Ramapuram News

എല്ലാ കുടുംബങ്ങളിലും വിഷരഹിത പച്ചക്കറികൾ ഉൽപാദിപ്പിക്കണം : മാണി സി കാപ്പൻ

രാമപുരം: എല്ലാ കുടുംബങ്ങളിലും അവർക്കാവശ്യമായ പച്ചക്കറികൾ ഉത്പാദിപ്പിച്ച് മാരകങ്ങളായ രോഗങ്ങളിൽ നിന്നും രക്ഷനേടണമെന്ന് മാണി സി കാപ്പൻ എം എൽ എ പറഞ്ഞു. മറ്റ് സംസ്ഥാനങ്ങളിൽ നിന്നു വരുന്ന മാരക വിഷാംശമുള്ള പച്ചക്കറികളെയാണ് നാം ഇപ്പോൾ ആശ്രയിച്ചുവരുന്നത്. സ്വന്തമായി പച്ചക്കറികൾ ഉത്പാദിപ്പിച്ച് ഉപയോഗിക്കുകവഴി എല്ലാവരും ആരോഗ്യമുള്ളവരായിത്തീരുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ജനങ്ങളിൽ കാർഷിക സംസ്കാരം ഉണർത്തുന്നതിനും അതിലൂടെ കേരളത്തിൽ ഭക്ഷ്യ സ്വയം പര്യാപ്തത കൈവരിക്കുന്നതിനും ലക്ഷ്യമിട്ട് വിവിധ വകുപ്പുകളുടെ സഹകരണത്തോടെ സംസ്ഥാന സർക്കാരിന്റെ ഞങ്ങളും കൃഷിയിലേക്ക് എന്ന ബൃഹത് പദ്ധതിയുടെ രാമപുരം പഞ്ചായത്തുതല ഉദ്ഘാടനം നിർവ്വഹിച്ച്‌ സംസാരിക്കുകയായിരുന്നു എം എൽ എ.

പഞ്ചായത്ത് ഓപ്പൺ ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഷൈനി സന്തോഷ് അദ്ധ്യക്ഷത വഹിച്ചു. ഉഴവൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ബൈജു ജോൺ പുതിയിടത്തുചാലിൽ പച്ചക്കറി വിത്തുകളുടെ വിതരണ ഉദ്ഘാടനവും മുഖ്യ പ്രഭാഷണം ജില്ലാ പഞ്ചായത്തംഗം പി എം മാത്യുവും നിർവ്വഹിച്ചു.

ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഡോ. സിന്ധുമോൾ ജേക്കബ്ബ്, ബ്ലോക്ക് പഞ്ചായത്തംഗം സ്മിത അലക്സ്, ഗ്രാമപഞ്ചായത്തംഗങ്ങളായ മനോജ് ജോർജ്ജ്, കവിത മനോജ്, സണ്ണി അഗസ്റ്റിൻ പൊരുന്നക്കോട്ട്, റോബി തോമസ്, സുശീല കുമാരി മനോജ്, വിജയകുമാർ ടി ആർ, ആൻസി ബെന്നി, കാർഷിക വികസന സമിതിയംഗം എം ആർ രാജു എന്നിവർ ആശംസകളർപ്പിച്ച് സംസാരിച്ചു.

ഗ്രാമപഞ്ചായത്ത് സ്റ്റാന്റിംഗ് കമ്മിറ്റി ചെയർ പേഴ്സൺ സൗമ്യ സേവ്യർ സ്വാഗതവും കൃഷി ഓഫീസർ പ്രജിത പ്രകാശ് നന്ദിയും പറഞ്ഞു.

Leave a Reply

Your email address will not be published.