Poonjar News

ടാറിനു മുകളിൽ ചേമ്പ് മുളച്ചു; പൂഞ്ഞാറിൻ്റെ ചരിത്രത്തിൽ ആദ്യം

കൈപ്പള്ളി: അടുത്ത കാലത്ത് പണി തുടങ്ങിയ പൂഞ്ഞാർ -കൈപ്പള്ളി-ഏന്തയാർ റോഡിൻ്റെ നിലവാരം എടുത്തുകാട്ടുന്നതാണ് ടാർ ചെയ്ത റോഡിനു മുകളിൽ മുളച്ചുനിൽക്കുന്ന ചേമ്പ്. പുതുതായി ടാറ് ചെയ്ത റോഡിൻ്റെ പല ഭാഗങ്ങളിലും ഇതുപോലെ ചേമ്പും, കൂവയും, ചെടികളും മുളച്ച് പൊങ്ങുന്നു.

വേണ്ട വിധം മെറ്റൽ പോലും ഇട്ട് ഉറപ്പിക്കാതെ ജനങ്ങളുടെ കണ്ണിൽ പൊടി ഇട്ടുകൊണ്ട്, ടാറിങ്ങ് നടത്തിയെന്ന് വരുത്തിത്തീർക്കാൻ അധികാരികൾ നടത്തുന്ന അഴിമതിയുടെ നേർക്കാഴ്ചയാണ് ഇത്. കൈപ്പള്ളി പൊറ്റം പുഴ വെള്ളച്ചാട്ടത്തിന് സമീപത്താണ് ടാർ ചെയ്ത റോഡിനു മുകളിൽ ചേമ്പ് മുളച്ചു നിൽക്കുന്നത്. അതുപോലെ പകുതി പണി തീർന്ന റോഡിന്റെ നടുഭാഗത്തു കൂടി തോട് പോലെയാണ് വെള്ളം കയറി ഒഴുകുന്നത്. ഏകദേശം ഒരു കിലോമീറ്റർ അടുത്ത് പുതിയത് ആയി ചെയ്ത ടാറിങ്ങ് ഇപ്പോൾ കൈപ്പള്ളി പള്ളി വരെ എത്തി നിൽക്കുന്നു.

നിലവിൽ ഉണ്ടായിരുന്ന വീതിയെയും, ഗുണനിലവാരം ഇല്ലാത്ത ടാറിംഗിനെയും ചൊല്ലി തുടക്കം മുതൽ പ്രശ്നങ്ങൾ ആയിരുന്നു എന്ന് പ്രദേശവാസികൾ പറയുന്നു. അതുപോലെ കാലതാമസവും. ഒരു കിലോമീറ്റർ പൂർത്തിയാക്കുവാൻ എടുത്ത സമയം രണ്ടാഴ്ച. മെഷീൻ ഉപയോഗിച്ച് ടാറിംഗ് നടത്തിയാൽ 10 ദിവസം കൊണ്ട് പൂർത്തിയാക്കാൻ സാധിക്കുമായിരുന്ന ടാറിംഗ് നടത്തിയത് പഴയ രീതിയിലും.

നിലവിൽ നിർമ്മാണ പ്രവർത്തനം നടക്കുന്നില്ല. പകുതി വഴിക്ക് ഇട്ടിട്ടു പോയതിനാൽ ചിപ്സ് വിതറിയ ഭാഗത്ത് വെള്ളം ഒലിച്ച് പാറ തെളിഞ്ഞ് കാണാം. വാഹന ഗതാഗതം അതീവ ദയനീയമാണ്.

Leave a Reply

Your email address will not be published.