Main News

ചരിത്ര വിജയം നേടി ചാണ്ടി ഉമ്മൻ; സിപിഐഎം കോട്ടകളും ജെയ്ക്കിനെ കൈവിട്ടു

പുതുപ്പള്ളിയിൽ ഉമ്മൻ ചാണ്ടിയുടെ പിൻഗാമിയായി മകൻ ചാണ്ടി ഉമ്മൻ. 36454 വോട്ടിന്റെ റെക്കോഡ് ഭൂരിപക്ഷമാണ് ഇപ്പോൾ ഉള്ളത്. അവസാന ഫലം വരുമ്പോൾ വിത്യാസം വന്നേക്കാം. പുതുപ്പള്ളിയില്‍ മൂന്നാമങ്കത്തിലും പുതുപ്പള്ളി ജെയ്കിനെ തുണച്ചില്ല.

സിപിഐഎം കോട്ടകളില്‍ ഉള്‍പ്പെടെ ചാണ്ടി ഉമ്മന്‍ ലീഡുയര്‍ത്തി. ജെയ്ക് പ്രതീക്ഷ വച്ച മണര്‍കാട് പോലും എല്‍ഡിഎഫിനെ കൈവിട്ടു. മണര്‍കാട് മുഴുവന്‍ ബൂത്തുകളിലും ചാണ്ടി ഉമ്മന്‍ തന്നെയാണ് ലീഡ് ചെയ്തത്.

53 കൊല്ലം ഉമ്മൻ ചാണ്ടി എന്ത് ചെയ്തു എന്നുള്ളതിന് പുതുപ്പള്ളി നൽകിയ ഉത്തരമാണ് ഈ വിജയം എന്നും ഇനി പുതുപ്പള്ളിയുടെ ഭാവി ചാണ്ടി ഉമ്മന്റെ കയ്യിൽ ഭദ്രമാണെന്നും ഉമ്മൻ ചാണ്ടിയുടെ ഇളയ മകൾ അച്ചു ഉമ്മൻ പറഞ്ഞു. ഇത് അപ്പയുടെ 13-ാം വിജയമാണ് വികസന തുടർച്ചക്ക് വേണ്ടിയാണ് പുതുപ്പള്ളി വോട്ട് ചെയ്തത് എന്ന് ചാണ്ടി ഉമ്മൻ പ്രതികരിച്ചു.

പുതുപ്പള്ളിയില്‍ ചരിത്ര വിജയത്തിലേക്ക് കടക്കുന്ന സമയത്ത്തന്നെ ചാണ്ടി ഉമ്മന്റെ വീടിന് മുന്നില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ആഘോഷം തുടങ്ങി. വീടിനകത്ത് കുടുംബാംഗങ്ങള്‍ പായസ വിതരണം നടത്തിയാണ് ആഘോഷത്തില്‍ പങ്കുചേരുന്നത്. വീടിന് പുറത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ കൈതോലപ്പായ ഉയര്‍ത്തി വിവാദങ്ങങ്ങളെയും കാറ്റില്‍ പറത്തിയാണ് വിജയം ആഘോഷിക്കുന്നത്.

അതേസമയം ചിത്രത്തിൽ പോലുമില്ലാതെ എൻ ഡി എ. 6447 വോട്ടുകൾ മാത്രമാണ് ഇതുവരെ എൻ ഡി എ സ്ഥാനാർഥി ലിജിൻ ലാലിന് നേടാൻ കഴിഞ്ഞത്.

Leave a Reply

Your email address will not be published.