അതിതീവ്ര കോവിഡ് വൈറസ് സംസ്ഥാനത്ത് ആറു പേര്‍ക്ക് സ്ഥിരീകരിച്ചു; കേരളം ജാഗ്രതയില്‍; കോട്ടയത്ത് ഒരാള്‍ക്കും രോഗം

തിരുവനന്തപുരം: ജനിതക വ്യതിയാനം വന്ന കോവിഡ് വൈറസ് സാര്‍സ് 2 വൈറസ് ബാധ സംസ്ഥാനത്തു സ്ഥിരീകരിച്ചു. ആറ് പേര്‍ക്കാണ് അതിതീവ്ര കോവിഡ് സ്ഥിരീകരിച്ചത്.

കോഴിക്കോട്, ആലപ്പുഴ ജില്ലകളില്‍ രണ്ടു പേര്‍ക്ക് വീതവും കോട്ടയം, കണ്ണൂര്‍ ജില്ലകളില്‍ ഓരോരുത്തര്‍ക്കുമാണ് രോഗം സ്ഥിരീകരിച്ചത്. ആരോഗ്യമന്ത്രി കെകെ ഷൈലജയാണ് ഇക്കാര്യം അറിയിച്ചത്.

യുകെയില്‍നിന്നും എത്തിയവരിലാണ് ജനിതക വ്യതിയാനം വന്ന കോവിഡ് വൈറസ് ബാധ സ്ഥിരീകരിച്ചത്. പൂനെ വൈറോളജി ഇന്‍സ്റ്റിറ്റിയുട്ടില്‍ നടത്തിയ പരിശോധനയിലാണ് പുതിയ വൈറസ് സ്ഥിരീകരിച്ചത്.

29 പേരുടെ സാമ്പിളുകളാണ് പൂനെയിലേക്ക് അയച്ചത്. ഇന്നലെ ലഭിച്ച 11 പേരുടെ പരിശോധനാ ഫലം ഈ വൈറസ് അല്ലെന്നു സ്ഥിരീകരിച്ചിരുന്നു. ഇന്ന് ലഭിച്ച ആറു പേരുടെ ഫലങ്ങളാണ് പോസിറ്റീവായതെന്നും ഇനിയും ഫലങ്ങള്‍ വരാനുണ്ടെന്നും മന്ത്രി അറിയിച്ചു.

രോഗം സ്ഥിരീകരിച്ചവരും ഇവരുടെ സമ്പര്‍ക്ക പട്ടികയിലുള്ളവരും നിരീക്ഷണത്തിലാണ്. ഇവര്‍ വിദേശത്തുനിന്നും എത്തിയപ്പോള്‍ തന്നെ ക്വാറന്റൈനില്‍ പോകാന്‍ നിര്‍ദേശിച്ചിരുന്നു. അതിനാല്‍ വലിയ സമ്പര്‍ക്ക പട്ടിക ഉണ്ടാകാന്‍ സാധ്യതയില്ലെന്നും മന്ത്രി പറഞ്ഞു.

പുതിയ കോവിഡ് യുകെയില്‍ റിപ്പോര്‍ട്ട് ചെയ്തയുടനെ ആരോഗ്യവകുപ്പ് നിരീക്ഷണം ശക്തമാക്കിയിരുന്നു. എങ്കിലും ആരെങ്കിലും നേരത്തെ യുകെയില്‍ നിന്നും വന്നവരുണ്ടെങ്കില്‍ അക്കാര്യം ആരോഗ്യ വകുപ്പിനെ അറിയിക്കണം. വിദേശത്തുനിന്നും വരുന്നവര്‍ സ്വമേധയ വിവരം അറിയിക്കാന്‍ തയാറാകണമെന്നും മന്ത്രി അഭ്യര്‍ഥിച്ചു.

പുതിയ വൈറസ് വളരെ വേഗത്തില്‍ വ്യാപിക്കുന്നതാണ്. ഇവയുടെ പകര്‍ച്ച സാധ്യത കൂടുതലാണെന്നും മന്ത്രി പറഞ്ഞു. നിലവില്‍ ഭയപ്പെടേണ്ട സാഹചര്യമില്ല. എന്നാല്‍ ജാഗ്രത വേണം.

പ്രായമുള്ളവര്‍ക്കും മറ്റ് അസുഖങ്ങള്‍ ഉള്ളവര്‍ക്കും രോഗം വന്നാല്‍ ബുദ്ധിമുട്ട് ഉണ്ടാകും. അതിനാല്‍ മാസ്‌ക് ധരിക്കുകയും സാനിറ്റൈസര്‍ ഉപയോഗിക്കുയും സാമൂഹിക അകലം പാലിക്കുകയും വേണമെന്നും ആരോഗ്യമന്ത്രി ആവശ്യപ്പെട്ടു.

ഇളവുകള്‍ പ്രഖ്യാപിക്കുമ്പോള്‍ അത് പരിമിതമായി ഉപയോഗിക്കണം. ജീവിത മുരടിപ്പ് അവസാനിപ്പിക്കാനാണ് ഇളവുകള്‍ പ്രഖ്യാപിക്കുന്നതെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.

പാലാ വാര്‍ത്ത അപ്‌ഡേറ്റുകള്‍ മൊബൈലില്‍ ലഭിക്കുന്നതിന് വാട്‌സാപ് ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യൂ. GROUP 10 / GROUP 7. Subscribe YouTube Channel / Like Facebook Page

You May Also Like

Leave a Reply