വെള്ളപ്പൊക്കം; കോട്ടയത്ത് 132 ദുരിതാശ്വാസ ക്യാമ്പുകള്‍ തുറന്നു, മീനച്ചില്‍ താലൂക്കില്‍ 14 ക്യാമ്പുകള്‍

ശക്തമായ മഴയെത്തുടര്‍ന്ന് നദികളില്‍ ക്രമാതീതമായി ജലനിരപ്പ് ഉയരുകയും പല സ്ഥലങ്ങളിലും ഉരുള്‍പൊട്ടലും മണ്ണിടിച്ചിലും ഉണ്ടാവുകയും ചെയ്ത സാഹചര്യത്തില്‍ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്കും അടിയന്തരഘട്ടങ്ങളിലെ ഇടപെടലിനുമായി പോലീസ് സ്റ്റേഷനുകള്‍ സജ്ജമായിരിക്കുവാന്‍ എല്ലാ സ്റ്റേഷന്‍ ഹൌസ് ഓഫീസര്‍മാര്‍ക്കും ജില്ലാ പോലീസ് മേധാവി ജയദേവ് ജി. ഐ.പി.എസ് നിര്‍ദ്ദേശം നല്‍കി.

ജില്ലയില്‍ അപകടമേഖലകളില്‍ താമസിക്കുന്ന കുടുംബങ്ങള്‍ ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് മാറ്റിക്കൊണ്ടിരിക്കുകയാണ്. ജില്ലയില്‍ വിവിധ താലൂക്കുകളിലായി ഇതുവരെ 132 ദുരിതാശ്വാസ ക്യാമ്പുകള്‍ തുറന്നു.

ചങ്ങനാശേരി താലൂക്കില്‍ 2ഉം കോട്ടയം താലൂക്കില്‍ 82 ഉം വൈക്കം താലൂക്കില്‍ 14 ഉം മീനച്ചില്‍ താലൂക്കിലും കാഞ്ഞിരപ്പള്ളി താലൂക്കിലും 17 വീതം ക്യാമ്പുകളുമാണ് ഇതുവരെ തുറന്നിട്ടുള്ളത്. 990കുടുംബങ്ങളിലെ 3232 പേരാണ് നിലവില്‍ ക്യാമ്പുകളിലുള്ളത്.

ക്യാമ്പുകള്‍ കോവിഡ് പ്രോട്ടോകോള്‍ പാലിച്ചാണ് പ്രവര്‍ത്തിക്കുന്നത്. ചുമതലയുള്ള ഉദ്യോഗസ്ഥര്‍ക്കൊഴികെ പുറത്തുനിന്ന് ആര്‍ക്കും ക്യാമ്പുകളില്‍ പ്രവേശനമില്ല. നിര്‍ദേശങ്ങള്‍ ലംഘിക്കുന്നവര്‍ക്കെതിരെ നിയമനടപടികള്‍ സ്വീകരിക്കുന്നതാണ്.

മഴ ശക്തമാകുന്ന സാഹചര്യത്തില്‍ ജില്ലയിയില്‍ കണ്‍ട്രോള്‍ റൂം തുറന്നിട്ടുണ്ട്. കണ്‍ട്രോള്‍ റൂമില്‍ ബന്ധപ്പെടാന്‍ 04811077 എന്ന നമ്പറില്‍ വിളിക്കുക. അപകട സാധ്യത തോന്നിയാല്‍ കാത്തു നില്‍ക്കാതെ എത്രയും പെട്ടെന്ന് കണ്‍ട്രോള്‍ റൂമുമായി ബന്ധപ്പെടുക. സത്വരമായ ഇടപെടലുകള്‍ വലിയ ദുരന്തങ്ങള്‍ ഒഴിവാക്കും. എല്ലാവരും ജാഗ്രത പാലിക്കുക.

join group new

You May Also Like

Leave a Reply