പാലാ: കർഷക വിപണി ശക്തിപ്പെടുത്താൻ നീലൂർ പ്രൊഡ്യൂസർ കമ്പനിക്ക് കൃഷി വകുപ്പിൻ്റെ ഓണ സമ്മാനമായി ശീതീകരിച്ച റീഫെർ വാൻ നൽകി. നീലൂർ സർവീസ് സഹകരണ ബാങ്കിന്റെ സഹായത്തോടെ ആരംഭിച്ച നീലൂർ പ്രൊഡ്യൂസർ കമ്പനിക്ക് കൃഷി വകുപ്പിന്റെ കർഷക വിപണി ശക്തിപ്പെടുത്തൽ പദ്ധതികളുടെ ഭാഗമായി അനുവദിച്ച ശീതീകരിച്ച വാനിന്റെ താക്കോൽ ദാനം കൃഷി വകുപ്പ് മന്ത്രി ശ്രീ. പി. പ്രസാദ് നിർവഹിച്ചു.
കമ്പനിയുടെ ചെയർമാനും നീലൂർ സർവീസ് സഹകരണ ബാങ്കിന്റെ പ്രസിഡണ്ടുമായ മത്തച്ഛൻ ഉറുമ്പുകാട്ട് മന്ത്രിയിൽ നിന്നും വാനിൻ്റെ താക്കോൽ ഏറ്റുവാങ്ങി. പദ്ധതി പ്രകാരം കോട്ടയം ജില്ലയിൽ നീലൂർ പ്രൊഡ്യൂസർ കമ്പനിക്ക് മാത്രമാണ് ശീതീകരണ സംവിധാനത്തോടെയുള്ള വാൻ ലഭിച്ചത്. നബാർഡിൻ്റെ സഹായവും കമ്പനിക്കുണ്ട്. പഴങ്ങളും പച്ചക്കറികളും കേടുകൂടാതെ സംഭരിക്കുന്നതിനും ഒരു സ്ഥലത്തുനിന്ന് മറ്റൊരു സ്ഥലത്ത് എത്തിക്കുന്നതിനും അതുമൂലം കർഷകർക്ക് മെച്ചപ്പെട്ട വില ലഭിക്കുന്നതിനും സാധിക്കുമെന്നും കൃഷി വകുപ്പ് മന്ത്രി പി. പ്രസാദ് പറഞ്ഞു.
കൃഷി വകുപ്പ് സെക്രട്ടറി ബി. അശോക്, കാർഷികോല്പാദന കമ്മിഷണർ ഇഷിത റോയ്, കൃഷി വകുപ്പ് ഡയറക്ടർ ടി. പി. സുഭാഷ്, കമ്പനി സി. ഇ. ഒ. സിബി മാത്യു ചടങ്ങിൽ തുടങ്ങിയവർ സംബന്ധിച്ചു.
കാർഷിക മൂല്യവർദ്ധിത ഉല്പന്ന നിർമ്മാണത്തിനും വിതരണത്തിനും വിഭവ ശേഖരണത്തിനും ശീതീകരണ സംവിധാനമുള്ള വാഹനം ലഭിച്ചിരിക്കുന്നത ത് വളരെ സഹായകരമാകുമെന്ന് ബാങ്ക് പ്രസിഡണ്ടും കമ്പനി ചെയർമാനുമായ മത്തച്ചൻ ഉറുമ്പുകാട്ട് പറഞ്ഞു.
കടനാട് പഞ്ചായത്തിലെ എല്ലാ മേഖലകളിൽ നിന്നും തനിമ നഷ് ടമാകാതെ പച്ചക്കറികളും കാർഷികവിഭവങ്ങളും രേഖരിക്കുന്നതിനും വിപണിയിൽ എത്തിക്കുന്നതിനും കൃഷി വകുപ്പ് നൽകിയ റീഫർ വാൻ പ്രയോജനപ്പെടുത്തുമെന്ന് അദ്ദേഹം അറിയിച്ചു.