പാലാ: വിഷ്ണുപ്രിയയ്ക്കും ശിവപ്രിയയ്ക്കും കൃഷ്ണപ്രിയയ്ക്കും സ്വസ്ഥമായി പഠിക്കാനും അന്തിയുറങ്ങാനും സുരക്ഷിത ഭവനമൊരുങ്ങി. ടര്‍പ്പോളിന്‍ കുടിലിലെ പരാധീനതകളില്‍നിന്ന് മോചനംനേടി തോടനാല്‍ കരുവാലയില്‍ ഷാജി-കുമാരി ദമ്പതിമാര്‍ തങ്ങളുടെ മൂന്നു പെണ്‍മക്കളുമായി പുതിയ വീട്ടിലേയ്ക്ക് പ്രവേശിക്കുമ്പോള്‍ നിര്‍ധന കുടുംബത്തിന്റെ വീടെന്ന സ്വപ്നത്തിനാണ് സാക്ഷാത്ക്കാരമാകുന്നത്.
സിപിഐ എം കൊഴുവനാല്‍ ലോക്കല്‍ക്കമ്മിറ്റിയുടെ നേതൃത്വത്തില്‍ ഏഴര ലക്ഷം ചിലവില്‍ നിര്‍മ്മിച്ച് നല്‍കുന്ന പുതിയ വീടിന്റെ താക്കോല്‍ 26ന് രാവിലെ ഒന്‍പതിന് പന്നിയാമറ്റം കവലയില്‍ ചേരുന്ന സമ്മേളനത്തില്‍ സഹകരണ വകുപ്പ് മന്ത്രി വി എന്‍ വാസവന്‍ കുടുംബത്തിന് കൈമാറും. ലോക്കല്‍ സെക്രട്ടറി സെന്നി സെബാസ്റ്റിയന്‍ അധ്യക്ഷനാകും.
ചെത്തുതൊഴിലാളിയായിരുന്ന ഷാജി ഭാര്യയ്ക്കും വിദ്യാര്‍ഥികളായ മൂന്ന് പെണ്‍മക്കള്‍ക്കൊപ്പം ഏഴ് വര്‍ഷമായി ടര്‍പ്പോളിന്‍ മേഞ്ഞ ഒറ്റമുറി വീട്ടിലാണ് ദുരിത ജീവിതം നയിച്ചുവന്നത്.
കുടുംബവിഹിതവും 16 വര്‍ഷത്തെ ചെത്തുതൊഴില്‍നിന്ന് മിച്ചംവെച്ച തുകയില്‍ വാങ്ങിയ അഞ്ചും സെന്റും ഉള്‍പ്പെടെ 15 സെന്റ് ഭൂമി സ്വന്തമായുണ്ടെങ്കിലും സുരക്ഷിതമായ വീടെന്ന സ്വപ്നം ബാക്കിയായി. ചെത്തുതൊഴില്‍ ഇല്ലാതായതോടെ റബര്‍ ടാപ്പിംങ് ജോലി ചെയ്താണ് ഷാജി കുടുംബം പോറ്റിവരുന്നത്.
പ്ലസ്ടു കഴിഞ്ഞ് കോളേജ് പഠനത്തിനൊരുങ്ങുന്ന മൂത്തമകള്‍ വിഷ്ണുപ്രിയയും പത്താംക്ലാസില്‍ മികച്ച വിജയം നേടിയ ശിവപ്രിയയും ഒന്‍പതാം ക്ലാസുകാരിയായ കൃഷ്ണപ്രയിയും ഒറ്റമുറി വീട്ടിലിരുന്നായിരുന്നു പഠനം.
കോവിഡ് കാലത്ത് വീട് വിദ്യാലയമായതോടെ പരിമിതികള്‍ക്കിടയിലും മികച്ച മാര്‍ക്കോടെയാണ് വിഷുണുവും ശിവയും പരീക്ഷാവിജയം നേടിയത്. കുട്ടികള്‍ക്ക് ഓണ്‍ലൈന്‍ പഠനത്തിന് സിപിഐ എം നേതൃത്വത്തില്‍ ടിവിയും ലഭ്യമാക്കിയിരുന്നു.
പുതിയ വീട്ടിലേക്ക് ഗൃഹപ്രവേശത്തിനൊരുങ്ങുമ്പോള്‍ ഏറെ സന്തോഷത്തിലാണ് ഈ കുട്ടികള്‍. ചെറുപ്പം മുതല്‍ നെഞ്ചേറ്റിയ പ്രസ്ഥാനം വീടൊരുക്കി കൈത്താങ്ങായതിന്റെ അഭിമാനവും കുടുംബം മറച്ചുവച്ചില്ല.
കുടുംബത്തിന്റെ ദൈന്യാവസ്ഥ കണ്ട് സിപിഐ എം തോടനാല്‍ ബ്രാഞ്ച് നടത്തിയ ഇടപെടലാണ് ലോക്കല്‍ കമ്മിറ്റിയുടെ ഭവനപദ്ധതിയില്‍ പുതിയ വീട് നിര്‍മ്മിച്ച് നല്‍കാന്‍ നടപടിയായത്.
650 ചതുരശ്രയടിയില്‍ നിര്‍മ്മാണം പൂര്‍ത്തിയാക്കിയ കോണ്‍ക്രീറ്റ് ഭവനത്തില്‍ രണ്ട് മുറി, അടുക്കള, ഹാള്‍, സിറ്റൗട്ട്, ശുചിമുറി സൗകര്യങ്ങളും ഒരുക്കിയിട്ടുണ്ട്.
പാര്‍ട്ടി സെക്രട്ടറിയായിരിക്കേ വി എന്‍ വാസവന്‍ നിര്‍മാണോദ്ഘാടനം നടത്തിയ വീട് പാര്‍ട്ടി അംഗങ്ങളുടെയും സുമന്സകരായ വ്യക്തികള്‍, സ്ഥാപനങ്ങള്‍ എന്നവരുടെയും സഹായത്തോടെയാണ് പൂര്‍ത്തിയാക്കിയത്.
നിര്‍മാണ കമ്മിറ്റി കണ്‍വീനര്‍ എം ശ്രീകുമാര്‍, ലോക്കല്‍ സെക്രട്ടറി സെന്നി സെബാസ്റ്റിയന്‍, എ ആര്‍ ശിവശങ്കരന്‍നായര്‍ എന്നിവര്‍ ഭാരവാഹികളായുള്ള സമിതിയ്ക്കായിരുന്നു നിര്‍മാണ ചുമതല.
സിപിഐ എം ജില്ലാ സെക്രട്ടറിയറ്റംഗം ലാലിച്ചന്‍ ജോര്‍ജ്, ജില്ലാ കമ്മിറ്റിയംഗം ആര്‍ ടി മധുസൂദനന്‍, പാലാ ഏരിയാ സെക്രട്ടറി പി എം ജോസഫ്, ഏരിയാ കമ്മിറ്റിയംഗം ടി ആര്‍ വേണുഗോപാല്‍ എന്നിവരും സഹായമേകി ഒപ്പമുണ്ടായിരുന്നു.
പാലായിലെയും സമീപ പ്രദേശങ്ങളിലെയും വാര്‍ത്തകളും ജോലി സാധ്യതകളും അറിയാന്‍ വാട്‌സാപ് ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യൂ… GROUP 19