General News

ഭിന്നശേഷിക്കാരെ പ്രത്യേക പരിഗണന നൽകി മുൻ നിരയിലേയ്ക്ക് കൊണ്ടുവരും : കേന്ദ്ര മന്ത്രി എ നാരായണ സ്വാമി

കോട്ടയം : ഭിന്നശേഷിക്കാരെ പ്രത്യേക പരിഗണന നൽകി മുൻ നിരയിലേയ്ക്ക് കൊണ്ടുവരുന്നതിന് കേന്ദ്ര സർക്കാർ പ്രതിജ്ഞാ ബന്ധനാണെന്ന് കേന്ദ്ര സാമൂഹ്യ നീതി വകുപ്പ് സഹമന്ത്രി എ.നാരായണ സ്വാമി പറഞ്ഞു.

കോട്ടയം പാർലമെന്റ് മണ്ഡലത്തിലെ മുഴുവൻ ഭിന്നശേഷിക്കാർക്കും സഹായ ഉപകരണങ്ങൾ വിതരണം ചെയ്യുന്ന പദ്ധതി ഉദ്ഘാടനം ചെയ്യുകയായിരുന്നു അദേഹം. കോട്ടയം പാർലമെന്റ് മണ്ഡലത്തിലെ 1258 ഗുണഭോക്താക്കൾക്ക് 96 ലക്ഷം രൂപയുടെ ഉപകരണങ്ങളാണ് വിതരണം ചെയ്യുന്നത്. ഇത്തരത്തിൽ രാജ്യത്തെമ്പാടുമായി കോടികളുടെ ഉപകരണങ്ങളാണ് വിതരണം ചെയ്യുന്നതെന്നും അദേഹം പറഞ്ഞു.

അംഗ പരിമിതർക്ക് സഹായം നൽകുന്ന നിഷിനെയും നിപ്മറിനെയും ദേശീയ നിലവാരത്തിലേയ്ക്ക് ഉയർത്താനുള്ള സഹായം കേന്ദ്ര സർക്കാരിൽ നിന്നടക്കം ലഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് യോഗത്തിൽ അധ്യക്ഷത വഹിച്ച മന്ത്രി ആർ.ബിന്ദു പറഞ്ഞു. ഭിന്നശേഷിക്കാരെ സമൂഹത്തിന്റെ മുഖ്യധാരയിലേയ്ക്ക് ഉയർത്തിക്കൊണ്ടുവരാനാണ് സർക്കാർ ശ്രമിക്കുന്നതെന്ന് മുഖ്യപ്രഭാഷണം നടത്തിയ മന്ത്രി വി.എൻ വാസവൻ പറഞ്ഞു.

ജോസ് കെ.മാണി എം പി ആമുഖ പ്രഭാഷണം നടത്തി. ജില്ലാ കളക്ടർ ഡോ.പി.കെ ജയശ്രീ റിപ്പോർട്ട് അവതരിപ്പിച്ചു. തോമസ് ചാഴികാടൻ എം.പി സ്വാഗതം ആശംസിച്ചു. തിരുവഞ്ചൂർ രാധാകൃഷ്ണൻ എം.എൽ.എ പ്രസംഗിച്ചു.

ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് നിർമ്മല ജിമ്മി, നഗരസഭ അധ്യക്ഷ ബിൻസി സെബാസ്റ്റ്യൻ, ഏറ്റുമാനൂർ നഗരസഭ അധ്യക്ഷ ലവ് ലി ജോർജ് , പള്ളം ബ്ളോക്ക് പഞ്ചായത്ത് പ്രസിഡന്റ് ടോമിച്ചൻ ജോസഫ് , പാമ്പാടി ബ്ളോക്ക് പഞ്ചായത്ത് പ്രസിഡന്റ് മറിയാമ്മ എബ്രഹാം , ഏറ്റുമാനൂർ ബ്ളോക്ക് പഞ്ചായത്ത് അധ്യക്ഷ ആര്യ രാജേന്ദ്രൻ , ആലാംകോ സീനിയർ മാനേജർ എ.പി അശോക് കുമാർ , ജില്ലാ സോഷ്യൽ ജസ്റ്റിസ് ഓഫിസർ ജോസഫ് റിബെല്ലോ, സി.പി.എം ജില്ലാ സെക്രട്ടറി എ.വി റസൽ , ബി.ജെ.പി ജില്ലാ പ്രസിഡന്റ് ലിജിൻ ലാൽ , കേരള കോൺഗ്രസ് എം ജില്ല പ്രസിഡന്റ് സണ്ണി തെക്കേടം എന്നിവർ പ്രസംഗിച്ചു.

കേരളത്തിൽ ഒരു പാർലമെന്റ് മണ്ഡലത്തിൽ ഏറ്റവും കൂടുതൽ ഭിന്നശേഷിക്കാർക്ക് ഉപകരണങ്ങൾ വിതരണം ചെയ്തത് കോട്ടയം പാർലമെന്റ് മണ്ഡലത്തിലാണ്. പദ്ധതി വിതരണം പൂർത്തിയാകുന്നതോടെ ഇതും ചരിത്രമായി മാറും. സാമൂഹിക നീതി വകുപ്പുമായി ബന്ധപ്പെട്ട പാർലമെന്ററി സ്റ്റാൻഡിങ്ങ് കമ്മിറ്റിയിൽ ഉൾപ്പെട്ട കോട്ടയം എം.പി തോമസ് ചാഴികാടന്റെ ഇടപെടലിനെ തുടർന്നാണ് ഉപകരണങ്ങൾ വിതരണം ചെയ്തത്. കേന്ദ്ര സർക്കാരിന്റെ സാമാജിക് അധികാരിത ശിബിർ പദ്ധതയിൽ ഉൾപ്പെടുത്തി അലിം കോ നേതൃത്വത്തിലാണ് ഉപകരണങ്ങൾ വിതരണം ചെയ്തത്.

ജില്ലാ കളക്ടറുടെ നിർദ്ദേശ പ്രകാരം അലിംകോയുടെ നേതൃത്വത്തിൽ മാസങ്ങൾ നീണ്ട സർവേയ്ക്ക് ഒടുവിലാണ് അർഹരായവരെ കണ്ടെത്തിയത്. സാമൂഹ്യ നീതി വകുപ്പ് , ബ്ളോക്ക് പഞ്ചായത്തുകൾ , അംഗൻവാടി പ്രവർത്തകർ , ആരോഗ്യ വകുപ്പ് , ആർച്ച് ബിഷപ്പ് കുര്യാക്കോസ് കുന്നശേരി ഫൗണ്ടേഷൻ എന്നിവരുടെ സഹകരണത്തോടെയാണ് ക്യാമ്പ് നടത്തിയത്.

ഇന്നലെ പാമ്പാടി , പള്ളം , ഏറ്റുമാനൂർ ബ്ളോക്കിലേയും , കോട്ടയം ഏറ്റുമാനൂർ നഗരസഭയിലെയും ഭിന്നശേഷിക്കാർക്ക് ഉപകരണങ്ങൾ വിതരണം ചെയ്തു. ഏഴിന് ളാലം , ഒൻപതിന് വൈക്കം , 10 ന് കടുത്തുരുത്തി , 13 ന് ഉഴവൂർ , 14 ന് മുളന്തുരുത്തി , 15 ന് പാമ്പാക്കുട എന്നിവിടങ്ങളിലും ഉപകരണങ്ങൾ വിതരണം ചെയ്യും.

Leave a Reply

Your email address will not be published.