പിജെ ജോസഫിനെ കൂവിയ കേസ്; എഫ്‌ഐആറില്‍ പ്രതിചേര്‍ക്കപ്പെട്ട മുന്‍നിര നേതാക്കള്‍ തടിതപ്പി, ക്രൂശിക്കപ്പെട്ടത് രണ്ടാംനിര നേതാക്കള്‍ മാത്രം,മാണി ഗ്രൂപ്പില്‍ അമര്‍ഷം പുകയുന്നുവെന്ന് സൂചന

പാലാ: കേരള കോണ്‍ഗ്രസ് (എം) ചെയര്‍മാന്‍ കെഎം മാണിയുടെ വിയോഗം മൂലം നടന്ന പാലാ നിയമസഭാ ഉപതെരഞ്ഞെടുപ്പിനോട് അനുബന്ധിച്ചു നടന്ന യുഡിഎഫ് കണ്‍വെന്‍ഷനില്‍ കേരള കോണ്‍ഗ്രസ് വര്‍ക്കിങ് ചെയര്‍മാനായ പിജെ ജോസഫ് എംഎല്‍എയെ കൂവി വിളിച്ചതിനും കേരള കോണ്‍ഗ്രസ് ജോസഫ് വിഭാഗം കോട്ടയം ജില്ലാ പ്രസിഡന്റ് സജി മഞ്ഞക്കടമ്പനെ ഫോണിലൂടെ വധഭീഷണി മുഴക്കിയെന്ന് ആരോപിച്ചും സജി മഞ്ഞക്കടമ്പില്‍ നല്‍കിയ പരാതിയില്‍ പാലാ സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ കേസ് രജിസ്റ്റര്‍ ചെയ്ത് കോടതി മുമ്പാകെ സമര്‍പ്പിച്ചിരുന്നു.

പാലാ സിഐ ആദ്യഘട്ടത്തില്‍ 12 പേരെയാണ് പ്രതിപട്ടികയില്‍ ഉള്‍പ്പെടുത്തിയിരുന്നത്. കേരള കോണ്‍ഗ്രസ് എം സംസ്ഥാന നേതാക്കളായ ജോര്‍ജുകുട്ടി ആഗസ്തി, പ്രമോദ് നാരായണന്‍, ജെന്നിംഗ്‌സ് ജേക്കബ്, ബേബി മാത്യു കാവുങ്കല്‍, സംസ്ഥാന കമ്മിറ്റി അംഗവും ഉപഭോക്തൃ തര്‍ക്ക പരിഹാര കോടതി കോട്ടയം ജില്ലാ ചെയര്‍മാനായിരുന്ന അഡ്വ. ബോസ് അഗസ്റ്റിന്‍ കെ.റ്റി യു സി നേതാവ് ജോസ്‌കുട്ടി പൂവേലിയുടെ മകന്‍ ജിസ് പൂവേലി എന്നിവരാണ് കേസ് കോടതിയില്‍ ഹാജരാക്കിയപ്പോള്‍ ഒഴിവാക്കപ്പെട്ടവര്‍.

ഇതില്‍ ഒന്നാം പ്രതിയായിരുന്ന ബേബി മാത്യു കാവുങ്കല്‍ ആണ് സജിമോനെ ഫോണില്‍ വിളിച്ച് ഭീഷണിപ്പെടുത്തി എന്ന് ആരോപിക്കപ്പെട്ടയാള്‍. ഇപ്പോള്‍ പ്രതിപ്പട്ടികയില്‍ ഒന്നാം സ്ഥാനത്ത് കേരള കോണ്‍ഗ്രസ് (എം) സംസ്ഥാന കമ്മിറ്റി അംഗം ജയകൃഷ്ണന്‍ പുതിയേടത്ത് ആണ്.

ജോസ് കെ മാണിയുടെ ഏറ്റവുമടുത്ത വിശ്വസ്തരില്‍ ഒരാളാണ് തൊടുപുഴ സ്വദേശിയായ ജയകൃഷ്ണന്‍. കേരളകോണ്‍ഗ്രസ് സോഷ്യല്‍ മീഡിയ വിംഗ് തലവനും ജയകൃഷ്ണനാണ്. യൂത്ത്ഫ്രണ്ട് (എം) സംസ്ഥാന സെക്രട്ടേറിയറ്റ് അംഗങ്ങളായ മനോജ് മറ്റമുണ്ടയില്‍, അജു പനയ്ക്കല്‍, അതിരമ്പുഴ മണ്ഡലം പ്രസിഡന്റ് ജോഷി ഇലഞ്ഞിയില്‍, കെ എസ് സി കോട്ടയം ജില്ലാ പ്രസിഡന്റ് ടോബി തൈപ്പറമ്പില്‍, കെ.റ്റി.യു.സി. നേതാവ് റെജി പോത്തന്‍ മുളവന എന്നിവരാണ് കേസിലെ മറ്റ് പ്രതികള്‍.

