രാമപുരം: മനുഷ്യന്റെ മഹത്വം മനസ്സിലാക്കുന്നത് മനസിന്റെ വലിപ്പമനുസരിച്ചെന്ന് ഗോവ ഗവർണ്ണർ പി എസ് ശ്രീധരൻ പിള്ള. മാർ ആഗസ്തീനോസ് കോളേജിൽ സംഘടിപ്പിച്ച ‘ഐഡിയത്തോൺ’മത്സരത്തിന്റെ അവാർഡ് ദാന സമ്മേളനം ഉദ്‌ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
ആധുനിക കമ്പ്യൂട്ടർ യുഗത്തിൽ യുവതലമുറ, മസ്തിഷ്ക്കം മരവിപ്പിച്ചു നിർത്തരുത് . മസ്തിഷ്ക്കത്തിന് ബദലാകാൻ കംപ്യൂട്ടറിന് കഴിയില്ല . കഠിനാധ്വാനവും സ്ഥിരോത്സാഹവും ഉള്ളവർ മാത്രമേ ലോകത്ത് വിജയം നേടിയിട്ടുള്ളു. വിദ്യാഭ്യാസത്തിന്റെ ഏറ്റവും വലിയ നേട്ടം അത് ആത്മ വിശ്വാസം വർധിപ്പിക്കുന്നുവെന്നാണ്. അതിലൂടെ ഏല്ലാ വൈവിധ്യങ്ങളെയും ഉൾകൊള്ളാൻ കരുതലുണ്ടാകും . അതിന് യുവതലമുറക്ക് കഴിയണമെന്ന് അദ്ദേഹം ഓർമ്മിപ്പിച്ചു.
കേരളത്തിലെ ഹയർ സെക്കണ്ടറി വിദ്യാർഥികൾക്കായി മാർ ആഗസ്തീനോസ് കോളേജ് സംഘടിപ്പിച്ച ഐഡിയത്തോൺ മത്സര വിജയികൾക്കുള്ള അവാർഡ് ദാനം ഗവർണ്ണർ നിർവ്വഹിച്ചു. തുടർന്ന് വിദ്യാർത്ഥികളുമായി അദ്ദേഹം കോളേജ് വിദ്യാർത്ഥികളുമായി സംവദിച്ചു. സാമൂഹ്യ സാംസ്‌കാരിക രംഗത്തെ നിരവധി പ്രമുഖർ ചടങ്ങിൽ പങ്കെടുത്തു.


കോളേജ് മാനേജർ റവ. ഡോ . ജോർജ് വർഗീസ് ഞാറക്കുന്നേൽ അധ്യക്ഷത വഹിച്ച സമ്മേളനത്തിൽ മാണി സി. കാപ്പൻ എം. എൽ. എ., രാമപുരം പഞ്ചായത്ത് പ്രസിഡന്റ് ഷൈനി സന്തോഷ്, പ്രിൻസിപ്പൽ ഡോ ജോയി ജേക്കബ് , വൈസ് പ്രിൻസിപ്പൽ ഫാ.ജോസഫ് ആലഞ്ചേരി , കോളേജ് കൗൺസിൽ ചെയർമാൻ സനൂപ് ചാക്കോ തുടങ്ങിയവർ ആശംസ അർപ്പിച്ചു പ്രസംഗിച്ചു.
വൈസ് പ്രിൻസിപ്പൽ സിജി ജേക്കബ് , അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസർ രാജീവ് ജോസഫ്, അഡ്മിനിസ്‌ട്രേറ്റീവ് എക്സിക്യൂട്ടീവ് പ്രകാശ് ജോസഫ് , ഡോ. സജേഷ് കുമാർ , അഭിലാഷ് വി എന്നിവർ നേതൃത്വം നൽകി.