തമിഴകം ഭരിക്കാന്‍ സ്‌റ്റൈല്‍മന്നന്‍; രജനികാന്തിന്റെ പാര്‍ട്ടി പ്രഖ്യാപനം ഡിസംബര്‍ 31ന്

ചെന്നൈ: തെന്നിന്ത്യന്‍ സൂപ്പര്‍ താരം രജനികാന്തിന്റെ നേതൃത്വത്തിലുള്ള പുതിയ രാഷ്ട്രീയ പാര്‍ട്ടി പ്രഖ്യാപനം ഡിസംബര്‍ 31ന് നടക്കും. രജനികാന്ത് ട്വിറ്ററിലൂടെയാണ് ഇക്കാര്യം അറിയിച്ചത്. 2021 ജനുവരി മാസത്തില്‍ പാര്‍ട്ടി പ്രവര്‍ത്തനം ആരംഭിക്കുമെന്നും അറിയിച്ചിട്ടുണ്ട്.

രജനിയുടെ രാഷ്ട്രീയ പ്രവേശനം സംബന്ധിച്ച് നിരവധി വാര്‍ത്തകളും ഊഹാപോഹങ്ങളും ഏറെക്കാലമായി പ്രചരിച്ചിരുന്നു. അടുത്തിടെ അമിത് ഷായും ആര്‍എസ്എസ് നേതൃത്വവും ഇടപെട്ടിട്ടും അദ്ദേഹം ബിജെപിയുമായി കൈകോര്‍ക്കാന്‍ തയാറായിരുന്നില്ല.

Advertisements

രാഷ്ട്രീയ ഉപദേശകന്‍ തമിഴരുവി മണിയനുമായി സൂപ്പര്‍ താരം ഇന്നു രാവിലെ ചര്‍ച്ച നടത്തിയിരുന്നു. പോയസ് ഗാര്‍ഡനില്‍ താരത്തിന്റെ വസതിയില്‍ നടന്ന ചര്‍ച്ച ഒരു മണിക്കൂറിലേറെ നീണ്ടു. രജനിയുടെ ആരോഗ്യമാണു പ്രധാനമെന്നും പാര്‍ട്ടി രൂപീകരിക്കുമോയെന്ന് അദ്ദേഹം തന്നെ പ്രഖ്യാപിക്കുമെന്നുമാണ് കൂടിക്കാഴ്ചയ്ക്കു ശേഷം മണിയന്‍ പറഞ്ഞത്. പിന്നാലെയാണ് രാഷ്ട്രീയ പാര്‍ട്ടി ഡിസംബര്‍ 31ന് പ്രഖ്യാപിക്കുമെന്ന് ട്വിറ്ററില്‍ രജനിയുടെ അറിയിപ്പുണ്ടായത്.

തമിഴ്‌നാട്ടില്‍ 2021 ഏപ്രില്‍-മേയ് മാസങ്ങളില്‍ നിയമസഭാ തെരഞ്ഞെടുപ്പു നടക്കാനിരിക്കെ രജനികാന്തിന്റെ രാഷ്ട്രീയ പ്രവേശനം തമിഴകം മാത്രമല്ല ഇന്ത്യ മുഴുവന്‍ ഉറ്റുനോക്കുകയാണ്.

തമിഴ്‌നാട്ടിലെ പ്രബല പാര്‍ട്ടികളായ ഡിഎംകെ, അണ്ണാ ഡിഎംകെ എന്നിവര്‍ക്ക് പുറമേ കമല്‍ഹാസന്റെ മക്കള്‍ നീതി മയ്യം എന്ന പാര്‍ട്ടിയും നിലവില്‍ ശക്തമായി രംഗത്തുണ്ട്. പ്രബല രാഷ്ട്രീയ കക്ഷികള്‍ക്കിടയില്‍ സൂപ്പര്‍ താരത്തിന് എന്ത് ചലനമുണ്ടാക്കാന്‍ കഴിയുമെന്നാണ് രാഷ്ട്രീയ ലോകത്തിന്റെ ശ്രദ്ധ.

You May Also Like

Leave a Reply