ഭരണങ്ങാനം : കടുത്ത വേനൽ ചൂടിൽ വെന്തുരുകി അംഗനവാടി കുട്ടികളും ജീവനക്കാരും. പ്രവിത്താനത്തെ വിവാദമായ അംഗനവാടി കെട്ടിടത്തിന് കൊടിയ ചൂടിലും വൈദ്യുതി കണക്ഷൻ നിഷേധിച്ച് പഞ്ചായത്ത് അധികൃതർ.
ജില്ലാ പഞ്ചായത്ത് മെമ്പർ രാജേഷ് വാളിപ്ലാക്കൽ അനുവദിച്ച അഞ്ച് ലക്ഷം രൂപയും തൊഴിലുറപ്പ് പദ്ധതിയിൽ അനുവദിച്ച അഞ്ച് ലക്ഷം രൂപയും വനിതാ ശിശുക്ഷേമ വകുപ്പിൽ നിന്നും അനുവദിച്ച രണ്ടു ലക്ഷം രൂപയും പഞ്ചായത്ത് വിഹിതമായ 25000 രൂപയും ഉപയോഗിച്ച് ആകെ പന്ത്രണ്ടേകാൽ ലക്ഷം രൂപയ്ക്കാണ് പ്രവിത്താനം മാർക്കറ്റ് ജംഗ്ഷനിൽ പുതിയ അംഗൻവാടി കെട്ടിടം നിർമ്മിച്ചിരിക്കുന്നത്.


കഴിഞ്ഞ ജനുവരി ഇരുപത്തിയൊൻപതാം തീയതി തോമസ് ചാഴികാടൻ എം പി യാണ് കെട്ടിടത്തിന്റെ ഉദ്ഘാടനം നിർവഹിച്ചത്. എന്നാൽ അതിന് രണ്ടുദിവസം മുമ്പ് പഞ്ചായത്ത് പ്രസിഡന്റിനെ അധ്യക്ഷയാക്കിയില്ല എന്ന് ആരോപിച്ച് മാണി സി കാപ്പൻ എംഎൽഎ യെ ക്കൊണ്ട് യുഡിഎഫ് നേതൃത്വത്തിൽ മറ്റൊരു ഉദ്ഘാടനം നടത്തുകയുണ്ടായി.
തോമസ് ചാഴികാടൻ ഉദ്ഘാടനത്തിന് എത്തുന്നതിന്റെ തലേന്ന് ഉദ്ഘാടനം നിശ്ചയിച്ചിരുന്ന അംഗൻവാടിക്ക് സമീപമുള്ള പഞ്ചായത്ത് ഹാൾ അധികൃതർ താഴിട്ട് പൂട്ടിയത് അന്ന് ഏറെ വിവാദമായിരുന്നു. അതിനെതിരെ എൽഡിഎഫ് അധികൃതർക്ക് നൽകിയ പരാതി നിലനിൽക്കെയാണ് ഇപ്പോൾ അംഗൻവാടിക്ക് വൈദ്യുതി കണക്ഷൻ ലഭിക്കുന്നതിന് കെഎസ്ഇബിക്ക് അപേക്ഷ നൽകാതെയും ഫണ്ട് അനുവദിക്കാതെയും പഞ്ചായത്ത് ഭരണനേതൃത്വം പക പോക്കൽ നടത്തുന്നത്.

40 ഡിഗ്രി സെൽഷ്യസിനടുത്ത് ചൂടിൽ ഫാൻ പോലുമില്ലാതെ ക്ലാസ് മുറിയിൽ കുട്ടികൾ കഷ്ടപ്പെടുകയാണ്. വൈദ്യുതി കണക്ഷനായി പഞ്ചായത്തിൽ അംഗൻവാടി അധികൃതർ നേരത്തെ തന്നെ അപേക്ഷ നൽകിയിരുന്നെങ്കിലും ഭരണനേതൃത്വമോ , സെക്രട്ടറിയോ അതിൻമേൽ യാതൊരു നടപടിയും സ്വീകരിച്ചില്ല.
ഉദ്ഘാടന പ്രഹസനം നടത്തി നാട്ടുകാരുടെ മുമ്പിൽ സ്വയം അവഹേളിത രായതിന്റെ വിരോധം തീർക്കാനാണ് വൈദ്യുതി കണക്ഷന് വേണ്ട നടപടി സ്വീകരിക്കാത്തതെന്ന് എൽഡിഎഫ് ആരോപിച്ചു. പഞ്ചായത്ത് അധികൃതരുടെ ധിക്കാരപരമായ നടപടിക്കെതിരെ മേലധികാരികൾക്ക് പരാതി നൽകാൻ ഒരുങ്ങുകയാണ് പി റ്റി എ ഭാരവാഹികൾ.