മീനച്ചിലാറ്റിലും മണിമലയാറ്റിലും ജലനിരപ്പ് ഉയര്‍ന്നു; കൂട്ടിക്കല്‍ മേലേത്തടത്ത് നേരിയ ഉരുള്‍പൊട്ടലും; ജാഗ്രത പാലിക്കണമെന്ന് നിര്‍ദേശം

കോട്ടയം: കനത്ത മഴയെത്തുടര്‍ന്ന് മീനച്ചിലാറ്റിലും മണിമലയാറ്റിലും ജലനിരപ്പ് ഉയരുകയും കൂട്ടിക്കല്‍ മേലേത്തടത്ത് നേരിയ ഉരുള്‍പൊട്ടല്‍ ഉണ്ടാവുകയും ചെയ്ത സാഹചര്യത്തില്‍ കോട്ടയം ജില്ലയിലെ ദുരന്തസാധ്യതാ മേഖലകളില്‍ മുന്‍കരുതല്‍ നടപടികള്‍ ഊര്‍ജ്ജിതമാക്കി.

ജില്ലാ കളക്ടറുടെ നിര്‍ദേശപ്രകാരം ജില്ലാ, താലൂക്ക് ഇന്‍സിഡന്റ് റസ്‌പോണ്‍സ് ടീമും പോലീസും ഫയര്‍ഫോഴ്‌സും ചേര്‍ന്ന് ആളുകളെ ഒഴിപ്പിക്കുന്നതിന് നടപടികള്‍ സ്വീകരിച്ചു.

കൂട്ടിക്കലില്‍ അപകട സാധ്യതയുള്ള പ്രദേശങ്ങളില്‍നിന്നും ആളുകളെ ഏന്തയാര്‍ ജെ.ജെ. മര്‍ഫി സ്‌കൂളിലെ ദുരിതാശ്വാസ ക്യാമ്പിലേക്ക് മാറ്റി. ദുരന്ത നിവാരണ അതോറിറ്റിയുടെ ജാഗ്രതാ നിര്‍ദേശത്തെ തുടര്‍ന്ന് കൂട്ടിക്കലിലെ നാലു കുടുംബങ്ങള്‍ നേരത്തെ തന്നെ ബന്ധുക്കളുടെ വീടുകളിലേക്ക് മാറിയിരുന്നു.

മണിമലയാറ്റില്‍ ജലനിരപ്പ് ഉയര്‍ന്നതിനാല്‍ ഇടക്കുന്നം, മുണ്ടക്കയം, കോരുത്തോട്, എരുമേലി വടക്ക് മേഖലകളില്‍ ജാഗ്രതാ നിര്‍ദേശം നല്‍കി. വല്യേന്ത മേഖലയില്‍ പുല്ലകയാറ്റില്‍നിന്നും വെള്ളം കയറി ജലനിരപ്പ് ഉയര്‍ന്നിട്ടുണ്ട്.

മീനച്ചിലാറിന്റെയും മണിമലയാറിന്റെയും തീരങ്ങളില്‍ താമസിക്കുന്നവര്‍ ജാഗ്രത പുലര്‍ത്തണമെന്ന് ജില്ലാ കളക്ടര്‍ അറിയിച്ചു. ജലനിരപ്പ് തുടര്‍ച്ചയായി നിരീക്ഷിക്കുന്നതിന് കളക്ടര്‍ ഹൈഡ്രോളജി വകുപ്പ് ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്.

കാലവര്‍ഷ ദുരന്ത നിവാരണവുമായി ബന്ധപ്പെട്ട അടിയന്തര സഹായത്തിനും വിവരങ്ങള്‍ നല്‍കുന്നതിനും പൊതുജനങ്ങള്‍ക്ക് കോട്ടയം കളക്ടറേറ്റിലും താലൂക്ക് ഓഫീസുകളിലും 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന കണ്‍ട്രോള്‍ റൂമുകളില്‍ ബന്ധപ്പെടാം.

കാലവര്‍ഷ ദുരന്ത നിവാരണം; കണ്‍ട്രോള്‍ റൂമുകളും ഫോണ്‍ നമ്പരുകളും

കളക്ടറേറ്റ് കണ്‍ട്രോള്‍ റൂം: 0481 2565400, 2566300, 9446562236, 1077(ടോള്‍ ഫ്രീ)

താലൂക്ക് കണ്‍ട്രോള്‍ റൂമുകള്‍

  • കോട്ടയം – 0481 2568007,
  • മീനച്ചില്‍ -048222 12325
  • വൈക്കം – 04829 231331
  • കാഞ്ഞിരപ്പള്ളി – 04828 202331
  • ചങ്ങനാശേരി – 04812 420037
join group new

Maxin Francis

Hi It's me, Maxin Francis! I'm a journalist by profesion and passion while blogging is my hobby, web designing, digital marketing and social media are all my cups of tea.

Leave a Reply

%d bloggers like this: