പാലാ: ഒരു പതിറ്റാണ്ടിലേറെക്കാലമായി അവഗണിക്കപ്പെട്ടു കിടന്ന കരൂർ പഞ്ചായത്തിലെ പൊട്ടങ്കിൽ – പരവിങ്ങാടി റോഡിന് മാണി സി കാപ്പൻ എം എൽ എ യുടെ കരുതലിൽ ശാപമോക്ഷമായി.

പത്തു വർഷത്തിലേറെക്കാലമായി കുണ്ടും കുഴിയുമായി സഞ്ചാരം ദുസ്സഹമായ റോഡിൻ്റെ അവസ്ഥയെക്കുറിച്ച് വിവിധ ജനപ്രതിനിധികളുടെ ശ്രദ്ധയിൽ വർഷങ്ങളായിപ്പെടുത്തിയിരുന്നുവെങ്കിലും നടപടിയുണ്ടാവാത്തതിനെത്തുടർന്നു പൗരാവകാശ സമിതിയുടെ നേതൃത്വത്തിൽ മാണി സി കാപ്പൻ്റെ ശ്രദ്ധയിൽപ്പെടുത്തുകയായിരുന്നു.
എം എൽ എ ഫണ്ടിൽ നിന്നും 25 ലക്ഷം രൂപ ടാറിംഗിനായി മാണി സി കാപ്പൻ അനുവദിച്ചു. ഈ തുക ഉപയോഗിച്ചു ഒന്നര കിലോമീറ്ററിലധികം വരുന്ന ഭാഗം ടാറിംഗ് പൂർത്തീകരിച്ചു.ടാറിംഗ് പൂർത്തീകരണം മാണി സി കാപ്പൻ എം എൽ എ ഉദ്ഘാടനം ചെയ്തു.

പൗരാവകാശസമിതി പ്രസിഡൻ്റ് ജോയി കളരിക്കൽ അധ്യക്ഷത വഹിച്ചു. കെ വി തോമസ് അരുവിയിൽ, മുനിസിപ്പൽ കൗൺസിലർ ജിമ്മി ജോസഫ്, ടോണി നിരണത്ത്, ജോസ് മതിയനാൽ, എം പി കൃഷ്ണൻനായർ എന്നിവർ പ്രസംഗിച്ചു.
ജോയി കളരിയ്ക്കലിൻ്റെ നേതൃത്വത്തിൽ മാണി സി കാപ്പനെ നാട്ടുകാർ സ്വീകരിച്ചു. സന്തോഷസൂചകമായി തൊഴിലാളികൾക്കും മധുരം വിതരണം ചെയ്തു.