എരുമേലി: വനാതിർത്തിയുള്ള പൂഞ്ഞാർ നിയോജകമണ്ഡലത്തിലെ ജനവാസ മേഖലകളിലേക്ക് വന്യമൃഗങ്ങൾ പ്രവേശിക്കാതിരിക്കാനുള്ള പ്രതിരോധ പ്രവർത്തനങ്ങൾ ഉടൻ ആരംഭിക്കണമെന്ന് വനം വകുപ്പിനോട് ആവശ്യപ്പെടുമെന്ന് സെബാസ്റ്റ്യൻ കുളത്തുങ്കൽ എംഎൽഎ.
നിരപരാധികളായ രണ്ട് കർഷകർക്കാണ് കാട്ടുപോത്തിന്റെ ആക്രമണത്തിൽ ജീവൻ നഷ്ടപ്പെട്ടത്. ഇത്തരം സംഭവങ്ങൾ ആവർത്തിക്കാതിരിക്കാൻ വനംവകുപ്പിന് ഉത്തരവാദിത്വമുണ്ട്. വന്യമ്യഗങ്ങൾ നാട്ടിലിറങ്ങുമ്പോൾ സ്വീകരിക്കുന്ന താത്കാലിക നടപടികളിലൂടെ ജനങ്ങൾക്ക് സുരക്ഷിതത്വം നൽകാനാവില്ല. ശാശ്വത പരിഹാര മാർഗങ്ങൾ വനം വകുപ്പ് കണ്ടെത്തിയേ മതിയാകൂ.
പൂഞ്ഞാർ നിയോജകമണ്ഡലത്തിൽ 30 കിലോമീറ്റർ വനാതിർത്തിയുണ്ട്. എരുമേലി, കോരുത്തോട്, മുണ്ടക്കയം എന്നീ പഞ്ചായത്തുകളിലാണ് ജനവാസ മേഖലകൾ വനവുമായി അതിർത്തി പങ്കിടുന്നത്. ഈ പ്രദേശങ്ങളിലാകെ വന്യമൃഗങ്ങൾ നാട്ടിലിറങ്ങാതിരിക്കാൻ കിടങ്ങ്,സോളാർ ഫെൻസിങ്, ഹാങ്ങിങ് ഫെൻസിംഗ് , ജൈവവേലി എന്നിവ സ്ഥാപിക്കുന്ന പ്രവർത്തികൾ ഉടനെ ആരംഭിക്കക്കണം.

എരുമേലി കണമലയിൽ കാട്ടുപോത്തിന്റെ ആക്രമണത്തിൽ കൊല്ലപ്പെട്ട രണ്ടുപേരുടെ കുടുംബാംഗങ്ങൾക്ക് ഇപ്പോൾ പ്രഖ്യാപിച്ചിരിക്കുന്ന നഷ്ടപരിഹാരത്തുക വർദ്ധിപ്പിക്കണം.1972ലെ കേന്ദ്ര വന്യജീവി സംരക്ഷണ നിയമം അടിയന്തരമായി കേന്ദ്രസർക്കാർ ഭേദഗതി ചെയ്തെങ്കിൽ മാത്രമേ ജനവാസമേഖലകളിൽ ജനങ്ങൾക്ക് സുരക്ഷിതത്വം നൽകാൻ സംസ്ഥാനങ്ങൾക്ക് കഴിയൂ . ഇതിനായി കേന്ദ്രത്തിൽ സമ്മർദ്ദം ചെലുത്തണമെന്ന് മുഖ്യ മന്ത്രിയോട് ആവശ്യപ്പെടുമെന്നും സെബാസ്റ്റ്യൻ കുളത്തുങ്കൽ എം എൽ എ പറഞ്ഞു.