദമ്പതികള്‍ക്കും നവ വൈദികര്‍ക്കും നവ സന്യാസിനികള്‍ക്കും യുവാക്കള്‍ ആശംസകള്‍ നേര്‍ന്നു. നവ സമൂഹത്തിന്റെ നിര്‍മ്മിതിയും ദൈവരാജ്യ പ്രഘോഷണവും എന്ന ദൗത്യം യാതൊരു കുറവും കൂടാതെ, കാലഘട്ടത്തിന്റെ വെല്ലുവിളികളെ ജാഗ്രതയോടെ തിരിച്ചറിഞ് പൂര്‍ത്തിയാക്കാന്‍ യുവാക്കള്‍ക്ക് സാധിക്കണമെന്ന് ഫാ. സിറില്‍ തയ്യില്‍ അഭിപ്രായപ്പെട്ടു.

യുവാക്കള്‍ നേരിടുന്ന നിരവധി വിഷയങ്ങള്‍ പരാമര്‍ശിച്ചുകൊണ്ട് നടത്തപ്പെട്ട സിനഡില്‍ മരിയ സദനത്തില്‍ കോവിഡ് രോഗികള്‍ക്കുള്ള സഹായം സ്വരൂപിക്കാന്‍ തീരുമാനിച്ചു. ഇലക്ഷന് ശേഷം കാലാവധി പൂര്‍ത്തിയാക്കിയ സമിതിയും പുതിയ സമിതിയും രൂപതാധ്യക്ഷന്‍ മാര്‍ ജോസഫ് കല്ലറങ്ങാട്ടിനെ സന്ദര്‍ശിച്ചു.

കോവിഡ് കാലത്തും സജീവമായി പ്രവര്‍ത്തിക്കുന്ന യുവാക്കള്‍ ഗവണ്മെന്റ് ജോലി, പഠനം, കൃഷി, സാമൂഹ്യ പ്രതിബദ്ധത, സമുദായ ബോധം തുടങ്ങിയ കാര്യങ്ങളില്‍ കൂടുതല്‍ ശ്രദ്ധ ഉള്ളവര്‍ ആകാന്‍ ബിഷപ്പ് ആഹ്വാനം ചെയ്തു.

You May Also Like

Leave a Reply