സത്യപ്രതിജ്ഞ നാളെ; മാര്‍ഗ നിര്‍ദേശങ്ങള്‍ അറിയാം

തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലേക്ക് തിരഞ്ഞെടുക്കപ്പെട്ട അംഗങ്ങള്‍ നാളെ (ഡിസംബര്‍ 21) സത്യപ്രതിജ്ഞ/ ദൃഢപ്രതിജ്ഞ ചെയ്ത് അധികാരമേല്‍ക്കും. ഇത് സംബന്ധിച്ച മാര്‍ഗ നിര്‍ദേശങ്ങള്‍ കമ്മീഷന്‍ പുറപ്പെടുവിച്ചു.

ഗ്രാമ, ബ്ലോക്ക്, ജില്ലാ പഞ്ചായത്തുകളില്‍ ആദ്യ അംഗത്തെ സത്യപ്രതിജ്ഞ/ദൃഢപ്രതിജ്ഞ ചെയ്യിക്കേണ്ടത് അതത് സ്ഥാപനങ്ങളിലെ വരണാധികാരികളാണ്. മുനിസിപ്പല്‍ കൗണ്‍സിലുകളില്‍ കമ്മീഷന്‍ നിയോഗിച്ചിട്ടുള്ള വരണാധികാരികളാണ് പ്രതിജ്ഞ ചെയ്യിപ്പിക്കേണ്ടത്.

Advertisements

ഓരോ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേയ്ക്കും തിരഞ്ഞെടുക്കപ്പെട്ട അംഗങ്ങളില്‍ ഏറ്റവും പ്രായം കൂടിയ അംഗം/ കൗണ്‍സിലര്‍ വരണാധികാരി മുമ്പാകെ സത്യപ്രതിജ്ഞ/ദൃഢപ്രതിജ്ഞ എടുക്കണം.

ഇദ്ദേഹമായിരിക്കും മറ്റ് അംഗങ്ങളെ സത്യപ്രതിജ്ഞ/ദൃഢപ്രതിജ്ഞ ചെയ്യിക്കുക. തിരഞ്ഞെടുക്കപ്പെട്ട എല്ലാ അംഗങ്ങള്‍ക്കും പ്രതിജ്ഞ എടുക്കാന്‍ രേഖാമൂലം അറിയിപ്പ് നല്‍കും.

ഗ്രാമ പഞ്ചായത്ത്, ബ്ലോക്ക് പഞ്ചായത്ത്, ജില്ലാ പഞ്ചായത്ത്, മുനിസിപ്പല്‍ കൗണ്‍സിലുകള്‍ എന്നിവിടങ്ങളില്‍ രാവിലെ 10ന് സത്യപ്രതിജ്ഞ നടപടികള്‍ ആരംഭിക്കും.

ചടങ്ങുകള്‍ക്ക് ഗ്രാമപഞ്ചായത്തുകളില്‍ പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടര്‍മാരും ബ്ലോക്ക് പഞ്ചായത്തുകളില്‍ അസിസ്റ്റന്റ് ഡെവലപ്പ്മെന്റ് കമ്മീഷണര്‍മാരും മുനിസിപ്പാലിറ്റികളില്‍ അതത് തദ്ദേശസ്ഥാപനങ്ങളിലെ സെക്രട്ടറിമാരും ജില്ലാ പഞ്ചായത്തില്‍ ജില്ലാ കളക്ടറുമാണ് ആവശ്യമായ ക്രമീകരണങ്ങള്‍ ചെയ്യുക.

സത്യപ്രതിജ്ഞാ ചടങ്ങ് കഴിഞ്ഞാലുടന്‍ തിരഞ്ഞെടുക്കപ്പെട്ട എല്ലാ അംഗങ്ങളുടേയും ആദ്യ യോഗം ആദ്യം പ്രതിജ്ഞ ചെയ്ത അംഗത്തിന്റെ അധ്യക്ഷതയില്‍ ചേരണം. സത്യപ്രതിജ്ഞാ ചടങ്ങുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങള്‍ സമയബന്ധിതമായി നടക്കുന്നുണ്ടെന്ന് ജില്ലാ തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥര്‍ നിരീക്ഷിക്കുകയും കമ്മീഷന് റിപ്പോര്‍ട്ട് സമര്‍പ്പിക്കുകയും ചെയ്യണം.

സത്യപ്രതിജ്ഞ നടത്തുന്നത് കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചാകണം. സത്യപ്രതിജ്ഞയ്ക്കു വേണ്ടി യോഗം ചേരുമ്പോള്‍ മാസ്‌ക്, സാനിറ്റൈസര്‍ എന്നിവ നിര്‍ബന്ധമായും ഉപയോഗിക്കുകയും സാമൂഹിക അകലം പാലിക്കുകയും ചെയ്യണം.

ഏതെങ്കിലും അംഗത്തിന്/ കൗണ്‍സിലര്‍ക്ക് കോവിഡ് പോസിറ്റീവ്/ ക്വാറന്റൈന്‍ ആണെങ്കില്‍ ആ വിവരം വരണാധികാരിയെ മുന്‍കൂട്ടി അറിയിക്കുകയും പിപിഇ കിറ്റ് ധരിച്ചും കോവിഡ് നിയന്ത്രണങ്ങള്‍ പാലിച്ചും സത്യപ്രതിജ്ഞയ്ക്ക് നേരിട്ട് ഹാജരാകുകയും വേണം.

ഇത്തരത്തില്‍ ഹാജരാകുന്ന അംഗങ്ങള്‍ക്ക്, ഹാജരുള്ള മറ്റെല്ലാ അംഗങ്ങളും സത്യപ്രതിജ്ഞ ചെയ്തതിനു ശേഷമാണ് അവസരം നല്‍കേണ്ടത്. വരണാധികാരികളെ മുന്‍കൂട്ടി അറിയിക്കുന്നത് അനുസരിച്ച് അംഗങ്ങള്‍ക്ക് പിപിഇ കിറ്റ് ലഭ്യമാക്കുന്നതിനുള്ള നടപടി തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥര്‍ സ്വീകരിക്കും.

You May Also Like

Leave a Reply