ഒഴിവാക്കപ്പെട്ടവരില്‍ പാര്‍ട്ടിയുടെ സ്റ്റേറ്റ് കമ്മിറ്റി അംഗങ്ങളും സംസ്ഥാന ജനറല്‍ സെക്രട്ടറിമാരും ഉള്‍പ്പെടുന്നുണ്ട്. സംസ്ഥാനത്ത് ഒരു പക്ഷേ ഇതാദ്യമായാണ് ഇത്തരമൊരു കേസ് രജിസ്റ്റര്‍ ചെയ്ത് കോടതി മുമ്പാകെ സമര്‍പ്പിക്കപ്പെടുന്നത്. ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ സെക്ഷന്‍ 143, 147, 149-ഉം ടെലികോം വകുപ്പ് 2 പ്രകാരവുമാണ് കേസ് ചാര്‍ജ് ചെയ്തിരിക്കുന്നത്.

1103/2020 എന്ന കേസ് നമ്പര്‍ പ്രകാരം പാലാ ഒന്നാംക്ലാസ് മജിസ്‌ട്രേറ്റ് കോടതി അടുത്ത അവധി ദിനമായ നവംബര്‍ പതിനാറിന് ഹാജരാകുവാന്‍ ആവശ്യപ്പെട്ട് പ്രതികള്‍ക്ക് സമന്‍സ് അയച്ചിരിക്കുകയാണിപ്പോള്‍.

ഏറെ വിവാദം സൃഷ്ടിച്ച കൂവല്‍ കേസ് ജോസ് ടോമിന്റെ തോല്‍വിയെ തുടര്‍ന്ന് ജോസഫ് വിഭാഗം നേതാക്കള്‍ വലിയ തോതില്‍ രാഷ്ട്രീയ പ്രചരണത്തിന് ഉപയോഗിച്ചിരുന്നു. യുഡിഎഫ് ഉപസമിതി മുമ്പാകെയും മാധ്യമങ്ങള്‍ക്ക് മുമ്പിലും പി.ജെജോസഫ് തന്നെ ഇത് സംബന്ധിച്ച് ആക്ഷേപം ഉന്നയിച്ചിരുന്നു.

കേസ് കോടതിയിലെത്തിയപ്പോള്‍ പുതിയൊരു വിവാദം കേരള കോണ്‍ഗ്രസ് എമ്മില്‍ ഉയരുകയാണ്. കേസില്‍ പ്രതിസ്ഥാനത്തു ചേര്‍ത്തിരുന്ന ഉന്നത നേതാക്കള്‍ എല്ലാം പലവിധ സ്വാധീനങ്ങളിലൂടെയാണ് കേസില്‍ നിന്നും ഒഴിവായി പോയപ്പോള്‍ രണ്ടാം തരക്കാര്‍ മാത്രമാണ് പ്രതിസ്ഥാനത്ത് വന്നത്. ഇതു വളരെ വലിയൊരു വിവാദം സൃഷ്ടിച്ചിട്ടുണ്ട്.

പാര്‍ട്ടിയുടെ ഒഫീഷ്യല്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളില്‍ നിശിതമായ വിമര്‍ശനമാണ് ഉയരുന്നത്. സിപിഎമ്മിന്റെ കണ്ണൂര്‍ മോഡല്‍ കേസുകളിലെ പ്രതികളെ പോലെ നേതാക്കള്‍ രക്ഷപ്പെട്ടിട്ട് അനുയായികളെ നിയമത്തിനു മുന്നിലേക്ക് എറിഞ്ഞു കൊടുക്കുന്ന നയം കേരള കോണ്‍ഗ്രസ് (എം) പാര്‍ട്ടിയും സ്വീകരിച്ചതില്‍ പലരും കടുത്ത അമര്‍ഷമാണ് രേഖപ്പെടുത്തിയത്. പാര്‍ട്ടി പ്രവര്‍ത്തകരെ അനുനയിപ്പിക്കാന്‍ മാര്‍ഗ്ഗം കാണാതെ ഉഴലുകയാണ് നേതാക്കള്‍.

