തിരുവനന്തപുരം: നിലമാമൂട് ത്രേസ്യാപൂരത്ത് ശാഖാനിവാസില്‍ ശാഖാകുമാരിയുടെ മരണം ഷോക്കേറ്റു തന്നെയെന്ന് പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട്. ശാഖാകുമാരിയുടെ മരണവുമായി ബന്ധപ്പെട്ട് ഭര്‍ത്താവ് അരുണിനെ പോലീസ് അറസ്റ്റു ചെയ്തിരുന്നു. രണ്ടു മാസം മുമ്പായിരുന്നു ഇവരുടെ വിവാഹം.
ശനിയാഴ്ച രാവിലെ ഷോക്കേറ്റ് അബോധാവസ്ഥയിലായെന്നു പറഞ്ഞ് അരുണ്‍ നാട്ടുകാരായ സമീപവാസികളുടെ സഹായത്തോടെയാണ് ശാഖാകുമാരിയെ കാരക്കോണത്തെ സ്വകാര്യ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ എത്തിക്കുകയായിരുന്നു. വീട്ടിനുള്ളില്‍ നിലത്തു കമിഴ്ന്നു കിടക്കുന്ന അവസ്ഥയിലാണ് ശാഖാകുമാരിയെ കണ്ടെത്തിയത്.
ആശുപത്രിയില്‍ എത്തിക്കുന്നതിനും മണിക്കൂറുകള്‍ക്കു മുന്‍പേ മരണം സംഭവിച്ചതായി ഡോക്ടര്‍മാര്‍ കണ്ടെത്തുകയും അസ്വാഭാവിക മരണമായി റിപ്പോര്‍ട്ടു ചെയ്യുകയും ചെയ്തു. സംഭവമറിഞ്ഞ് വിടും പരിസരവും നിരീക്ഷിച്ച നാട്ടുകാരും പോലീസിനോട് സംശയം പറഞ്ഞു.
ക്രിസ്മസ് അലങ്കാരത്തിന്റെ ഭാഗമായി വീടിന്റെ അകത്തും പുറത്തും സീരിയല്‍ ബള്‍ബുകള്‍ ഇട്ടിരുന്നു. ഇതിന് ഉപയോഗിച്ച വയറില്‍ നിന്നാണ് ഷോക്കേറ്റതെന്ന അരുണിന്റെ വാക്കുകള്‍ പോലീസ് മുഖവിലയ്ക്കെടുത്തില്ല. വീടിനുള്ളിലേക്കു വയര്‍ വലിച്ചിട്ടിരുന്നു. എന്നാല്‍ ഈ വയര്‍ യാതൊരു സര്‍ക്യൂട്ടുമായും ബന്ധപ്പെടുത്തിയിരുന്നില്ല. ചോദ്യം ചെയ്യലില്‍ പോലീസിനോട് അരുണ്‍ കുറ്റസമ്മതം നടത്തുകയായിരുന്നു.
ഇവര്‍ തമ്മില്‍ വഴക്കിടാറുണ്ടെന്നു പുറംജോലിക്കു വന്നുപോകുന്ന സ്ത്രീയുടെ മൊഴിയും നിര്‍ണായകമായി. വീട്ടില്‍ കലഹം പതിവാണെന്നു സമീപവാസികളും പറയുന്നു. കഞ്ചാവ് ഉള്‍പ്പെടെയുള്ള മയക്കുമരുന്നുകള്‍ ഇയാള്‍ ഉപയോഗിക്കുന്നതായി നാട്ടുകാര്‍ പറയുന്നു.
ദീര്‍ഘകാലമായി കിടപ്പിലായ മാതാവ് ഫിലോമിനയുമൊത്ത് നിലമാംമൂട് ത്രേസ്യാപുരത്തെ വീട്ടില്‍ അവിവാഹിതയായി താമസിച്ചു വരവെ തന്നേക്കാള്‍ ഏറെ പ്രായം കുറവുള്ള നെയ്യാറ്റിന്‍കര ആറാലുംമൂട് അരുണ്‍ ഭവനില്‍ അരുണിനെ ശാഖാകുമാരി വിവാഹം ചെയ്യുകയായിരുന്നു.
ഇവരുടേത് പ്രണയ വിവാഹമായിരുന്നു. വിവാഹത്തില്‍ വിയോജിപ്പുണ്ടായിരുന്ന ബന്ധുക്കളെ ശാഖാകുമാരി അകറ്റി നിറുത്തി. ബ്യൂട്ടീഷ്യനായി പ്രവര്‍ത്തിച്ചു വരികയായിരുന്നു.
വരന് ധരിച്ച വസ്ത്രം ഉള്‍പ്പെടെ വിവാഹത്തിന്റെ പൂര്‍ണചെലവും വഹിച്ചത് ശാഖാകുമാരി ആയിരുന്നു. കൂടാതെ വരന് കാറും വാങ്ങി നല്കി. ശാഖാകുമാരിയുടെ സ്വര്‍ണാഭരണങ്ങളും വിവാഹനാളില്‍ ധരിച്ചിരുന്ന അഞ്ചു ലക്ഷത്തിലേറെ വിലയുള്ള ഡയമണ്ട് നെക്ലസും കാണാനില്ലന്ന് സംഭവമറിഞ്ഞെത്തിയ അടുത്ത ബന്ധുക്കള്‍ പറയുന്നു.
പത്തേക്കറോളം പുരയിടം ഉള്‍പ്പെടെയുള്ള ശാഖാകുമാരിയുടെ സ്വത്തു തട്ടിയെടുക്കാന്‍ വേണ്ടി പ്രണയം നടിച്ചെത്തിയതാണ് അരുണെന്നാണ് ബന്ധുക്കളും നാട്ടുകാരും പറയുന്നത്.
നെയ്യാറ്റിന്‍കര ഡിവൈഎസ്പി അനില്‍കുമാറിന്റെ നേതൃത്വത്തില്‍ സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ ശ്രീകുമാര്‍, എസ്ഐ ബൈജു എന്നിവര്‍ ഉള്‍പ്പെട്ട സംഘമാണ് അന്വേഷണം നടത്തുന്നത്.