General News

പട്ടിത്താനം മണർകാട് ബൈപാസ്‌ ടാറിങ് പൂർത്തിയായി ;നവംബർ ഒന്നിന് തുറന്നുകൊടുക്കും

പട്ടിത്താനം- മണർകാട് ബൈപ്പാസിന്റെ അവസാനറീച്ചിന്റെയും നിർമാണം പൂർത്തിയായി. ബൈപ്പാസിന്റെ പറേകണ്ടം ജംഗ്ഷൻ മുതൽ പട്ടിത്താനം വരെയുള്ള അവസാനറീച്ചിന്റെ ടാറിങ് ഇന്നലെ കൊണ്ടു പൂർത്തിയായി.

അവസാന റീച്ചിലെ 1.8 കിലോമീറ്റർ നീളം വരുന്ന റോഡിന്റെ ബി.എം. ആൻഡ് ബി.സി. നിലവാരത്തിലുള്ള ടാറിംങാണ് ഇന്നലെ പൂർത്തീകരിച്ചത്. റോഡിൽ മാർക്കിങ്ങുകൾ രേഖപ്പെടുത്തുന്നതടക്കമുള്ള സുരക്ഷാപ്രവർത്തികളാണ് ബാക്കിയുള്ളത്. പത്തുദിവസത്തിനുശേഷം ഈ നടപടികളും പൂർത്തിയാക്കി നവംബർ ഒന്നിനു തന്നെ റോഡ് ഗതാഗതത്തിനായി തുറന്നുകൊടുക്കും.

സ്ഥലം എം.എൽ.എയും സഹകരണ-സാംസ്‌കാരിക-രജിസ്‌ട്രേഷൻ വകുപ്പുമന്ത്രിയുമായ മന്ത്രി വി.എൻ. വാസവന്റെ തുടർച്ചയായ ഇടപെടലുകളേത്തുടർന്നാണ് പദ്ധതി വേഗത്തിൽ പൂർത്തീകരിച്ചത്. മന്ത്രി എല്ലാ മാസവും നിർമാണ പ്രവർത്തികൾ അവലോകനം ചെയ്തിരുന്നു. പ്രവർത്തികൾ നേരിട്ടു സന്ദർശിച്ചു വിലയിരുത്തുകയും ചെയ്ത മന്ത്രി നവംബർ ഒന്നിനു കേരളപ്പിറവി ദിനത്തിൽ റോഡ് തുറന്നുനൽകുമെന്നും പ്രഖ്യാപിച്ചിരുന്നു.

റോഡ് തുറന്നുകൊടുക്കുന്നതോടെ കോട്ടയം, ഏറ്റുമാനൂർ, ചങ്ങനാശേരി, നഗരങ്ങളിലെ തിരക്ക് ഒഴിവാക്കി എം.സി. റോഡിലൂടെയുള്ള വാഹനയാത്ര സുഗമമാകും. എം.സി. റോഡിലെ തിരക്കൊഴിവാക്കി യാത്ര ചെയ്യാനാവുന്ന പട്ടിത്താനം-പെരുന്തുരുത്തി ബൈപ്പാസ് റോഡിന്റെ ഭാഗമാണിത്.

എം.സി. റോഡിൽ പട്ടിത്താനം കവലയിൽ നിന്നാണ് ബൈപ്പാസ് ആരംഭിക്കുന്നത്. മണർകാട്, പുതുപ്പള്ളി, തെങ്ങണ വഴിയുള്ള ബൈപ്പാസ് തിരുവല്ലയ്ക്കു മുമ്പ് പെരുന്തുരുത്തി കവലയിൽ വച്ചാണ് എം.സി. റോഡുമായി വീണ്ടും സംഗമിക്കുന്നത്.

മണർകാട് നിന്ന് കെ.കെ. റോഡിലേക്കും പ്രവേശിക്കാം. ജില്ലയിലെ പ്രധാന രണ്ടു റോഡുകളുമായി തിരക്കൊഴിവാക്കി സഞ്ചരിക്കാവുന്ന വഴി പൂർണമായും പ്രവർത്തനസജ്ജമാകുന്നതോടെ ഏറ്റുമാനൂർ അടക്കമുള്ള നഗരങ്ങളിലെ തിരക്കിന് ചെറിയ തോതിലെങ്കിലും പരിഹാരമാകും.

13.30 കിലോമീറ്റർ നീളം വരുന്ന റോഡിന്റെ മണർകാട് മുതൽ പൂവത്തും മൂട് വരെയുള്ള ഒന്നാം റീച്ചിന്റെ നിർമാണം 2015ലും പൂവത്തുംമൂട് മുതൽ ഏറ്റുമാനൂർ പൂഞ്ഞാർ സംസ്ഥാന പാതയിലെ പറേക്കണ്ടം വരെയുള്ള രണ്ടാം ഭാഗം 2019 ലും പൂർത്തീകരിച്ചിരുന്നു.

അവസാനറീച്ചായ പട്ടിത്താനം വരെയുള്ള ഭാഗത്തിന് ഭൂമി പൂർണമായും ഉടമകൾക്കു വില നൽകി ഏറ്റെടുത്ത് പുതിയ റോഡ് നിർമിക്കുകയായിരുന്നു. 12.60 കോടി രൂപ ചെലവഴിച്ചാണ് അവസാനഘട്ടം നിർമാണം പൂർത്തിയാക്കിയത്.

Leave a Reply

Your email address will not be published.