സമൂഹത്തിന്റെ പുരോഗതി കര്‍ഷകരായ യുവാക്കളിലൂടെ : മാര്‍ ജോസഫ് കല്ലറങ്ങാട്ട്

മുളക്കുളം: വര്‍ത്തമാനകാലത്ത് കര്‍ഷക വൃത്തിയില്‍ മുന്നേറുന്ന യുവാക്കളിലൂടെ സമൂഹം പുരോഗമിക്കുകയാണെന്ന് പാലാ രൂപതാ മെത്രാന്‍ മാര്‍ ജോസഫ് കല്ലറങ്ങാട്ട്. എസ് എം വൈ എം മുളക്കുളം യൂണിറ്റ് നേതൃത്വം കൊടുക്കുന്ന രണ്ടരയേക്കര്‍ പാടത്തെ നെല്‍കൃഷി ഞാറ് നട്ട് ഉദ്ഘാടനം ചെയ്തും യുവജനങ്ങളുടെ പ്രഥമ കര്‍ഷകസംഘം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു ബിഷപ്പ്.

കൃഷിയെ മഹത്വമുള്ള ഒരു ഉദ്യമം ആയി കാണണമെന്നും പല ആധുനിക വൈദേശിക കാരണങ്ങളാല്‍ യുവാക്കള്‍ പിറകോട്ടു പോയ കര്‍ഷക മേഖലയെ യുവാക്കള്‍ തന്നെ കൂടുതല്‍ ഉന്നതങ്ങളില്‍ എത്തിക്കണമെന്നും, കേന്ദ്ര സംസ്ഥാന സര്‍ക്കാര്‍ ജോലികള്‍ കരസ്ഥമാക്കാന്‍ എല്ലാ യുവാക്കളും പരിശ്രമിക്കണമെന്നും ഇ ഡബ്ലിയു എസ് സംവരണം പരമാവധി പ്രയോജനപ്പെടുത്തണമെന്നും ബിഷപ്പ് അഭിപ്രായപ്പെട്ടു.

Advertisements

യുവാക്കളെ കൃഷിയിലേക്ക് ആകര്‍ഷിക്കുക എന്ന ലക്ഷ്യത്തോടുകൂടി തുടങ്ങിയിരിക്കുന്ന നെല്‍കൃഷിയില്‍ ലാഭവിഹിതം ഹോം പാലാ പ്രോജക്ടിലെ ഭവനനിര്‍മ്മാണത്തിനും മറ്റു ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്കും വിനിയോഗിക്കുമെന്നും യുവാക്കള്‍ക്ക് വരുമാനം എന്ന രീതിയില്‍ രൂപപ്പെടുത്തുമെന്നും വികാരിയും യൂണിറ്റ് ഡയറക്ടറുമായ ഫാദര്‍ ജോസഫ് കളപ്പുരയ്ക്കല്‍ പറഞ്ഞു.

യൂണിറ്റ് പ്രസിഡണ്ട് ജോണ്‍ അലക്‌സ് അധ്യക്ഷത വഹിച്ചു. ശ്രീ ജോണ്‍സണ്‍ ആലപ്പാട്ട് സൗജന്യമായി വിട്ടുനല്‍കിയ കൃഷിയിടത്തിലാണ് മുളക്കുളം യൂണിറ്റ് കൃഷിയിറക്കിയത്. എസ് എം വൈ എം രൂപത ഡയറക്ടര്‍ ഫാ തോമസ് സിറില് തയ്യില്‍, പ്രസിഡന്റ് ബിബിന്‍ ചാമക്കാലായില്‍, ഫാ. ജോസ് പെരിങ്ങാമലയില്‍, സെബാസ്റ്റ്യന്‍ തോട്ടത്തില്‍, ജോണ്‍സ് പാപ്പച്ചന്‍,ടോമിന്‍ കുഴികണ്ടതില്‍ എന്നിവര്‍ സന്നിഹിതരായിരുന്നു.

You May Also Like

Leave a Reply