
ഈരാറ്റുപേട്ട: മകളുടെ വിവാഹാഘോഷത്തിന്റെ ചടങ്ങുകൾ നടത്തിയ അതേപന്തലിൽ അയൽക്കാരന്റെ സംസ്ക്കാര ചടങ്ങുകൾക്കുള്ള അവസരം ഒരുക്കി മതസൗഹാർദ്ദം ഊട്ടി ഉറപ്പിച്ച് മുസ്ലീം കുടുംബം.
പൂഞ്ഞാർ പഞ്ചായത്ത് 3-ാം വാർഡിലെ താമസക്കാരനായ പഴയം പള്ളിൽ റാഷിദാണ് ഇക്കഴിഞ്ഞ ദിവസം അപകടത്തിൽ മരണമടഞ്ഞ കൊങ്ങാട്ടു കുന്നേൽ ബിജുവിന്റെ സംസ്ക്കാര ചടങ്ങുകൾക്കായി തന്റെ മകളുടെ വിവാഹ ചടങ്ങുകൾ നടന്ന മുറ്റത്തെ അതേ പന്തൽ വിട്ടുനൽകി നാടിന് തന്നെ മാതൃകയായത്.
ഇക്കഴിഞ്ഞ ഞായറാഴ്ച യായിരുന്നു റാഷിദിന്റ മകളുടെ വിഹാഹം. ഈ വിവാഹത്തിൽ ആദ്യാവസാനം വരെ പങ്കെടുത്ത ശേഷം അയൽവാസിയും മരംവെട്ടു തൊഴിലാളിയുമായിരുന്ന ബിജു വൈകുന്നേരം 3 മണിയോടെ നടയ്ക്കൽ തേക്കടി മുക്ക് ഭാഗത്ത് റോഡു സൈഡിൽ അപകട ഭീഷണി ഉയർത്തി നിൽക്കുന്ന വാകമരത്തിന്റെ ശിഖിരം വെട്ടിമാറ്റുന്നതിനിടയിൽ മരം കടപുഴകി വീണ് കോട്ടയം മെഡിക്കൽ കോളേജിൽ അത്യാസന്ന നിലയിൽ പ്രവേശിപ്പിച്ചു.
ചൊവ്വാഴ്ച മരണമടഞ്ഞതിനെ തുടർന്ന് വീട്ടിലെത്തിച്ചെങ്കിലും തോട്ടു പുറമ്പോക്കിലെ ഭാര്യയും ഭാര്യാമാതാവും 3 പെൺ മക്കളും അടങ്ങിയ കുടുംബം താമസിച്ചു വന്നിരുന്ന, നിന്ന് തിരിയാൻ പോലും കഴിയാതിരുന്ന ചെറ്റക്കുട്ടിലിനും പരിസരത്തും കഴിയില്ലാ എന്നു മനസ്സിലാക്കിയ അയൽക്കാരനായ റാഷിദ് മൃതദേഹം എത്തുന്നതിന് മണിക്കൂറുകൾക്ക് മുന്നേ തന്റെ വിട്ടുമുറ്റത്തെ വിവാഹം നടന്ന പന്തലിൽ സംസ്ക്കാര ചടങ്ങിനുള്ള പൂജാസാധനങ്ങളും മൃതദേഹം പൊതു ദർശനത്തിനായി കിടത്തുവാനുള്ള സജ്ജീകരണങ്ങളും ഒരുക്കിയിരുന്നു.
മത സൗഹാർദ്ദത്തിന് കോട്ടം തട്ടി വരുന്ന ഈ കാലഘട്ടത്തിൽ റാഷിദ് കാണിച്ച മാതൃക ബന്ധുക്കളും, നാട്ടുകാരും ഒന്നടങ്കം പ്രശംസിച്ചു. ബിജുവിന്റെ മരണത്തോടെ നിരാലംബരായി തീർന്ന സ്വന്തമായി സ്ഥലവും വീടും ഇല്ലാത്ത കുടുംബത്തെ സഹായിക്കാനുള്ള തയ്യാറടുപ്പിലാണ് നാട്ടുകാർ.