പൂവാര്‍: കൊച്ചുതുറയില്‍ ഫുട്ബാള്‍ ഗ്രൗണ്ടിനെച്ചൊല്ലിയുണ്ടായ സംഘര്‍ഷത്തില്‍ ഇടവക വികാരി ഉള്‍പ്പെടെ നാലുപേര്‍ക്ക് പരിക്കേറ്റു.
കൊച്ചുതുറ സെന്റ് ആന്റണീസ് ചര്‍ച്ചിലെ വികാരി ഫാ. പ്രബിന്, ഇടവക കോ- ഓര്‍ഡിനേറ്റര്‍ സന്ധ്യ സോളമന്, ബിജോയ്, വെബിന് എന്നിവര്‍ക്കാണ് പരിക്കേറ്റത്. ഫാ. പ്രബിന്റെ പരിക്ക് ഗുരുതരമാണ്.
ഇവരെ തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.സംഭവത്തില്‍ പ്രതിഷേധിച്ച് വിശ്വാസികള്‍ മണിക്കൂറുകളോളം ഗതാഗതം തടഞ്ഞു.
ഇന്നലെ വൈകിട്ട് 4 മണിയോടെയാണ് സംഭവങ്ങളുടെ തുടക്കം. കുറച്ചുനാളായി കൊച്ചുതുറ ഇടവകയുടെ അടുത്തായി സ്ഥിതിചെയ്യുന്ന ഗ്രൗണ്ടിനെച്ചൊല്ലി ഇടവകയും സമീപത്തെ ക്ളബുമായി തര്‍ക്കത്തിലായിരുന്നു.
ഗ്രൗണ്ടില്‍ മഴവെള്ളം ഒഴുകിയെത്തുന്നതിനെ തുടര്‍ന്ന് മെയിന്‍ റോഡിലെ വഴി ക്ളബ് അംഗങ്ങള്‍ അടച്ചു. ഇന്നലെ ഗോതമ്പ് റോഡിന് താഴെയുള്ള സ്ഥലത്ത് ക്ലബ് ടൂര്‍ണമെന്റ് സംഘടിപ്പിച്ചു.
ഈ രണ്ട് സ്ഥലങ്ങളിലും ടൂര്‍ണമെന്റ് നടത്താന്‍ പാടില്ലെന്ന കളക്ടറുടെ ഉത്തരവ് നിലനില്‍ക്കുന്നുണ്ടെന്ന് ചൂണ്ടിക്കാട്ടി ഇടവക കമ്മിറ്റി കാഞ്ഞിരംകുളം പൊലീസില്‍ പരാതി നല്കി.
ഇതിനിടെ റോഡില്‍ അടച്ച വഴി തുറക്കാനെത്തിയ ഇടവക വികാരിയെയും ഭാരവാഹികളെയും ക്ലബിലെ ആളുകള്‍ മര്‍ദ്ദിക്കുകയായിരുന്നു. സംഭവത്തിന് ശേഷവും ക്ലബ് ടൂര്‍ണമെന്റ് സംഘടിപ്പിച്ചു.
ചികിത്സയില്‍ കഴിയുന്ന ഇടവക വികാരിയുടെ മൊഴി രേഖപ്പെടുത്തിയ ശേഷം കേസ് ചാര്‍ജ് ചെയ്യുമെന്ന് കാഞ്ഞിരംകുളം പൊലീസ് അറിയിച്ചു.