ഫലപ്രഖ്യാപന ദിവസം ഈരാറ്റുപേട്ടയിൽ നിയന്ത്രണം: പോലീസിന് രാഷ്ട്രീയ കക്ഷികളുടെ പിന്തുണ

തദ്ദേശ തെരഞ്ഞടുപ്പ് ഫലപ്രഖ്യാപനവുമായി ബന്ധപ്പെട്ട് ക്രമസമാധാന നില വിലയിരുത്തുന്നതിനായി പാലാ ഡിവൈ.എസ്.പി. സാജു വർഗീസിന്റെ അധ്യക്ഷതയിൽ ഈരാറ്റുപേട്ടയിൽ സർവകക്ഷിയോഗം ചേർന്നു.

വിവിധ രാഷ്ട്രീക കക്ഷികളെ പ്രതിനിധീകരിച്ച് നേതാക്കൾ പങ്കെടുത്തു. കോവിഡ് പശ്ചാത്തലത്തിൽ സർക്കാരിന്റെയും പോലീസിന്റെയും നിർദ്ദേശങ്ങൾ പൂർണമായി പാലിക്കുമെന്ന് കക്ഷി നേതാക്കൾ ഉറപ്പുനൽകി.

Advertisements

സമാധാന അന്തരീക്ഷം നിലനിർത്താൻ സർവകക്ഷിയോഗം പോലീസിനു പൂർണ പിന്തുണ ഉറപ്പുനൽകി

ഫലപ്രഖ്യാപന ദിവസം ഈരാറ്റുപേട്ട കോളേജ് റോഡിൽ വാഹന ഗതാഗതം നിയന്ത്രിക്കും. തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥരുടെ വാഹനങ്ങൾക്ക് സെന്റ്. ജോർജ് ഓഡിറ്റോറിയം ഗ്രൗണ്ടിൽ പാർക്കിങ് അനുവദിക്കും.

ഔദ്യോഗിക വാഹനങ്ങൾക്ക് മാത്രം വോട്ടെണ്ണൽ കേന്ദ്രമായ സെന്റ്. ജോർജ് കോളേജ് പരിസരത്ത് പ്രവേശനം ഉണ്ടായിരിക്കും. കോളേജ് റോഡിൽ പാർക്കിങ് അനുവദിക്കില്ല.

സ്ഥാനാർത്ഥിക്കും ഏജന്റുമാർക്കും മാത്രമാവും വോട്ടെണ്ണൽ കേന്ദ്രത്തിലും പരിസരത്തും പ്രവേശിക്കാൻ അനുവാദം. സ്ഥാനാർത്ഥിയേയും ഏജന്റുമാരെയും ഇറക്കിയശേഷം വാഹനങ്ങൾ കോളേജ് പാലം വഴി കടുവാമൂഴി ബസ് സ്റ്റാൻഡിൽ പാർക്ക്‌ചെയ്യണം.

മറ്റുവാഹനങ്ങളും അരുവിത്തുറ ഭാഗത്തുകൂടി എത്തി കടുവാമൂഴി ബസ് സ്റ്റാൻഡിൽ പാർക്ക്‌ചെയ്യണം.

ഗ്രാമ പഞ്ചായത്തുകളിലെ പ്രവർത്തകരെ വോട്ടെണ്ണൽ ദിവസം ഈരാറ്റുപേട്ട മുൻസിപ്പാലിറ്റിയിൽ പ്രവേശിക്കാതെ അതത് പഞ്ചായത്തുകളിൽ മാത്രം കേന്ദ്രീകരിക്കുവാൻ നിർദ്ദേശം നൽകുമെന്ന് കക്ഷിനേതാക്കൾ ഉറപ്പുനൽകി.

ഫലം അറിഞ്ഞാലുടൻ സ്ഥാനാർത്ഥികളും പ്രവർത്തകരും വോട്ടെണ്ണൽ കേന്ദ്രവും പരിസരവും വിട്ട് അതത് വാർഡുകളിലേക്ക് മടങ്ങണം.

ആഹ്ലാദ പ്രകടനത്തിൽ കോവിഡ് പ്രോട്ടോക്കോൾ കൃത്യമായി പാലിക്കുകയും വാഹനങ്ങളുടെ എണ്ണം പരിമിതപ്പെടുത്തുകയും വേണം. ആഹഌദ പ്രകടനം അതത് വാർഡിൽ മാത്രം ഒതുക്കും.

രാത്രി 8 മണിക്കുശേഷം ഒരു പരിപാടിയും അനുവദിക്കില്ല. അനുവാദമില്ലാതെ ഉച്ചഭാഷിണി ഉപയോഗിച്ചാൽ നിയമ നടപടി സ്വീകരിക്കും. ഫലപ്രഖ്യാപനവുമായി ബന്ധപ്പെട്ട പ്രകടനങ്ങൾ ടൗണിൽ അനുവദിക്കില്ല.

മുൻസിപ്പാലിറ്റിയിൽ ഒരിടത്തും കോവിഡ് മാനദണ്ഡങ്ങൾ ലംഘിച്ച് കൂട്ടം കൂടാൻ അനുവദിക്കില്ല. നിയമലംഘകർക്കെതിരേ കർശന നടപടി സ്വീകരിക്കുമെന്നും ഡിവൈ.എസ്.പി. അറിയിച്ചു.

You May Also Like

Leave a Reply