
സംസ്ഥാനത്തെ റോഡുകൾ പൂർണമായും റബറൈസ്ഡ് ചെയ്യണമെന്ന് അഡ്വ. സെബാസ്റ്റ്യൻ കുളത്തുങ്കൽ എം എൽ എ നിയമസഭയിൽ ആവശ്യപ്പെട്ടു. ലാറ്റക്സ് മിശ്രിതം ബിറ്റുമിനുമായി മിക്സ് ചെയ്ത് റോഡ് ടാറിങ്ങിനായി ഉപയോഗിക്കുമ്പോൾ റോഡുകളുടെ ഗുണ നിലവാരവും കാര്യക്ഷമതയും വർദ്ധിപ്പിക്കുന്നതിനൊപ്പം റബർ കർഷകരുടെ അധ്വാനത്തിന് മികച്ച വില ലഭിക്കുവാനും സാഹചര്യം ഉണ്ടാകും.
മഴയിൽ പൊട്ടി പൊളിയുന്ന സാധാരണ ടാറിങ്ങിനെക്കാൾ റബറൈസ്ഡ് ടാറിങ്ങ് ചെയ്ത റോഡുകൾ ദീർഘ കാലം ഈടു നിൽക്കുമെന്നത് തെളിഞ്ഞിട്ടുള്ളതാണ്. റബ്ബറൈസ്ഡ് റോഡ് ടാറിങ്ങിന് താരതമ്യേന ചിലവ് കുറവാണ് എന്നതും അനുകൂല ഘടകമാണ് എന്നും MLA ചൂണ്ടിക്കാട്ടി.
നിയമസഭയിൽ ചോദ്യമായി പൊതുമരാമത്ത് മന്ത്രി യുടെ മുൻപിൽ വിഷയം അവതരിപ്പിച്ചതോടെ വിഷയം വളരെ പ്രസക്തമാണെന്നും അനുകൂല നടപടികൾ കൈക്കൊള്ളുമെന്നും മന്ത്രി ഉറപ്പ് നൽകി.പ്രളയത്തിലും വെള്ളക്കെട്ടിലും തകർന്നു തരിപ്പണമാകുന്ന റോഡുകളുടെ പുനർ നിർമാണം സർക്കാരിന് വൻ ബാധ്യത സൃഷ്ടിക്കുന്നതിനാൽ റബറൈസ്ഡ് റോഡുകൾ എന്ന ആശയം സർക്കാർ വീണ്ടും സജീവമായി പരിഗണിക്കുന്നുണ്ട് എന്നും ചോദ്യത്തിന് മറുപടിയായി മന്ത്രി പറഞ്ഞു.