പൂഞ്ഞാര്‍ : ഇക്കഴിഞ്ഞ 16-ാം തീയതിയുണ്ടായ കനത്ത മഴ കെടുതിയിലും പ്രകൃതിക്ഷോഭത്തിലും സംസ്ഥാനത്തേറ്റവും കനത്ത നാശനഷ്ടമുണ്ടായ പൂഞ്ഞാര്‍ നിയോജക മണ്ഡലത്തിലെ പ്രളയ ദുരിതാശ്വാസത്തിനായി ‘ പ്രത്യേക പൂഞ്ഞാര്‍ പാക്കേജ്’ പ്രഖ്യാപിക്കണമെന്നാവശ്യപ്പട്ട് അഡ്വ. സെബാസ്റ്റ്യന്‍ കുളത്തുങ്കല്‍ എംഎല്‍എ മുഖ്യമന്ത്രിക്ക് നിവേദനം നല്‍കി.
പത്തുപേര്‍ മരണമടഞ്ഞ കൂട്ടിക്കല്‍ പഞ്ചായത്തിലടക്കം നിയോജകമണ്ഡലത്തിലുണ്ടായ ചെറുതും വലുതുമായ നൂറിലധികം ഉരുള്‍ പൊട്ടലുകളിലും പ്രകൃതിക്ഷോഭത്തിലും 14 പേരാണ് മരണമടഞ്ഞത്. 200ലധികം വീടുകള്‍ പൂര്‍ണ്ണമായും 600 ഓളം വീടുകള്‍ ഭാഗീകമായും തകര്‍ന്നു .
കാര്‍ഷിക മേഖലയിലുണ്ടായ കൃഷിനാശം സമാനതകളില്ലാത്തതാണ്. ഏക്കര്‍ കണക്കിന് കൃഷിയിടങ്ങള്‍ മലവെള്ളപ്പാച്ചിലില്‍ ഒലിച്ചു പോയി.
നിരവധി പാലങ്ങളും റോഡുകളും തകര്‍ന്നടിഞ്ഞ് ഗതാഗത സൗകര്യങ്ങള്‍ ഇല്ലാതെയാവുകയും പലപ്രദേശങ്ങളും പുറം ലോകവുമായി ഒറ്റപ്പെട്ട അവസ്ഥയിലുമാണ്. നിയോജകമണ്ഡലത്തിലാകെ 100 കോടി രൂപയുടെ നാശനഷ്ടം സംഭവിച്ചതായാണ് പ്രാഥമിക വിലയിരുത്തല്‍.
വീടും ജീവനോപാധികളും നഷ്ടപ്പെട്ടവര്‍ക്ക് പ്രത്യേക നഷ്ടപരിഹാരം അടിയന്തിരമായി ലഭ്യമാക്കണം. കച്ചവടക്കാര്‍ക്കടക്കം ഉപജീവനം വഴി മുട്ടിയവര്‍ക്ക് അതിജീവനത്തിനായി മതിയായ സഹായങ്ങള്‍ ലഭ്യമാക്കണം.
പ്രമാണങ്ങളും രേഖകളും സര്‍ട്ടിഫിക്കറ്റുകളും നഷ്ടമായവര്‍ക്ക് യുദ്ധകാലാടിസ്ഥാനത്തില്‍ ഇവ ലഭ്യമാക്കണം. ജനങ്ങളുടെ പുനരധിവാസത്തിനും പ്രദേശത്തിന്റെ പുനര്‍നിര്‍മ്മാണത്തിനും മുന്‍ഗണന നല്‍കിയുള്ള പ്രത്യേക പരിഗണന പൂഞ്ഞാര്‍ നിയോജകമണ്ഡലത്തിന് നല്‍കണം.
മണ്ഡലത്തിലെ പാറമടകളുടെ പ്രവര്‍ത്തനം നിയന്ത്രിക്കണം. നദികളില്‍ അടിഞ്ഞു കൂടിയ മണ്ണും, ചെളിയും അടിയന്തരമായി നീക്കം ചെയ്യുകയും, നദികളുടെ ആഴം കൂട്ടുന്നതിന് നടപടികള്‍ സ്വീകരിക്കുകയും വേണം.
സൈന്യത്തിന്റെ സഹായത്തോടെ താത്കാലിക പാലങ്ങള്‍ നിര്‍മ്മിക്കണം. പുനരധിവാസം പൂര്‍ത്തിയാകുംവരെ ജനങ്ങള്‍ക്ക് സൗജന്യ റേഷന്‍ ലഭ്യമാക്കണമെന്നും മഴക്കെടുതിയുടെ ആഘാതത്തിന്റെ വ്യാപ്തി മനസ്സിലാക്കാന്‍ മുഖ്യമന്ത്രി നേരിട്ട് ദുരന്ത ബാധിത പ്രദേശങ്ങള്‍ സന്ദര്‍ശിക്കണമെന്നും അഡ്വ. സെബാസ്റ്റ്യന്‍ കുളത്തുങ്കല്‍ എം എല്‍ എ മുഖ്യമന്ത്രിക്ക് നല്‍കിയ നിവേദനത്തില്‍ ആവശ്യപ്പെട്ടു.
പാലായിലെയും സമീപ പ്രദേശങ്ങളിലെയും വാര്‍ത്തകളും ജോലി സാധ്യതകളും അറിയാന്‍ വാട്‌സാപ് ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യൂ… GROUP 19