ക്വാറന്റയിന്‍ കേന്ദ്രത്തില്‍ നിന്നു പോകുന്നവര്‍ക്ക് രോഗബാധ; റിസള്‍ട്ട് വന്നതിനു ശേഷം മാത്രം പറഞ്ഞയയ്ക്കാവൂ എന്ന് ആവശ്യമുയരുന്നു

പാലാ: ക്വാറന്റയിന്‍ പൂര്‍ത്തിയാക്കി വീടുകളിലേക്ക് പോകുന്നവര്‍ക്ക് രോഗം സ്ഥിരീകരിക്കുന്നത് ആശങ്ക ഉണര്‍ത്തുന്നു. ശനിയാഴ്ച മാത്രം രണ്ടു സമാന കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്.

ക്വാറന്റയിന്‍ പൂര്‍ത്തിയാക്കി മടങ്ങിയ കിടങ്ങൂര്‍ സ്വദേശിക്കും 10 ദിവസം ക്വാറന്റയിനില്‍ കഴിഞ്ഞു മടങ്ങിയ ഈരാറ്റുപേട്ടയില്‍ സ്ഥിരതാമസമാക്കിയ തമിഴ്‌നാട് സ്വദേശിക്കുമാണ് രോഗം സ്ഥിരീകരിച്ചത്.

രണ്ടുപേരും വീട്ടിലെത്തിയതിനു ശേഷമാണ് ഇവരുടെ ഫലം എത്തിയത്. കിടങ്ങൂര്‍ സ്വദേശി മരുന്നുകടയിലും ഇറച്ചിക്കടയിലും കയറിയതായി സൂചനയുണ്ട്. ഇതനുസരിച്ച് ഇയാള്‍ എത്തിയ കടകളിലുള്ളവരും നിരീക്ഷണത്തില്‍ പോകേണ്ടി വരും.

ഈരാറ്റുപേട്ടയില്‍ രോഗം സ്ഥിരീകരിച്ച തമിഴ്‌നാട് സ്വദേശി ഓട്ടോയിലാണ് ഈരാറ്റുപേട്ടയിലെത്തിയത്. ഇയാള്‍ക്കും വീട്ടിലെത്തിയതിനു ശേഷമാണ് രോഗബാധ സ്ഥിരീകരിച്ചെന്ന റിപ്പോര്‍ട്ട് കിട്ടുന്നത്.

കൂട്ടുകുടുംബമെന്ന പോലെ കഴിയുന്ന കുടുംബമാണ് ഇയാളുടേത്. ഇയാള്‍ക്കു രോഗം സ്ഥിരീകരിച്ചതോടെ കുടുംബത്തിലെ പത്തു വയസില്‍ താഴെ പ്രായമുള്ള ആറു കുട്ടികള്‍ ഉള്‍പ്പെടെ 13 പേരെയാണ് ഫസ്റ്റ് ലൈന്‍ ട്രീറ്റ്‌മെന്റ് സെന്ററിലേക്ക് മാറ്റേണ്ടി വന്നത്.

ഇയാള്‍ വീട്ടിലും ആരുമായും സമ്പര്‍ക്കം പുലര്‍ത്തിയിട്ടില്ലെന്നാണ് വിവരം. എന്നിരുന്നാലും മുന്‍കരുതല്‍ നടപടിയെന്ന നിലയ്ക്കാണ് യുവാവിന്റെ ഭാര്യയെയും മറ്റു കുടുംബാംഗങ്ങളെയും സഹിതം ഫസ്റ്റ് ലൈന്‍ ട്രീറ്റ്‌മെന്റ് സെന്ററിലേക്ക് മാറ്റിയത്.

ഇതോടെ ക്വാറന്റയിനില്‍ കഴിയുന്നവരുടെ റിസള്‍ട്ട് അറിഞ്ഞതിനു ശേഷം മാത്രമേ ഇവരെ പുറത്തുവിടാവൂ എന്ന് ആവശ്യമുയര്‍ന്നിട്ടുണ്ട്.

അതേ സമയം, 14 ദിവസത്തെ ക്വാറന്റയിന്‍ തീര്‍ത്തു പോകുന്നവരോട് രണ്ടാഴ്ച കൂടെ ആരുമായും സമ്പര്‍ക്കത്തില്‍ ഏര്‍പ്പെടാതെ റൂം ക്വാറന്റയിനില്‍ കഴിയണമെന്ന നിര്‍ദേശം നല്‍കിയാണ് എല്ലാവരെയും വീട്ടിലേക്ക് അയയ്ക്കുന്നതെന്ന് അധികൃതര്‍ പറയുന്നു.

join group new

Maxin Francis

Hi It's me, Maxin Francis! I'm a journalist by profesion and passion while blogging is my hobby, web designing, digital marketing and social media are all my cups of tea.

Leave a Reply

%d bloggers like this: