Poonjar News

കരളിന് ഗുരുതര രോഗം ബാധിച്ച പൂഞ്ഞാർ സ്വദേശി ശ്യാം ശശിക്കായി ഒരു നാട് കൈകോർക്കുന്നു

പൂഞ്ഞാർ: കരളിന് ഗുരുതര രോഗം ബാധിച്ച ശ്യാം ശശി (37)ക്കായി ഒരു നാട് കൈകോർക്കുന്നു. പൂഞ്ഞാർ തെക്കേക്കര പഞ്ചായത്തിൽ കടലാടിമറ്റം എഴുമേൽ ശ്യാം ശശിയാണ് കരൾ മാറ്റി വയ്ക്കൽ ശസ്ത്രക്രിയക്ക് സുമനസ്സുകളുടെ സഹായം തേടുന്നത്. നിലവിൽ എറണാകുളത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ് ശ്യാം. ഭാര്യയും മൂന്ന് കുട്ടികളുമടങ്ങുന്ന കുടുംബത്തിന്റെ ഏക ആശ്രയമാണ് ശ്യാം.

എറണാകുളത്തു സ്വകാര്യ സ്ഥാപനത്തിൽ ഗ്രാഫിക് ഡിസൈനറായി ജോലി ചെയ്തുവരുകയായിരുന്നു ശ്യാം. വിട്ടുമാറാതെയുള്ള പനിയുമായി വിവിധ ആശുപത്രികളിൽ ചികിത്സ തേടിയ ശ്യാമിന്റെ കരൾ രോഗം തിരിച്ചറിഞ്ഞത് വളരെ വൈകിയാണ്. വളരെ ഗുരുതരമായ അവസ്ഥയിലേക്കു ശ്യാമിന്റെ ആരോഗ്യനില മാറിയതിനാൽ കരൾ മാറ്റിവയ്ക്കൽ ശസ്ത്രക്രിയയ്ക്കു ആശുപത്രിയിൽ തുടരേണ്ട ഗുരുതരമായ അവസ്ഥയിലാണ് ശ്യാം.

പൂഞ്ഞാർ തെക്കേക്കര പഞ്ചായത്തിലെ ജീവൻ രക്ഷാസമിതി കാരുണ്യ സ്പർശം പദ്ധതിയിലൂടെ ശസ്ത്രക്രിയക്ക് ആവശ്യമായ 22 ലക്ഷത്തോളം രൂപ രണ്ട് ദിവസം 10 മണിക്കൂർ കൊണ്ട് പൊതുധനസമാഹരണം നടത്തുകയാണ്. 26 ന് പെരിങ്ങളും, അടിവാരം വാർഡുകളിലും 27 ന് ബാക്കി വാർഡുകളിലും ഒരു പൊതു ധനസമാഹരണം നടത്തും.

ജീവൻ രക്ഷാസമിതി പ്രവർത്തനങ്ങൾ പഞ്ചായത്തിലെ അർഹരായ രോഗികളുടെ അവയവ മാറ്റ ശസ്ത്രക്രിയകൾക്കും തുടർ ചികിത്സകൾക്കുമായി മാത്രമായി രൂപീകരിച്ചതാണ്. മുഖ്യ രക്ഷാധികാരികളായി സെബാസ്റ്റ്യൻ കുളത്തുങ്കൽ എം.എൽ.എ, ആന്റോ ആന്റണി എം.പി, ജോസ് കെ.മാണി എം.പിയും രക്ഷാധികാരിയായി ഫാ. ചാണ്ടി കിഴക്കയിൽ, ചെയർമാനായി പഞ്ചായത്ത് പ്രസിഡന്റ് ജോർജ് മാത്യു അത്തിയാലിൽ, ജനറൽ കൺവീനർ ബൈജു മണ്ഡപത്തിക്കുന്നേൽ (സെന്റ് ആന്റണീസ് എച്ച്.എസ്.എസ്. പൂഞ്ഞാർ) ജോയിന്റ് കൺവീനേഴ്‌സ് ടി.എസ്. സ്‌നേഹാധനൻ, ദേവസ്യാച്ചൻ വാണിയപ്പുര, പഞ്ചായത്തംഗങ്ങൾ, സർവ്വകക്ഷി പ്രതിനിധികളുമാണ് കാരുണ്യ സ്പർശം പൊതു ധനസമാഹരണത്തിന് നേതൃത്വം നൽകുന്നത്.

Leave a Reply

Your email address will not be published.