General News

അന്യായമായ പോലീസ് വേട്ട: പോപുലര്‍ ഫ്രണ്ട് ശക്തമായ പ്രക്ഷോഭത്തിലേക്ക്

പോപുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യയുടെ നേതാക്കളെയും പ്രവര്‍ത്തകരെയും അന്യായമായി വേട്ടയാടുന്ന പോലിസിന്റെ കിരാത നടപടി അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് 2022 ജൂണ്‍ 6 തിങ്കളാഴ്ച ആഭ്യന്തരവകുപ്പിന്റെ ചുമതലയുള്ള മുഖ്യമന്ത്രിയുടെ വസതിയിലേക്ക് മാര്‍ച്ച് നടത്തുമെന്ന് സംസ്ഥാന പ്രസിഡന്റ് സി പി മുഹമ്മദ് ബഷീര്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.

ആലപ്പുഴ ജനമഹാസമ്മേളനത്തില്‍ ഒരു കുട്ടി ഉയര്‍ത്തിയ മുദ്രാവാക്യത്തിന്റെ പേരില്‍ സംഘടനയെ ആസൂത്രിതമായി വേട്ടയാടാനുള്ള നീക്കമാണ് നടക്കുന്നത്. പോപുലര്‍ ഫ്രണ്ടിന്റെ നിലപാടിനോട് യോജിക്കാത്ത പദപ്രയോഗങ്ങള്‍ മുദ്രാവാക്യത്തിലുണ്ടായി എന്ന് നേരത്തെതന്നെ വ്യക്തമാക്കിയിട്ടുണ്ട്. എന്നിട്ടും പൊതുസമൂഹത്തെ വ്യാപകമായി തെറ്റിദ്ധരിപ്പിക്കും വിധമുള്ള പ്രചരണം നടത്തി പോപുലര്‍ ഫ്രണ്ട് സംസ്ഥാന നേതാക്കള്‍ ഉള്‍പ്പടെ 26 പേരെയാണ് കസ്റ്റഡിയിലെടുത്ത് റിമാന്റ് ചെയ്തത്. ഇപ്പോഴിതാ സംസ്ഥാന ട്രഷററായ കെ എച്ച് നാസറിനെ വീട്ടിലെത്തി ഭീകരാന്തരീക്ഷം സൃഷ്ടിച്ച് കസ്റ്റഡിയില്‍ എടുത്തിരിക്കുന്നു.

ഇത് കേവലമൊരു മുദ്രാവാക്യത്തിന്റെ മാത്രം പ്രശ്‌നമല്ല. മുസ്ലിം സമുദായത്തിനെതിരെ വലിയ വിവേചനം കേരളത്തില്‍ നിലനില്‍ക്കുന്നു. ആര്‍എസ്എസിന്റെ ഫാക്ടറിയില്‍ നിര്‍മിച്ചെടുത്ത നുണക്കഥ ഏറ്റുപിടിച്ചുള്ള പോലിസിന്റെ നരനായാട്ട് അവസാനിപ്പിച്ച് സര്‍ക്കാര്‍ നീതിപൂര്‍വമായ നിലപാടിലേക്ക് പോവണം. അല്ലാത്തപക്ഷം മന്ത്രിമാര്‍ ഉള്‍പ്പടെയുള്ളവരെ വഴിയില്‍ തടയുംവിധം സമരം ശക്തമാക്കും. ജനമഹാസമ്മേളനത്തിന്റെ സംഘാടക സമിതിയെ മുഴുവന്‍ അറസ്റ്റ് ചെയ്യുമെന്ന്് പോലിസ് പറയുമ്പോള്‍ മറുവശത്ത് വര്‍ഗീയതയും വെറുപ്പും പ്രചരിപ്പിക്കുന്ന ആര്‍എസ്എസ് നേതാക്കള്‍ക്കെതിരെ യാതൊരു നടപടിയുമില്ല.

നാലുദിവസം നീണ്ടുനിന്ന അനന്തപുരി ഹിന്ദുമതസമ്മേളനത്തില്‍ ഉടനീളം വര്‍ഗീയതയും അന്യമത വിദ്വേഷവും ഉള്‍പ്പടെ കേരളീയ സാമൂഹിക ഘടനയെ തകര്‍ക്കുന്ന പച്ചക്കള്ളങ്ങള്‍ പ്രചരിപ്പിച്ചിട്ടും സംഘാടകര്‍ക്കെതിരെ ഒരു നടപടിയുമില്ല. ഈ സമീപനം അപകടകരമാണ്. ഒരുഭാഗത്ത് പോപുലര്‍ ഫ്രണ്ടോ മുസ്ലിംകളോ ആവുമ്പോള്‍ സടകുടഞ്ഞ് എഴുന്നേല്‍ക്കുന്ന പോലിസും പൊതുബോധവുമൊക്കെ ഇപ്പോള്‍ സെലക്ടീവായാണ് ഞെട്ടുന്നത്. ആര്‍എസ്എസ് നടത്തുന്ന കുപ്രചരണത്തില്‍ നിര്‍ഭാഗ്യവശാല്‍ മതേതര ചേരിയിലുള്ളവരും ചില മാധ്യമപ്രവര്‍ത്തകരും വീണുപോവുന്നു.

