ഈരാറ്റുപേട്ട: വരുന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ പൂഞ്ഞാറില്‍ പോരാട്ടം പൊടിപാറുമെന്ന് സൂചന. റിപ്പോര്‍ട്ടുകള്‍ അനുസരിച്ച് പൂഞ്ഞാറില്‍ പിസി ജോര്‍ജിന് കനത്ത വെല്ലുവിളി ഉയര്‍ത്തി കേരള കോണ്‍ഗ്രസിന്റെ പ്രൊഫസര്‍ ലോപ്പസ് മാത്യു സ്ഥാനാര്‍ഥിയായെത്തും.
കാഞ്ഞിരപ്പള്ളി സീറ്റിനു പകരം പൂഞ്ഞാര്‍ കേരള കോണ്‍ഗ്രസിന് ലഭിച്ചാല്‍ ലോപ്പസ് മാത്യു മല്‍സരിക്കുമെന്നാണ് സൂചന.
പിഎസ് സി മെമ്പര്‍ കാലാവധി തീര്‍ന്ന് ദിവസങ്ങള്‍ക്കുള്ളില്‍ തന്നെ അദ്ദേഹത്തെ കേരള കോണ്‍ഗ്രസ് സംസ്ഥാന ജനറല്‍ സെക്രട്ടറി പദം നല്കി പാര്‍ട്ടിയിലേക്ക് സ്വീകരിച്ചത് ഇതിനു വേണ്ടിയാണെന്നാണ് വിവരം.
വിദ്യാര്‍ഥി രാഷ്ട്രീയം മുതല്‍ പൊതുപ്രവര്ത്തനത്തിലുണ്ടായിരുന്ന പ്രൊഫ ലോപ്പസ് മാത്യു പിഎസ് സി മെമ്പര്‍ ആയതിനു ശേഷമാണ് സജീവ രാഷ്ട്രീയത്തില്‍ നിന്നു കുറച്ചുകാലം വിട്ടുനിന്നത്.
പി സി ജോര്‍ജിന്റെ തന്നെ തട്ടകമായ ഈരാറ്റുപേട്ടയിലാണ് പ്രൊഫ ലോപ്പസ് മാത്യുവും രാഷ്ട്രീയത്തില്‍ പയറ്റിതെളിഞ്ഞത്. അരുവിത്തുറ കോളേജ് പാലമുള്‍പ്പെടെ നിരവധി വികസന പ്രവര്‍ത്തനങ്ങള്‍ മണ്ഡലത്തില്‍ അദ്ദേഹം നടത്തിയത് പിസി ജോര്‍ജിനെ വെല്ലുവിളിച്ചാണ്.
ഈരാറ്റുപേട്ടയില്‍ ലോപ്പസ് മാത്യുവിനുള്ള സ്വാധീനവും കത്തോലിക്കാ സഭയുടെ പിന്തുണയുമെല്ലാം അനുകൂല ഘടകങ്ങളാണ്. മണ്ഡലത്തില്‍ ദീര്‍ഘകാലമായി പൊതുപ്രവര്‍ത്തന രംഗത്തുള്ള അദ്ദേഹത്തിന് വലിയൊരു ശിഷ്യഗണത്തിന്റെ സമ്പത്തുമുണ്ട്.
കറതീര്‍ന്ന വ്യക്തിത്വത്തിന് ഉടമയാണ് ഈ അദ്ധ്യാപക ശ്രേഷ്ഠന്. കൊച്ചിന് ശാസ്ത്ര സങ്കേതിക സര്‍വ്വകലാശാലയുടെ സിന്റക്കേറ്റ് അഗമായിരിക്കെ കെഎം മാണിയുടെ പേരില്‍ അദ്ദേഹം ജീവിച്ചിരിക്കെ തന്നെ കെ എം മാണി ബഡ്ജറ്റ് സ്റ്റഡി സെന്റര്‍ അദ്ദേഹം ആരംഭിച്ചിരുന്നു.
ഈരാറ്റുപേട്ടയിലെ മുസ്ലീം സമുദായവുമായും നല്ല അടുപ്പം കാത്തു സൂക്ഷിക്കുന്ന അദ്ദേഹത്തിന് തെരഞ്ഞെടുപ്പില്‍ നിര്‍ണായകമാകുന്ന മുസ്ലീം വോട്ടുകളും ഉറപ്പാക്കാനാവും.
എന്തുകൊണ്ടും പിസി ജോര്‍ജിന് പോന്ന എതിരാളിയായി ഈ അരുവിത്തുറ ഇടവകക്കാരന് മാറും എന്നു തന്നെയാണ് നിരീക്ഷണം. അതേ സമയം, മുന്നണികള്‍ക്കപ്പുറം തനിക്ക് ജനപിന്തുണയുണ്ടെന്ന് തെളിയിച്ച നേതാവാണ് പിസി ജോര്‍ജ്.
യുഡിഎഫ് മുന്നണിയുമായി ചര്‍ച്ചകള്‍ നടക്കുന്നുമുണ്ട്. യുഡിഎഫ് പിന്തുണ കൂടി പിസി ജോര്‍ജിനു കിട്ടിയാല്‍ ലോപ്പസ് മാത്യുവിന് പൂഞ്ഞാറില്‍ കാര്യങ്ങള്‍ അത്ര എളുപ്പമാവില്ല.
സെബാസ്റ്റ്യന്‍ കുളത്തുങ്കല്‍, ജോര്‍ജ് കുട്ടി ആഗസ്തി എന്നിവരുടെ പേരുകളും പാര്‍ട്ടിയുടെ പരിഗണനയില്‍ ഉണ്ടെങ്കിലും ഇവരില്‍ ഏറ്റവും വിജയസാധ്യതയുള്ള ആള് എന്ന നിലയില്‍ ലോപ്പസ് മാത്യുവിന് തന്നെ നറുക്ക് വീഴാനാണ് സാധ്യത.
അതേ സമയം, സിപിഐയും പൂഞ്ഞാര്‍ സീറ്റ് ലക്ഷ്യമിട്ടിട്ടുണ്ട്. കാഞ്ഞിരപ്പള്ളിക്കു പകരം പൂഞ്ഞാര്‍ വേണമെന്നാണ് പാര്‍ട്ടിയുടെ നിലപാട്.
എരുമേലി ഡിവിഷനില്‍ നിന്നുള്ള ജില്ലാ പഞ്ചായത്ത് മെമ്പര്‍ ശുഭേഷ് സുധാകരനു പൂഞ്ഞാറില്‍ സീറ്റു നല്‍കാമെന്നാണ് സിപിഐയുടെ കണക്കുകൂട്ടല്‍.
കൂട്ടിക്കല്‍ ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍, സിപിഐ സംസ്ഥാന കമ്മിറ്റി അംഗം, എ ഐ വൈ എഫ് ദേശീയ വൈസ് പ്രസിഡന്റ് എന്നീ നിലകളില്‍ കഴിവു തെളിയിച്ചയാളാണ് ശുഭേഷ്. യുവാക്കള്‍ക്കിടയിലും മികച്ച മതിപ്പുള്ള ശുഭേഷ് ആണ് സിപിഐയുടെ സ്ഥാനാര്‍ഥിയെന്നാണ് സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ട്.
എന്തായാലും രാഷ്ട്രീയ കേരളം മുഴുവന്‍ ഉറ്റുനോക്കുന്ന മറ്റൊരു നിയമസഭാ മണ്ഡലമായി പൂഞ്ഞാറും മാറുകയാണ്.