മാല പൊട്ടിക്കുന്ന സംഘത്തിന്റെ അടിവേര് തേടി പോലീസ്

പാലാ: ബൈക്കിലെത്തി റോഡിലൂടെ നടന്നു പോവുകയായിരുന്ന വീട്ടമ്മയുടെ മാല പറിച്ച കേസില്‍ പിടിയിലായ മൂന്നംഗ സംഘത്തെ കുറിച്ച് പാലാ പോലീസ് കൂടുതല്‍ അന്വേഷണം ആരംഭിച്ചു.

നവംബര്‍ 19ന് രാവിലെ കൊല്ലപ്പള്ളി ചൈതന്യ റോഡില്‍ വച്ച് ക്ഷേത്രത്തിലേക്ക് പോവുകയായിരുന്നു പ്രദേശവാസിയായ കമലാക്ഷിയുടെ മാലയാണ് സംഘം പൊട്ടിച്ചെടുത്തത്. സംഭവവുമായി ബന്ധപ്പെട്ട് തലനാട് സ്വദേശികളായ മണാങ്കല്‍ എം എസ് ജിസ് (38), കുബിളിങ്കല്‍ അരുണ്‍ (21) ആനന്ദശേരില്‍ സിയാദ് (33) എന്നിവരാണ് അറസ്റ്റിലായത.

Advertisements

മൂന്നംഗ സംഘം സഞ്ചരിച്ചിരുന്ന ചുവന്ന പള്‍സര്‍ ബൈക്കിനെ ചുറ്റിപ്പറ്റി നടത്തിയ അന്വേഷണത്തിലാണ് പ്രതികളെ കുടുക്കിയത്. മാലപൊട്ടിച്ചെടുത്തവര്‍ ചുവന്ന പള്‍സര്‍ ബൈക്കിലാണ് സഞ്ചരിച്ചിരുന്നതെന്ന് കമലാക്ഷി പോലീസിനു മൊഴി നല്‍കിയിരുന്നു.

തുടര്‍ന്ന് പോലീസ് പ്രദേശത്തെ സിസിടിവി ക്യാമറ ദൃശ്യങ്ങള്‍ പരിശോധിച്ചതില്‍ നിന്നും ചുവന്ന പള്‍സര്‍ ബൈക്ക് പോകുന്നതിന്റെ ദൃശ്യങ്ങള്‍ ലഭിക്കുകയും ചെയ്തു.

തുടര്‍ന്ന് ഈ ബൈക്കിനെ കേന്ദ്രീകരിച്ച് പൊലീസ് അന്വേഷണം നടത്തുകയായിരുന്നു. പ്രദേശത്തെ രണ്ടു സിസിടിവി ക്യാമറകളില്‍ നിന്നും ബൈക്ക് പോയത് തലനാട് ഭാഗത്തേക്ക് ആണെന്ന് കണ്ടെത്തി. ഈ പ്രദേശത്തുള്ള എല്ലാ ചുവന്ന പള്‍സര്‍ ബൈക്കുകളും പോലീസ് പരിശോധിച്ചു.

ഈ പരിശോധനയിലാണ് മാല മോഷ്ടാക്കളെ പിടികൂടിയത്. ഈ മേഖലകളില്‍ ബൈക്കിലെത്തി മാലപൊട്ടിക്കല്‍ അടക്കമുള്ള നിരവധി സംഭവങ്ങള്‍ ഉണ്ടായിട്ടുണ്ട്. പിടിയിലായ സംഘം സമാനമായ രീതിയില്‍ വേറെ അക്രമങ്ങള്‍ നടത്തിയിട്ടുണ്ടോ എന്നും പോലീസ് അന്വേഷിക്കുന്നുണ്ട്.

പാലാ ഡിവൈഎസ്പി സാജു വര്‍ഗീസിന്റെ നേതൃത്വത്തില്‍ എസ്എച്ച്ഒ അനൂപ് ജോസ്, എസ്‌ഐമാരായ എംഡി അഭിലാഷ്, തോമസ് സേവ്യര്‍, ഷാജി കുര്യാക്കോസ് എന്നിവര്‍ ചേര്‍ന്നാണ് പ്രതികളെ പിടികൂടിയത്.

You May Also Like

Leave a Reply