ഇതിനിടെ തുടര്‍ന്ന് കേസ് മുന്നോട്ടു കൊണ്ടുപോകുവാന്‍ കേരള കോണ്‍ഗ്രസ് പാര്‍ട്ടിയുടെ യാതൊരു സഹായവും വേണ്ട എന്ന നിലപാടിലാണ് കേസില്‍ പ്രതിയാക്കപ്പെട്ട നേതാക്കള്‍.

ഇത് സംബന്ധിച്ച് പാര്‍ട്ടി നേതാക്കളോട് ചെയര്‍മാന്‍ ജോസ് കെ മാണി വിശദീകരണം ചോദിച്ചതായാണ് അറിവ്. അതിനിടെ രഹസ്യമായി ജോസഫ് വിഭാഗം നേതാക്കളുമായി ഒത്തുതീര്‍പ്പുണ്ടാക്കി ആണ് നേതാക്കള്‍ ഒഴിവാക്കപ്പെട്ടതെന്ന സംസാരവും പാര്‍ട്ടിക്കുള്ളില്‍ സജീവമാണ്.

പ്രതിചേര്‍ക്കപ്പെട്ടവരെ ബന്ധപ്പെടുവാനോ നിയമസഹായം പ്രഖ്യാപിക്കാനൊ പാര്‍ട്ടി നേതൃത്വം തയ്യാറാവാത്തതും അണികള്‍ക്കുള്ളില്‍ കടുത്ത അമര്‍ഷത്തിനിടയാക്കിയിട്ടുണ്ട്. പാര്‍ട്ടി ചെയര്‍മാന്‍ ജോസ് കെ മാണിയുമായി അടുത്ത ബന്ധം പുലര്‍ത്തുന്ന നേതാക്കള്‍ കോട്ടയത്തെ ഒരു പ്രമുഖ ഭരണകക്ഷിയുടെ നേതാവിനെ സ്വാധീനിച്ചാണ് കേസില്‍ നിന്നും ഒഴിവായതെന്ന് ഒരു വിഭാഗം ആരോപിക്കുന്നു.

പാലാ പോലീസ് സ്റ്റേഷനില്‍ കേരള കോണ്‍ഗ്രസ് മാണി വിഭാഗത്തിന് വേണ്ടി ഇടപെടുന്ന തൊഴിലാളി സംഘടന നേതാവ് ആണ് ഇതിനു പിന്നില്‍ പ്രവര്‍ത്തിച്ചതെന്നും അവര്‍ പറയുന്നു. പാലായിലെ ഉപ തെരഞ്ഞെടുപ്പ് സമയത്ത് ഉണ്ടാക്കിയ കൂവല്‍ പ്രതിഷേധം കോടതിയില്‍ എത്തുമ്പോള്‍ അത് സൃഷ്ടിച്ച അലയൊലികള്‍ മുഴങ്ങിക്കേള്‍ക്കുന്നത് കേരള കോണ്‍ഗ്രസ് മാണി വിഭാഗത്തില്‍ ആണ്.

പാര്‍ട്ടിയിലെ ഒന്നാംനിര നേതാക്കള്‍ തങ്ങളെ ചതിച്ച് കേസില്‍ നിന്നും ഒഴിവായി പോയത് സ്വാര്‍ത്ഥത കൊണ്ടാണെന്നും. ഓഗസ്റ്റ് അഞ്ചിന് കേസ് ആദ്യമായി കോടതിയില്‍ എത്തിയ ശേഷം നാളിതുവരെ പാര്‍ട്ടി നേതൃത്വം കേസില്‍ പ്രതിയാക്കപ്പെട്ടവരോട് വിമുഖത കാണിക്കുന്നത് തന്നെ അതിന് തെളിവാണെന്നും ഒരു വിഭാഗം സമര്‍ത്ഥിക്കുന്നു.

ഏതായാലും കേരള കോണ്‍ഗ്രസ് (എം) രാഷ്ട്രീയത്തില്‍ കൂവല്‍ കേസും അത് സൃഷ്ടിച്ച പ്രകമ്പനവും ഇനിയും ഉയരുമെന്ന് തീര്‍ച്ചയാണ്.

join group new

Maxin Francis

Hi It's me, Maxin Francis! I'm a journalist by profesion and passion while blogging is my hobby, web designing, digital marketing and social media are all my cups of tea.

Leave a Reply

%d bloggers like this: