Pala News

അര നൂറ്റാണ്ടിൻ്റെ കാത്തിരിപ്പിനൊടുവിൽ മാണി സി കാപ്പൻ്റെ കരുതലിൽ പാറപ്പള്ളി ലക്ഷംവീട് കോളനി നിവാസികളുടെ വഴിയെന്ന സ്വപ്നം യാഥാർത്ഥ്യമായി

പാലാ: അര നൂറ്റാണ്ടിലേറെക്കാലമായുള്ള പാറപ്പള്ളി ലക്ഷം കോളനി നിവാസികളുടെ വഴിയെന്ന സ്വപ്നത്തിന് മാണി സി കാപ്പൻ എം എൽ എ യുടെ കരുതലിൽ സാക്ഷാൽക്കാരം.

ലക്ഷംവീട് കോളനി ആരംഭിച്ചിട്ട് അരനൂറ്റാണ്ട് പിന്നിട്ടു. അന്നു മുതൽ വഴി എന്നത് സ്വപ്നമായി അവശേഷിക്കുകയായിരുന്നു കോളനി നിവാസികൾക്ക്. കോളനി ആരംഭിച്ചപ്പോൾ കൈക്കുഞ്ഞായിരുന്നവരുടെ മക്കൾക്കു കൈക്കുഞ്ഞുങ്ങൾ ഉണ്ടായിട്ടും സ്വപ്നം യാഥാർത്ഥ്യമായില്ല.

വർഷങ്ങളായി അധികാര കേന്ദ്രങ്ങളിലും രാഷ്ട്രീയ കേന്ദ്രങ്ങളിലും ആവശ്യം ഉന്നയിക്കപ്പെട്ടു. ആദ്യമൊക്കെ ഓരോ തിരഞ്ഞെടുപ്പുകൾ വരുമ്പോഴും പ്രതീക്ഷകളുമായി ആളുകളെത്തി. നിരാശയായിരുന്നു ഫലം. പിന്നെ അതൊരു ശീലമായി. സ്വന്തം വീട്ടുമുറ്റത്ത് വാഹനം എത്തിക്കുക എന്നത് യഥാർത്ഥ്യമാകില്ലെന്നു അരനൂറ്റാണ്ടിലേറെക്കാലം കൊണ്ട് അവർക്കു ബോധ്യപ്പെട്ടു. എങ്കിലും ശ്രമം തുടർന്നു. 25 ൽ പരം കുടുംബങ്ങളാണ് ഇവിടെയുള്ളത്.

ഇതിനിടെയാണ് വിഷയം മാണി സി കാപ്പൻ എം എൽ എ യുടെ ശ്രദ്ധയിൽപ്പെടുത്തിയത്. സമീപവാസിയായ സഹപാഠിചൂരക്കാട്ട് സി ജി വിജയകുമാറിനെ നേരിൽ കണ്ട് മാണി സി കാപ്പൻ കോളനിക്കാർക്കായി സ്ഥലം വിട്ടു നൽകണമെന്ന് അഭ്യർത്ഥിച്ചു.

ഇതേത്തുടർന്ന് അദ്ദേഹത്തിൻ്റെയും സഹോദരൻ സി ജി നന്ദകുമാറിൻ്റെയും ഉടമസ്ഥതയിലുള്ള നാലു സെൻ്റോളം ഭൂമി കോളനി നിവാസികളുടെ യാത്രാവശ്യങ്ങൾക്കായി വഴി നിർമ്മിക്കുന്നതിന് സൗജന്യമായി വിട്ടുകൊടുക്കാമെന്ന് സമ്മതിച്ചതോടെ അരനൂറ്റാണ്ടായി കോളനി നിവാസികൾ കൊണ്ടു നടന്ന സ്വപ്നം യാഥാർത്ഥ്യമാകുകയായിരുന്നു. തുടർന്ന് അരക്കിലോ മീറ്ററോളം റോഡ് വെട്ടി. ഇതിൻ്റെ കോൺക്രീറ്റിംഗിനും മറ്റുമായി മാണി സി കാപ്പൻ എം എൽ എ ഫണ്ടിൽ നിന്നും 30 ലക്ഷം രൂപയും അനുവദിച്ചു. കോൺക്രീറ്റിംഗ് പൂർത്തീകരിച്ചതോടെ കോളനിയിലേയ്ക്കുള്ള യാത്ര സുഗമമായി.

തങ്ങളുടെ ദീർഘനാളെത്തെ സ്വപ്നം യാഥാർത്ഥ്യമാക്കിയ എം എൽ എ യ്ക്കും സ്ഥലമുടമകൾക്കും നന്ദി അർപ്പിക്കുകയാണ് കോളനി നിവാസികൾ.

Leave a Reply

Your email address will not be published.