തലയില്‍ ഹാന്‍ഡില്‍ തുളച്ചുകയറിയത് ശസ്ത്രക്രിയയിലൂടെ പരിഹരിച്ച് മാര്‍ സ്ലീവാ മെഡിസിറ്റി പാലാ

പാലാ: കളിച്ചുകൊണ്ടിരിക്കെ സൈക്കിളില്‍ നിന്നു വീണ് ഹാന്‍ഡില്‍ തലയില്‍ തുളച്ചു കയറിയത് ശസ്ത്രക്രിയയിലൂടെ പരിഹരിച്ച് മാര്‍ സ്ലീവാ മെഡിസിറ്റിയിലെ ഡോക്ടര്‍മാര്‍. മുണ്ടക്കയം സ്വദേശിയായ 8 വയസ്സുള്ള കുട്ടിയ്ക്കാണ് ശസ്ത്രക്രിയയിലൂടെ പൂര്‍ണ്ണ സൗഖ്യം ലഭിച്ചത്.

സഹോദരനോടൊപ്പം വീട്ടുമുറ്റത്ത് സൈക്കിള്‍ ഓടിച്ചു കളിക്കുമ്പോഴാണ് അപകടം സംഭവിച്ചത്. നിയന്ത്രണം വിട്ടുമറിഞ്ഞ സൈക്കിളിന്റെ ഹാന്‍ഡില്‍ കുട്ടിയുടെ ഇടതുകണ്ണിനു മുകളില്‍ തുളച്ചു കയറുകയായിരുന്നു.

തലയോട് പൊട്ടി തലച്ചോറിനുള്ളിലേക്ക് കയറിയ സൈക്കിള്‍ ഹാന്‍ഡില്‍ തലച്ചോര്‍ ആവരണം ചെയ്യുന്ന മെനിഞ്ചസിനു സാരമായ പരിക്കേല്പിച്ചു.

അസഹനീയമായ വേദനയുമായി കുട്ടിയെ വേഗം മെഡിസിറ്റി അത്യാഹിത വിഭാഗത്തിലെത്തിക്കുകയും ന്യൂറോ സര്‍ജറി വിഭാഗത്തിലെ കണ്‍സള്‍ട്ടന്റുമാര്‍ കുട്ടിയെ പരിശോധിക്കുകയും കുട്ടിയുടെ കണ്ണിന്റെ പിറകിലുള്ള ഒപ്റ്റിക് ഞരമ്പിന്റെ തൊട്ടടുത്തുകൂടെയാണ് സൈക്കിളിന്റെ ഹാന്‍ഡില്‍ തുളഞ്ഞുകയറിയത് എന്ന് കണ്ടെത്തുകയും ചെയ്തു.

ന്യൂറോ സര്‍ജറി വിഭാഗം സീനിയര്‍ കണ്‍സ?ട്ടന്റ് ഡോ. സന്തോഷ് ജോര്‍ജ് തോമസിന്റെ നേതൃത്വത്തില്‍ ന്യൂറോ സര്‍ജന്‍ ഡോ. അരുണ്‍ ബാബു ജോസഫ്, അനസ്‌തേഷ്യോളജി വിഭാഗം ഡോക്ടര്‍മാരായ ഡോ. സേവ്യര്‍ ജോണ്‍, ഡോ. അഭിജിത് കുമാര്‍ എന്നിവരടങ്ങുന്ന ടീം ആറു മണിക്കൂര്‍ നീണ്ടുനിന്ന ശസ്ത്രക്രിയ വിജയകരമായി പൂര്‍ത്തിയാക്കി.

കുട്ടിയുടെ തലയോട്ടി തുറന്ന് ഒടിഞ്ഞ എല്ല് തലച്ചോറില്‍ നിന്നും എടുത്തുമാറ്റിയശേഷം തുടയില്‍നിന്നെടുത്ത കോശം ഉപയോഗിച്ച് മെനിഞ്ചസ് പുനര്‍നിര്‍മ്മിക്കുകയും ഒടിഞ്ഞ എല്ല് പൂര്‍വ്വ സ്ഥിതിയിലാക്കുകയും ചെയ്തു.

7 ദിവസത്തെ റീഹാബിലിറ്റേഷന്‍ ഫിസിയോതെറാപ്പിക്കുശേഷം കുട്ടി ആശുപത്രി വിട്ടു. മെഡിസിറ്റിയിലെ ന്യൂറോ സര്‍ജറി വിഭാഗം ഡോക്ടര്‍മാരുടെയും അനസ്‌തേഷ്യോളജി ഡോക്ടര്‍മാരുടെയും പ്രവര്‍ത്തന മികവും കുട്ടിയുടെ മനോധൈര്യവുമാണ് കാഴ്ചയെ ബാധിക്കാതെ ശസ്ത്രക്രിയ വിജയകരമായി പൂര്‍ത്തിയാക്കാന്‍ സാധിച്ചത് എന്ന് മെഡിസിറ്റി എക്‌സിക്യുട്ടീവ് ഡയറക്ടര്‍ മോണ്‍. അബ്രാഹം കൊല്ലിത്താനത്തുമലയില്‍ പറഞ്ഞു.

💞💞💞 പാലാവാര്‍ത്ത.com വാര്‍ത്തകള്‍ മൊബൈലില്‍ ലഭിക്കാന്‍ വാട്‌സാപ്പ് ഗ്രൂപ്പില്‍ അംഗമാകൂ. 🙏🙏🙏

Leave a Reply

%d bloggers like this: