
കോട്ടയം: എൽഡിഎഫ് സർക്കാരിന്റെ ദുർഭരണത്തിൽ വിയോജിപ്പുള്ള ഘടകകക്ഷികളെ ഉൾപ്പെടുത്തി യുഡിഎഫ് വിപുലീകരിക്കണം എന്ന് കോൺഗ്രസ് ചിന്തൻ ശിബിരത്തിലെ പ്രമേയത്തിന്റെ പേരിൽ കോൺഗ്രസ് ഞങ്ങളെ യുഡിഎഫിലേയ്ക്ക് ക്ഷണിച്ചു എന്ന് പ്രചരിപ്പിച്ച് കേരളാ കോൺഗ്രസ് (എം) യുഡിഎഫിൽ കടന്നു കൂടാൻ നാടകം കളിക്കുകയാണെന്ന് കേരളാ കോൺഗ്രസ് കോട്ടയം ജില്ലാ പ്രസിഡന്റ് സജി മഞ്ഞക്കടമ്പിൽ അഭിപ്രായപ്പെട്ടു.
കേരളാ കോൺഗ്രസിന്റെ പിളർപ്പിന് ശേഷം കോട്ടയം ജില്ലാ പഞ്ചായത്തിൽ യുഡിഎഫ് ഉണ്ടാക്കിയ ധാരണ പാലിക്കാതെ യുഡിഎഫ് യോഗത്തിൽ കേരളാ കോൺഗ്രസ് (എം) ന് പങ്കെടുക്കാൻ അർഹതയില്ല എന്ന് അന്നത്തെ കൺവീനർ ബെന്നി ബഹനാൻ പറഞ്ഞപ്പോൾ അത് തങ്ങളെ പുറത്താക്കിയതാണ് എന്ന് പറഞ്ഞ് സ്വയം പുറത്തു പോകുകയായിരുന്നു എന്നും സജി ആരോപിച്ചു.
എൽഡിഎഫിൽ വീർപ്പുമുട്ടി നിൽക്കുന്ന ജോസ് കെ മാണിക്കും കൂട്ടർക്കും ഇപ്പോൾ യുഡിഎഫിലേക്ക് കടന്നു വരാനുള്ള ആഗ്രഹത്തിന്റെ പ്രതികരണമാണ് ഇപ്പോൾ ജോസ് കെ മാണി പക്ഷം നടത്തുന്നതും,കേരളാ കോൺഗ്രസ് (എം) ന് കോട്ടയം ജില്ലയിലെങ്കിലും സ്വാധീനം ഉണ്ടായിരുന്നുവെങ്കിൽ കേരളാ കോൺഗ്രസ് (എം) ന്റെ ചങ്കും കരളുമായിരുന്ന പാലായും, കടുത്തുരുത്തിയും വിജയിയിക്കുമായിരുന്നു എന്നും, യൂഡിഎഫിന്റെ പിൻബലത്തിൽ വിജയിച്ച കോട്ടയം പാർലമെന്റ് എം പി യും, എൽഡിഎഫിന്റെ പിൻബലത്തിൽ ജയിച്ച അഞ്ച് അസംബ്ലി സീറ്റും ഒരു മന്ത്രിയും ലഭിച്ചത് ഒഴിച്ചാൽ കേരളാ കോൺഗ്രസ് (എം) ന്റെ ശക്തി ദയനീയമാണെന്നും സജി പറഞ്ഞു.