പാറ്റ്‌ന ആര്‍ച്ച് ബിഷപ്പ് മാര്‍ സെബാസ്റ്റ്യന്‍ കല്ലുപുരയുടെ സ്ഥാനാരോഹണം നാളെ; തീക്കോയിക്കും അഭിമാന നിമിഷം

പരിശുദ്ധ പിതാവ് മാര്‍ ഫ്രാന്‍സിസ് മാര്‍പാപ്പാ പാറ്റ്‌ന അതിരൂപതയുടെ ആര്‍ച്ച് ബിഷപ്പായി നിയമിച്ച മാര്‍ സെബാസ്റ്റ്യന്‍ കല്ലുപുരയുടെ സ്ഥാനാരോഹണ ചടങ്ങുകള്‍ നാളെ (29-12-2020) രാവിലെ 10 മണിക്ക് പാറ്റ്‌നയിലെ ബാങ്കിപൂര്‍ ഉള്ള സെന്റ് ജോസഫ് പ്രൊ കത്തീഡ്രലില്‍ വെച്ച് നടക്കും.

കോവിഡ് മാനദണ്ഡങ്ങള്‍ ഉള്ളതിനാല്‍ ചടങ്ങുകള്‍ വളരെ ലളിതം ആയിരിക്കുമെന്ന് അറിയിച്ചു. സാമന്ത രൂപതകളിലെ മെത്രാന്‍മാര്‍ സംബന്ധിക്കും. പാറ്റ്‌ന രൂപതയുടെ ആര്‍ച്ച് ബിഷപ്പായിരുന്ന വില്യം ഡിസൂസ രാജിവെച്ച ഒഴിവിലേക്കാണ് ബക്‌സര്‍ രൂപതാധ്യക്ഷന്‍ ആയിരുന്ന മാര്‍ സെബാസ്റ്റ്യന്‍ കല്ലുപുര നിയമിതനായിരിക്കുന്നത്.

Advertisements

1952 ജൂലായ് പതിനാലിന് കല്ലുപുരയ്ക്കകത്ത് ജോണ്‍ അന്നമ്മ ദമ്പതികളുടെ രണ്ടാമത്തെ മകനായി കോട്ടയം ജില്ലയിലെ തീക്കോയില്‍ ജനിച്ചു. തുടര്‍ന്ന് കണ്ണൂര്‍ ജില്ലയിലെ കൊട്ടിയൂരിലേക്ക് കുടിയേറ്റം നടത്തി.

പ്രാഥമിക വിദ്യാഭ്യാസം ചുങ്കക്കുന്ന് ഗവണ്‍മെന്റ് യുപി സ്‌കൂളിലും ഹൈസ്‌കൂള്‍ വിദ്യാഭ്യാസം കേളകം സെന്റ് തോമസ് ഹൈസ്‌കൂളിലും നടത്തി. 1971 ല്‍ പാറ്റ്‌ന രൂപയ്ക്ക് വേണ്ടി പാലായിലെ മൈനര്‍ സെമിനാരിയില്‍ വൈദിക പരിശീലനം ആരംഭിച്ചു.

1984 മെയ് 14 ന് മാര്‍ ആന്റണി പടിയറ പിതാവിന്റെ കൈവെപ്പുവഴി വൈദികനായി അഭിഷിക്തനായി. തുടര്‍ന്ന് പാറ്റ്‌ന അതിരൂപതയിലെ വിവിധ ഇടവകകളില്‍ ശുശ്രൂഷ ചെയ്തു.

തുടര്‍ന്ന് അതിരൂപത പ്രോക്യൂറേറ്റര്‍ , അതിരൂപത സോഷ്യല്‍അപോസ്റ്റ് ലൈറ്റ് ഡയറക്ടര്‍ , ബീഹാര്‍ സോഷ്യല്‍ ഫോറം ഡയറക്ടര്‍ എന്നീ നിലകളില്‍ സേവനമനുഷ്ഠിച്ചു.

2009 ഏപ്രില്‍ ഏഴിന് ബക്‌സര്‍ രൂപതാധ്യക്ഷനായി പരിശുദ്ധ പിതാവ് ജോണ്‍ പോള്‍ രണ്ടാമന്‍ മാര്‍പാപ്പ നിയമിക്കുകയും 2009 ജൂണ്‍ 21ന് മെത്രാഭിഷേകം നടക്കുകയും ചെയ്തു. 2018 ജൂണ്‍ 29ന് പരിശുദ്ധ പിതാവ് ഫ്രാന്‍സിസ് മാര്‍പ്പാപ്പ അദ്ദേഹത്തെ പിന്തുടര്‍ച്ച അവകാശം ഉള്ള പാറ്റ്‌നാ അതിരൂപത ആര്‍ച്ച് ബിഷപ്പായി നിയമിച്ചു.

2020 ഡിസംബര്‍ 9ന് നിലവിലുണ്ടായിരുന്ന ആര്‍ച്ച് ബിഷപ്പ് വിരമിക്കുകയും പിന്തുടര്‍ച്ചാവകാശം ഉള്ള മാര്‍ സെബാസ്റ്റൃന്‍ കല്ലുപുര അതിരൂപത അധ്യക്ഷന്‍ ആയി മാറുകയും ചെയ്തു.

സിബിസിഐയുടെ കാരിത്താസ് ഇന്ത്യ കമ്മീഷന്‍ ചെയര്‍മാന്‍, സിസിബിഐയുടെ ഫാമിലി കമ്മീഷന്‍ ചെയര്‍മാന്‍ എന്നീ സ്ഥാനങ്ങളും അദ്ദേഹം വഹിക്കുന്നു. മാനന്തവാടി രൂപതയിലെ കൊട്ടിയൂര്‍ ഇടവകയില്‍ കല്ലുപുരയ്ക്കകത്ത് ജോണ്‍ അന്നമ്മ ദമ്പതികളുടെ എട്ടുമക്കളില്‍ രണ്ടാമനാണ് മാര്‍ സെബാസ്റ്റ്യന്‍.

ഫാദര്‍ ജോണി കല്ലൂപുര (മാനന്തവാടി രൂപത), സിസ്റ്റര്‍ മേരി കല്ലുപുര എസ്എച്ച് (മാനന്തവാടി പ്രൊവിന്‍സ്) എന്നിവര്‍ സഹോദരങ്ങളാണ്. ഔസേപ്പച്ചന്‍, ബേബി, കുട്ടിയമ്മ, തോമസ്, മോളി എന്നിവരാണ് മറ്റു സഹോദരങ്ങള്‍.

മാനന്തവാടി രൂപതയില്‍ നിന്നും മൂന്ന് പേരാണ് മെത്രാന്മാരായി നിയമിതനായിരിക്കുന്നത്. അവര്‍ മൂന്ന് പേരും ഇന്ന് ആര്‍ച്ച് ബിഷപുമാര്‍ ആണ്. മാര്‍ ജോണ്‍ മൂലച്ചിറ – ഡിഫു അതിരൂപത, മാര്‍ ജോര്‍ജ് ഞരളക്കാട്ട് – തലശ്ശേരി അതിരൂപത, മാര്‍ സെബാസ്റ്റ്യന്‍ കല്ലുപുര – പാറ്റ്‌ന അതിരൂപത ആര്‍ച്ച് ബിഷപ്പ്.

മാര്‍ സെബാസ്റ്റ്യന്‍ കല്ലുപുര യുടെ സ്ഥാനാരോഹണത്തില്‍ കല്ലുപുര യ്ക്കകത്ത് കുടുംബവും കൊട്ടിയൂര്‍ പ്രദേശവും മാനന്തവാടി രൂപതയും ഒപ്പം ജന്മനാടായ തീക്കോയിയും ഏറെ സന്തോഷത്തിലാണ്.

You May Also Like

Leave a Reply