കോവിഡ് ബാധിതര്‍ക്ക് തപാല്‍ വോട്ട്; മാര്‍ഗനിര്‍ദേശം പുറത്തിറക്കി

തിരുവനന്തപുരം: കൊവിഡ് രോഗികള്‍ക്കും നിരീക്ഷണത്തിലുളളവര്‍ക്കും തദ്ദേശ തിരഞ്ഞെടുപ്പില്‍ തപാല്‍ വോട്ട് ചെയ്യാം. ഇതിനായുളള മാര്‍ഗനിര്‍ദേശം പുറപ്പെടുവിച്ചു.

വോട്ടെടുപ്പിന് പത്ത് ദിവസം മുമ്പ് ആരോഗ്യ വകുപ്പിന്റെ പട്ടികയിലുളളവര്‍ക്കും വോട്ടെടുപ്പിന് തലേദിവസം മൂന്ന് മണി വരെ പൊസിറ്റീവാകുന്നവര്‍ക്കും തപാല്‍ വോട്ട് ചെയ്യാമെന്നാണ് മാര്‍ഗനിര്‍ദേശത്തിലുളളത്.

ഈ പട്ടികയില്‍ പേര് വന്നാല്‍ രോഗം മാറിയാലും തപാല്‍ വോട്ട് തന്നെയായിരിക്കും. പത്ത് ദിവസം മുമ്പ് ഇതിനായുളള നടപടി ക്രമങ്ങള്‍ തുടങ്ങും. രോഗം മൂലം മറ്റ് ജില്ലകളില്‍ കുടുങ്ങി പോയവര്‍ക്കും തപാല്‍ വോട്ടിന് അപേക്ഷിക്കാം.

തദ്ദേശ തിരഞ്ഞെടുപ്പിന് നേരിട്ടെത്തി വോട്ട് ചെയ്യുന്ന കൊവിഡ് ബാധിതരും നിരീക്ഷണത്തില്‍ കഴിയുന്നവരും പോളിംഗ് ബൂത്തിലേക്കുളള യാത്രയ്ക്കിടെ വഴിയില്‍ ഇറങ്ങരുതെന്ന് ആരോഗ്യ വകുപ്പ് നിര്‍ദേശം നല്‍കിയിട്ടുണ്ട്. ഇക്കാര്യം നിരീക്ഷിക്കാന്‍ പ്രത്യേക സംഘത്തെ നിയോഗിക്കും. വഴിയില്‍ ഇറങ്ങിയാല്‍ നടപടിയുണ്ടാകും.

വോട്ടെടുപ്പിന് തലേന്ന് ഉച്ചയ്ക്ക് മൂന്നിന് ശേഷം കൊവിഡ് ബാധിതരുടെയോ നിരീക്ഷണത്തില്‍ കഴിയുന്നവരുടെയോ പട്ടികയില്‍ ഉള്‍പ്പെടുന്നവര്‍ക്കാണ് അവസാനത്തെ ഒരു മണിക്കൂര്‍ (വൈകിട്ട് 5 മുതല്‍ 6 വരെ) നേരിട്ടെത്തി വോട്ട് ചെയ്യാന്‍ കഴിയുക. അതിനു മുമ്പ് പട്ടികയില്‍ ഉള്‍പ്പെട്ടവര്‍ക്ക് തപാല്‍ ബാലറ്റ് നല്‍കും. ഇവര്‍ പിന്നീട് കൊവിഡ് മുക്തരായാലും തപാല്‍ വോട്ട് തന്നെ ചെയ്യണം.

കൊവിഡ് പോസിറ്റീവ് ആയി ആശുപത്രിയില്‍ കഴിയുന്നവര്‍ക്ക് വോട്ട് ചെയ്യാനുളള സൗകര്യം ആരോഗ്യ വകുപ്പ് ഒരുക്കണം. എന്നാല്‍ വീട്ടിലും സ്വകാര്യ ആശുപത്രികളിലും കഴിയുന്നവര്‍ സ്വയം എത്തണം.

ഇവര്‍ അഞ്ച് മണിയ്ക്ക് വോട്ട് ചെയ്യാനെത്തുമ്പോള്‍ ഇതര വോട്ടര്‍ വരി നില്‍ക്കുന്നുണ്ടെങ്കില്‍ അവരെല്ലാം വോട്ട് ചെയ്ത ശേഷം ബൂത്തില്‍ കയറാം. ഈ സമയത്ത് ബൂത്തിനകത്തുളളവര്‍ പി പി ഇ കിറ്റ് ധരിക്കണം. വോട്ട് രേഖപ്പെടുത്തുമ്പോള്‍ കൈയുറ നിര്‍ബന്ധമാണ്. ഓരോരുത്തരും ഒപ്പിടാന്‍ വെവ്വേറെ പേന ഉപയോഗിക്കണമെന്നും നിര്‍ദേശത്തില്‍ വ്യക്തമാക്കുന്നുണ്ട്.

പാലാ വാര്‍ത്ത അപ്‌ഡേറ്റുകള്‍ മൊബൈലില്‍ ലഭിക്കുന്നതിന് വാട്‌സാപ് ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യൂ. GROUP 10 / GROUP 7. Subscribe YouTube Channel / Like Facebook Page

You May Also Like

Leave a Reply