പാലാ: പൊതുമരാമത്ത് വകുപ്പ് റോഡുകളുടെ അറ്റകുറ്റപ്പണികളുടെ ഭാഗമായി വെള്ളക്കെട്ട് ഒഴിവാക്കുന്നതിനും കലുങ്കുകൾ നിർമ്മിക്കുന്നതിനുമായി പാലാ നിയോജകമണ്ഡലത്തിലെ മൂന്ന് റോഡുകൾക്കായി 24 ലക്ഷം രൂപ അനുവദിച്ചതായി മാണി സി കാപ്പൻ എം എൽ എ അറിയിച്ചു.
ചേർപ്പുങ്കൽ – മുത്തോലി – പാലാ – പാറപ്പള്ളി – ഭരണങ്ങാനം റോഡ് (12 ലക്ഷം), പുനലൂർ – മൂവാറ്റുപുഴ റോഡിൽ പാലാമണ്ഡലത്തിൽ വരുന്ന ഭാഗം (7 ലക്ഷം), വാഴൂർ-പുലിയന്നൂർ റോഡ് (5 ലക്ഷം) എന്നിങ്ങനെയാണ് സർക്കാർ ഫണ്ട് അനുവദിച്ചിരിക്കുന്നതെന്ന് എം എൽ എ പറഞ്ഞു.

തുക അനുവദിച്ച റോഡിൻ്റെ ഭാഗങ്ങളിൽ മഴ പെയ്താലുടൻ വെള്ളക്കെട്ട് നിത്യസംഭവമായിരുന്നു. ഇതേത്തുടർന്നു മാണി സി കാപ്പൻ എം എൽ എ നൽകിയ ശിപാർശ കണക്കിലെടുത്താണ് സർക്കാർ തുക അനുവദിച്ചത്. പദ്ധതി പൂർത്തീകരിക്കുന്നതോടെ വിവിധ ഭാഗങ്ങളിലെ വെള്ളക്കെട്ടു പൂർണ്ണമായും ഒഴിവാക്കാനാവുമെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു.