പഞ്ചായത്ത് തെരഞ്ഞെടുപ്പ്; ഇടതു മുന്നണിയില്‍ അസ്വാരസ്യം പുകയുന്നു, കേരള കോണ്‍ഗ്രസ് എം മറ്റു പാര്‍ട്ടി സ്ഥാനാര്‍ഥികളുടെ കാലുവാരിയെന്ന് ആരോപണം

പാലാ: കേരള കോണ്‍ഗ്രസ് എം ഇടതുപക്ഷത്തു ചേക്കേറിയതില്‍ നേട്ടം ആര്‍ക്ക് എന്ന ചോദ്യം രാഷ്ട്രീയ കേരളം ഗൗരവമായി ചോദിക്കുന്നതിനിടെ ഇടതുപക്ഷ മുന്നണിയില്‍ അസ്വാരസ്യം വീണ്ടും പുകയുന്നു. കേരള കോണ്‍ഗ്രസ് മറ്റു പാര്‍ട്ടി സ്ഥാനാര്‍ഥികളുടെ കാലുവാരിയെന്നാണ് പുതിയ ആരോപണം.

ഇടതുപക്ഷക്കാര്‍ എല്ലാവരും കേരള കോണ്‍ഗ്രസ് സ്ഥാനാര്‍ഥികളുടെ വിജയത്തിനായി അക്ഷീണം പ്രയത്‌നിച്ചപ്പോള്‍ ഇടതുപക്ഷക്കാരെ തോല്‍പ്പിക്കുന്നതിന് പിന്നില്‍ നിന്നു ചരടു വലിക്കുകയാണ് കേരള കോണ്‍ഗ്രസ് ചെയ്തത്. ചിലയിടത്തു എതിര്‍കക്ഷിക്കു വോട്ടു മറിച്ചപ്പോള്‍ ചിലയിടത്ത് വോട്ട് ചെയ്യാതിരിക്കുകയാണ് ഇവര്‍ ചെയ്തത്.

Advertisements

കേരള കോണ്‍ഗ്രസ് എം ഒഴിച്ചുള്ള ഇടതുപക്ഷ പാര്‍ട്ടികള്‍ മല്‍സരിച്ചിടത്ത് പലയിടത്തും വോട്ടുകള്‍ വളരെ കുറവാണ്. മറുവശത്ത് കേരള കോണ്‍ഗ്രസ് എം മല്‍സരിച്ച എല്ലായിടത്തും മികച്ച രീതിയില്‍ അവര്‍ മുന്നേറി.

അതായത് ഇടതുപക്ഷക്കാര്‍ ആത്മാര്‍ഥമായി എല്ലാവര്‍ക്കും കേരള കോണ്‍ഗ്രസുകാര്‍ക്ക് ഉള്‍പ്പെടെ വോട്ടു ചെയ്തപ്പോള്‍ കേരള കോണ്‍ഗ്രസുകാര്‍ അതേ ആത്മാര്‍ഥതയോടെ വോട്ടു ചെയ്തിട്ടില്ല.

ALSO READ

തദ്ദേശ തെരഞ്ഞെടുപ്പില്‍ കാപ്പനെ തഴഞ്ഞത് മുന്‍കൂട്ടി തയാറാക്കിയ തിരക്കഥ അനുസരിച്ച്!

സിപിഐയിലെ തലയെടുപ്പുള്ള നേതാവും ഏറെ ജനസ്വീകാര്യനുമായ ഒരു പ്രമുഖ നേതാവ് പോലും കേരള കോണ്‍ഗ്രസുകാരുടെ ഈ തരംതാണ ചതിക്കുഴിയില്‍ പെട്ടാണ് തോറ്റു പോയത്. പത്തില്‍ താഴെ വോട്ടുകള്‍ക്കാണ് സിപിഐയുടെ മുന്‍ പാലാ ഏരിയ സെക്രട്ടറി കൂടിയായിരുന്ന ഈ നേതാവ് തോറ്റു പോയത്.

വന്‍ ഭൂരിപക്ഷത്തില്‍ വിജയിക്കുമെന്നു പ്രതീക്ഷിച്ച ഈ സിപിഐ നേതാവ് കേരള കോണ്‍ഗ്രസുകാര്‍ വോട്ടു മറിച്ചിട്ടില്ലെങ്കില്‍ ഒരിക്കലും തോല്‍ക്കില്ലായിരുന്നു എന്ന് ഇവര്‍ ചൂണ്ടിക്കാട്ടുന്നു. കേരള കോണ്‍ഗ്രസിന് ഏറ്റവും ജനപിന്തുണയുണ്ടെന്നു അവകാശപ്പെടുന്ന കോട്ടയം ജില്ലയില്‍ തന്നെയാണ് സിപിഐയുടെ നേതാവിന് ദാരുണമായി തോല്‍വി രുചിക്കേണ്ടി വന്നത്.

സിപിഎം, സിപിഐ സ്ഥാനാര്‍ഥികളെ മനപൂര്‍വം തോല്‍പ്പിച്ചതിനു പിന്നില്‍ ഈ സീറ്റുകള്‍ സ്ഥിരമായി ഇവര്‍ക്കു വിട്ടുനല്‍കേണ്ടി വരുമോയെന്ന ചിന്തയെന്നാണ് ആരോപണം. ഒപ്പം വലിയ വിജയങ്ങള്‍ മറ്റു പാര്‍ട്ടിക്കാര്‍ കൈവരിച്ചാല്‍ പ്രധാന സ്ഥാനങ്ങള്‍ അവര്‍ക്കായി വിട്ടുനല്‍കേണ്ടി വരുമോ എന്ന ചിന്തയും ഇതിനു പിന്നിലുണ്ടെന്നാണ് മറ്റൊരു സംസാരം.

You May Also Like

Leave a Reply