രാജമല മണ്ണിടിച്ചില്‍: 3 പേരുടെ മൃതദേഹങ്ങള്‍ കൂടി കണ്ടെത്തി, ആകെ മരണം 55 ആയി; ഇനി കണ്ടെത്താനുള്ളത് 15 പേരെ

ഇടുക്കി: രാജമല പെട്ടിമുടിയിലെ മണ്ണിടിച്ചിലില്‍ അകപ്പെട്ടവര്‍ക്കായുള്ള തിരച്ചിലിന്റെ ആറാം ദിവസം മൂന്നു പേരുടെ കൂടി മൃതദേഹങ്ങള്‍ കണ്ടെത്തി. സുമതി ചെല്ലദുരൈ (50), നാദിയ കണ്ണന്‍ (12), ലക്ഷണശ്രീ ഭാരതിരാജ (9) എന്നിവരുടെ മൃതദേഹങ്ങളാണ് ഇന്ന് കണ്ടെത്തിയത്.

ഇതോടെ പെട്ടിമുടി മണ്ണിടിച്ചിലില്‍ മരണപ്പെട്ടവരുടെ എണ്ണം 55 ആയി. ദുരന്തത്തില്‍ അകപ്പെട്ട 15 പേരെ ഇനിയും കണ്ടെത്താനുണ്ട്. പെട്ടിമുടിയില്‍ ഇന്ന് പകല്‍ മഴ ഇല്ലാതിരുന്നത് തിരച്ചില്‍ ജോലികള്‍ക്ക് സഹായകരമായി.

ദുരന്തഭൂമിക്ക് സമീപത്തുകൂടി ഒഴുകുന്ന പുഴ കേന്ദ്രീകരിച്ചായിരുന്നു കൂടുതല്‍ തിരച്ചില്‍ നടന്നത്. ഈ രീതിയില്‍ നടന്ന തിരച്ചിലിലൂടെയാണ് 3 മൃതദേഹങ്ങളും കണ്ടെത്തിയത്.

ദുരന്തമുണ്ടായ പെട്ടിമുടിയില്‍ നിന്നും ഏതാനും കിലോമീറ്റര്‍ മാത്രം ദൂരത്തുള്ള ഗ്രാവല്‍ ബങ്കില്‍ വീടുകളുടെയും വാഹനങ്ങളുടെയും അവശിഷ്ടങ്ങളും വലിയ അളവില്‍ മണ്ണും മണലും വന്നടിഞ്ഞിട്ടുണ്ട്. ഇവിടേക്ക് കൂടുതല്‍ മണ്ണ് മാന്തിയന്ത്രങ്ങള്‍ എത്തിച്ച് മണല്‍ നീക്കിയും അവശിഷ്ടങ്ങള്‍ നീക്കിയും തിരച്ചില്‍ നടത്തി.

പുഴയുടെ ഇരുകരകളിലും മണ്ണ് മാന്തി യന്ത്രങ്ങളുടെ സഹായത്താല്‍ തിരച്ചില്‍ ഊര്‍ജ്ജിതപ്പെടുത്തിയിട്ടുണ്ട്. ഗ്രാവല്‍ ബങ്കിന് താഴ് ഭാഗത്തേക്കുള്ള പുഴയോരത്തും തിരച്ചില്‍ നടത്തുന്നുണ്ട്. ലയങ്ങള്‍ സ്ഥിതി ചെയ്തിരുന്ന ദുരന്തഭൂമിയിലും തിരച്ചില്‍ തുടര്‍ന്നു.

മണ്ണ് മാന്തിയന്ത്രങ്ങളുടെ സഹായത്താല്‍ ഇവിടെ ഏറെക്കുറെ എല്ലായിടത്തും പലതവണ മണ്ണ് നീക്കി പരിശോധന നടത്തി കഴിഞ്ഞു. രണ്ട് ദിവസമായി ഈ മേഖലയില്‍ നിന്ന് ആരെയും കണ്ടെത്താന്‍ സാധിച്ചിട്ടില്ല.

എന്‍ഡിആര്‍എഫ്, പോലീസ്, ഫയര്‍ഫോഴ്‌സ്, വനംവകുപ്പ് തുടങ്ങിയ വിവിധ സേനകളുടെയും സന്നദ്ധപ്രവര്‍ത്തകരുടെയും വിവിധ ജനപ്രതിനിധികളുടെയും ഉദ്യോഗസ്ഥ പ്രതിനിധികളുടെയും നേതൃത്വത്തിലാണ് തിരച്ചില്‍ ജോലികള്‍ പുരോഗമിക്കുന്നത്.

പാലാവാര്‍ത്ത.com വാര്‍ത്തകള്‍ മൊബൈലില്‍ ലഭിക്കാന്‍ വാട്‌സാപ്പ് ഗ്രൂപ്പില്‍ അംഗമാകൂ.

You May Also Like

Leave a Reply