കേരള കോണ്‍ഗ്രസും മുനിസിപ്പല്‍ ചെയര്‍മാനും വ്യാജപ്രചാരണം നടത്തുന്നു: പ്രൊഫസര്‍ സതീശ് ചോള്ളാനി

പാലാ: നഗരസഭാ സ്റ്റേഡിയത്തിലെ ടോയ്‌ലറ്റ് കോംപ്ലക്‌സ് പൊതുജനങ്ങള്‍ക്ക് തുറന്നു കൊടുത്തതില്‍ അല്ല കോണ്‍ഗ്രസും, യൂത്ത് കോണ്‍ഗ്രസും പ്രതിഷേധം രേഖപ്പെടുത്തിയത്.

മറിച്ച് കോണ്‍ഗ്രസ് നേതാവും സ്വാതന്ത്ര്യ സമര സേനാനിയുമായ ചെറിയാന്‍ ജെ കാപ്പനെ അപമാനിക്കുവാന്‍ അദ്ദേഹത്തിന്റെ പേര് എഴുതിവെച്ച ഗേറ്റില്‍ പൊതു ടോയ്‌ലറ്റ് എന്ന് രേഖപ്പെടുത്തിയ വലിയ ബോര്‍ഡുകള്‍ സ്ഥാപിച്ചതിനെതിരെയാണ് കോണ്‍ഗ്രസും യൂത്ത് കോണ്‍ഗ്രസും യുഡിഎഫും പ്രതിഷേധിച്ചത്.

കപടതയില്ലാത്ത ദേശസ്‌നേഹം ഉയര്‍ത്തിപ്പിടിച്ച് സ്വാതന്ത്ര്യസമര കാലഘട്ടം മുതല്‍ ഇന്നുവരെ വിട്ടുവീഴ്ചയില്ലാതെ പ്രവര്‍ത്തിക്കുന്ന കോണ്‍ഗ്രസിനെ ദേശസ്‌നേഹം പഠിപ്പിക്കുവാന്‍ ആരും മുതിരണ്ട.

തിരഞ്ഞെടുപ്പ് മുന്നില്‍ കണ്ട് ലോക്‌സഭയില്‍ നിന്ന് രാജ്യസഭയിലേക്കും, ഇപ്പോള്‍ രാജ്യസഭ ഉപേക്ഷിച്ച് അസംബ്ലിയിലേക്കും ടിക്കറ്റിന് വേണ്ടി കടിപിടി കൂടുന്ന ആളുകളെ പാലായിലെ ജനത്തിന് നന്നായി അറിയാം.

വ്യാപകമായ പ്രതിഷേധം വിഷയത്തില്‍ ഉയര്‍ന്നുവന്നപ്പോള്‍ ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുവാന്‍ വ്യാജപ്രചരണങ്ങള്‍ ആണ് ഇപ്പോള്‍ കേരള കോണ്‍ഗ്രസ് നടത്തുന്നത്. പ്രതിപക്ഷ കക്ഷികള്‍ പൊതുജനങ്ങള്‍ക്ക് ടോയ്‌ലറ്റ് തുറന്നു കൊടുത്തതിനെ എതിര്‍ക്കുന്നു എന്ന വ്യാജ പ്രചരണം നടത്തി തങ്ങളുടെ രാഷ്ട്രീയ ജാള്യത മറയ്ക്കാനുള്ള ശ്രമം അപലപനീയമാണ്.

ചെയ്തത് ശരിയല്ല എന്ന ബോധ്യം മുനിസിപ്പല്‍ ചെയര്‍മാന് ഉണ്ടങ്കില്‍ ന്യായീകരണങ്ങള്‍ നടത്താതെ ആത്മാര്‍ത്ഥമായി തെറ്റ് തിരുത്തുകയാണ് വേണ്ടതെന്നും യുഡിഎഫ് പാര്‍ലമെന്ററി പാര്‍ട്ടി ലീഡറും ബ്ലോക്ക് കോണ്‍ഗ്രസ് കമ്മിറ്റി പ്രസിഡന്റുമായ പ്രൊഫ. സതീശ് ചൊള്ളാനി പറഞ്ഞു.

പാലാ വാര്‍ത്ത അപ്‌ഡേറ്റുകള്‍ മൊബൈലില്‍ ലഭിക്കുന്നതിന് വാട്‌സാപ് ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യൂ. GROUP 10 / GROUP 7. Subscribe YouTube Channel / Like Facebook Page

You May Also Like

Leave a Reply