തൃക്കാക്കര തിരഞ്ഞെടുപ്പില്‍ മുഖം നഷ്ടപ്പെട്ട പിണറായി വിജയന് സ്വയം രക്ഷപെടാനുള്ള നീക്കവും പോപുലര്‍ ഫ്രണ്ട് വേട്ടയ്ക്ക് പിന്നിലുണ്ട്. രാഷ്ട്രീയ പരാജയം മറച്ചുവക്കാന്‍ സമുദായ ധ്രുവീകരണത്തിന് ശ്രമിക്കുകയാണ് സിപിഎം. ആദ്യ പിണറായി സര്‍ക്കാരിന്റെ അവസാന കാലത്ത് വ്യാപകമായി മുസ്ലിം വിരുദ്ധ പ്രചരണം നടന്നപ്പോഴും കുറ്റകരമായ മൗനമാണ് സിപിഎം തുടര്‍ന്നത്.

കോടിയേരി ഉള്‍പ്പെടെയുള്ളവര്‍ വ്യക്തമാക്കിയ പോലിസിലെ ആര്‍എസ്എസ് ഫ്രാക്ഷനും ഇപ്പോള്‍ മുസ്ലിം വേട്ടയ്ക്കായി പണിയെടുക്കുകയാണ്. ഇവിടെയുള്ള മതേതര രാഷ്ട്രീയ പാര്‍ട്ടികള്‍ നാളുകളായി പറ്റിച്ചുകൊണ്ടിരിക്കുമ്പോള്‍ വംശഹത്യയുടെ മുന്നില്‍ നില്‍ക്കുന്ന മുസ്ലിം സമൂഹം പോപുലര്‍ ഫ്രണ്ടിലേക്ക് ആകൃഷ്ടരാവുന്നത് അവരെ ഭയപ്പെടുത്തുകയാണ്.

ജനാധിപത്യ അവകാശങ്ങളും സംഘടന സ്വാതന്ത്ര്യവും നിലനില്‍ക്കുന്ന നാട്ടില്‍ നീതി നിഷേധിക്കപ്പെടുമ്പോള്‍ ശക്തമായ പ്രതിഷേധങ്ങള്‍ ഉയര്‍ന്നുവരും. പോപുലര്‍ ഫ്രണ്ടിനെ വേട്ടയാടുന്ന നീക്കത്തില്‍ നിന്നും സര്‍ക്കാര്‍ പിന്തിരിഞ്ഞില്ലെങ്കില്‍ മന്ത്രിമാരെ ഉള്‍പ്പടെ തെരുവില്‍ തടയും. സര്‍ക്കാര്‍ വസ്തുകള്‍ വിലയിരുത്തി നീതിപൂര്‍വമായ നിലപാടിലേക്ക് പോവണം.

കാലാകാലങ്ങളായി സൂക്ഷിച്ച് വച്ചിരിക്കുന്ന വെറുപ്പും വിദ്വേഷം പ്രചരിപ്പിക്കുമ്പോള്‍ തടസ്സമായി നില്‍ക്കുന്ന പോപുലര്‍ ഫ്രണ്ടിനെ ഇല്ലാതാക്കാമെന്നത് പിണറായി വിജയന്റെ വ്യാമോഹം മാത്രമാണ്. മുഴുവന്‍ നേതാക്കന്‍മാരെയും ജയിലിലിട്ടാന്‍ അവസാനിക്കുന്ന ആശയമോ, മുന്നേറ്റമോ അല്ല പോപുലര്‍ ഫ്രണ്ടിന്റേത്. രാജ്യത്തിന്റെ ഭരണഘടനയെ ഉയര്‍ത്തിപ്പിടിച്ച് പോപുലര്‍ ഫ്രണ്ട് മുന്നോട്ടുപോവുമെന്നും അദ്ദേഹം പറഞ്ഞു. സംസ്ഥാന സെക്രട്ടറി എസ് നിസാറും വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.

Leave a Reply

Your email address will not be published.