അപൂര്‍വമായ സ്‌കോളിയോസിസ് ശസ്ത്രക്രിയ വിജയകരമായി പൂര്‍ത്തിയാക്കി മാര്‍ സ്ലീവാ മെഡിസിറ്റി

പാലാ: നട്ടെല്ലിന്റെ വളവു മാറ്റുന്ന സ്‌കോളിയോസിസ് കറക്റ്റീവ് ശസ്ത്രക്രിയ വിജയകരമായി പൂര്‍ത്തിയാക്കി മാര്‍ സ്ലീവാ മെഡിസിറ്റി പാലാ. പൊക്കക്കുറവ്, ശ്വാസതടസ്സം, തോളെല്ല് പൊങ്ങിയിരിക്കുന്നു എന്നീ രോഗലക്ഷണങ്ങളുമായി ആശുപത്രിയിലെത്തിയ പതിനാലുകാരിക്കാണ് വിദഗ്ധ രോഗനിര്‍ണയത്തിലൂടെ നട്ടെല്ലിന് 60 ഡിഗ്രിയില്‍ അധികം വളവു കണ്ടെത്തുകയും ചികിത്സയിലൂടെ പുതുജീവന്‍ ലഭിക്കുകയും ചെയ്തതു.

നട്ടെല്ലിന് വശങ്ങളിലേക്ക് ഉണ്ടാകുന്ന അസ്വഭാവിക വളവിനെയാണ് സ്‌കോളിയോസിസ് എന്ന് പറയുന്നത്. ഇഡിയോപ്പതിക് തൊറകോലംബാര്‍ സ്‌കോളിയോസിസ് എന്ന അത്യപൂര്‍വ്വമായ അസുഖം 9 മുതല്‍ 15 വയസ്സുവരെ പ്രായമുള്ളവരില്‍, പ്രത്യേകിച്ച് പെണ്‍കുട്ടികളിലാണ് കണ്ടുവരുന്നത്.

നട്ടെല്ലിന്റെ വളര്‍ച്ച കൂടുന്നതിനനുസരിച്ചു വളവു കൂടിവരുമെങ്കിലും ഇത് പ്രാരംഭദശയില്‍ കണ്ടെത്താന്‍ പലപ്പോഴും കഴിയാറില്ല. ശ്വാസതടസം, പൊക്കക്കുറവ്, വസ്ത്രങ്ങള്‍ പഴയതു പോലെ ചേരാതിരിക്കുക, നട്ടെല്ലില്‍ മുഴപോലെ കാണുക, ഒരു തോള്‍ഭാഗമോ ഇടുപ്പെല്ലോ മറ്റേതിനേക്കാളും പൊങ്ങി നില്‍ക്കുക എന്നിവയെല്ലാം സ്‌കോളിയോസിസിന്റെ ലക്ഷണങ്ങളാണ്.

നട്ടെല്ലിന് എത്രമാത്രം വളവുണ്ട് എന്നതിനെ അപേക്ഷിച്ചാണ് ചികിത്സ നിര്‍ണ്ണയിക്കുന്നത്. ചെറിയ വളവുകള്‍ക്കു സ്പൈനല്‍ ബ്രേസെസ് ഡോക്ടറിന്റെ നിര്‍ദേശപ്രകാരം ഉപയോഗിക്കാം. വളവു കൂടുന്നതിനനുസരിച്ചു ശ്വാസകോശത്തിന്റെ പ്രവര്‍ത്തനത്തെയും കാലുകളിലേക്കുള്ള നാഡീഞരമ്പുകളെയും ഇത് ബാധിച്ചേക്കാം.

40 ഡിഗ്രിയില്‍ അധികം വളവുള്ള സാഹചര്യത്തിലാണ് ശസ്ത്രക്രിയ വേണ്ടിവരുന്നത്. നട്ടെല്ലിന്റെ കശേരുക്കള്‍ സ്‌ക്രൂകളും ദണ്ഡുകളും ഉപയോഗിച്ച് നേരെയാക്കുന്നതാണ് ഇത്തരം ശാസ്ത്രക്രിയകള്‍.

നട്ടെല്ലിന്റെ ഇരുവശങ്ങളിലും സ്‌ക്രൂകളുടെ സഹായത്തോടെ ദണ്ഡുകള്‍ ഘടിപ്പിച്ചു ഇവ നട്ടെല്ലിനോട് കൂടിച്ചേരാനായി ബോണ്‍ ഗ്രാഫ്ട് ഉപയോഗിക്കുന്ന അതിസങ്കീര്‍ണ്ണമായ ശസ്ത്രക്രിയക്ക് ഓര്‍ത്തോപീഡിക് വിഭാഗത്തിലെ സീനിയര്‍ കണ്‍സല്‍ട്ടന്റ് ഡോ. ഒ. റ്റി ജോര്‍ജ് നേതൃത്വം നല്‍കി.

ഡോ. സാം സ്‌കറിയ, ഡോ. ഡിജു ജേക്കബ്, ഡോ. സുജിത് തമ്പി എന്നിവരോടൊപ്പം അനസ്തറ്റിസ്റ്റ്, പള്‍മനോളജിസ്ട്, കാര്‍ഡിയോളജിസ്‌റ് തുടങ്ങിയവരുടെ സഹായത്തോടെയാണ് ആറു മണിക്കൂറോളം നീണ്ടുനിന്ന ശസ്ത്രക്രിയ പൂര്‍ത്തിയാക്കിയത്. കഴിഞ്ഞ ജൂലൈ 14 നു ശാസ്ത്രക്രിയ നടത്തുകയും രണ്ടാഴ്ചക്കു ശേഷം പെണ്‍കുട്ടി പൂര്‍ണ്ണസൗഖ്യയായി ആശുപത്രി വിടുകയും ചെയ്‌തെന്നു ഡോക്ടര്‍മാര്‍ അറിയിച്ചു.

💞💞💞 പാലാവാര്‍ത്ത.com വാര്‍ത്തകള്‍ മൊബൈലില്‍ ലഭിക്കാന്‍ വാട്‌സാപ്പ് ഗ്രൂപ്പില്‍ അംഗമാകൂ. 🙏🙏🙏

Maxin Francis

Hi It's me, Maxin Francis! I'm a journalist by profesion and passion while blogging is my hobby, web designing, digital marketing and social media are all my cups of tea.

Leave a Reply

%d bloggers like this: