കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കു പാലാ സമരിറ്റന്‍ ഫോഴ്‌സുമായി പാലാ രൂപത

പാലാ: കോവിഡ് 19 മഹാമാരി കൂടുതല്‍ വ്യാപിക്കുന്ന ഈ സാഹചര്യത്തില്‍ പാലാ രൂപതയുടെതായി പാലാ സമരിറ്റന്‍ ഫോഴ്‌സ് ‘(Pala Samaritan Force)’ എന്ന പേരില്‍ ഒരു രൂപതാതല കോവിഡ് ടാസ്‌ക് ഫോഴ്‌സ് രൂപീകരിക്കുന്നു.

കോട്ടയം ,ഇടുക്കി , എറണാകുളം ജില്ലകളിലായി വ്യാപിച്ചുകിടക്കുന്ന പാലാ രൂപതയിലെ പ്രദേശങ്ങളിലും ക്രിസ്തീയ പ്രേഷിതചൈതന്യത്തില്‍ കോവിഡ് വോളണ്ടിയേഴ്‌സ് സര്‍ക്കാരിന്റെ നിര്‍ദ്ദേശങ്ങളനുസരിച്ച് ആരോഗ്യ പ്രവര്‍ത്തകരും പോലീസ് അധികാരികളുമായി ചേര്‍ന്നാണ് പ്രവര്‍ത്തിക്കാന്‍ ഉദ്ദേശിക്കുന്നത്.

അതാതു പ്രദേശത്തെ വിവിധ കോവിഡ് അനുബന്ധ ആവശ്യങ്ങള്‍ നിര്‍വഹിക്കാന്‍ വേണ്ടി ഓരോ 100 വീടിനും 30 വയസു മുതല്‍ 50 വയസ്സു വരെയുള്ള രണ്ടു പേര്‍, 30 വയസ്സിന് താഴെ 20 വയസ്സുവരെയുള്ള രണ്ടു യുവാക്കന്മാര്‍ എന്ന മാനദണ്ഡമാണ് ഓരോ ഇടവകയിലും സ്വീകരിക്കുന്നത്.

ക്വാറന്റൈനില്‍ കഴിയുന്നവര്‍ക്കോ കണ്ടെയിന്‍മെന്റ് സോണുകള്‍ പ്രഖ്യാപിക്കപ്പെടുമ്പോള്‍ അവിടങ്ങളിലെ കുടുംബങ്ങള്‍ക്കോ വേണ്ടി ആരോഗ്യ പ്രവര്‍ത്തകരോട്/ ഉത്തരവാദിത്വപ്പെട്ട സര്‍ക്കാര്‍ അധികൃതരോട് ചേര്‍ന്ന് ആവശ്യം വരുമ്പോള്‍ നിര്‍ദ്ദേശിക്കപ്പെടുന്നതനുസരിച്ച് പ്രവര്‍ത്തിക്കുന്നതിനായി മതിയായ അറിവും ഒരുക്കവും സന്നദ്ധതയും ഉള്ളവരായി തയ്യാറായിരിക്കുക എന്നതാണ് ഈ ടീമിന്റെ ലക്ഷ്യം.

കോവിഡ് രോഗം ബാധിച്ച് ആരെങ്കിലും മരിക്കാനിടയായാല്‍ ഉചിതമായ മൃതസംസ്‌കാര ശുശ്രൂഷ നല്‍കുന്നതിനുവേണ്ടി വൈദികര്‍ ഉള്‍പ്പെടെയുള്ള സന്നദ്ധപ്രവര്‍ത്തകരുടെ ലിസ്റ്റ് പ്രത്യേകം തയ്യാറാക്കുന്നുണ്ട്. ഇവര്‍ക്ക് ആരോഗ്യ വകുപ്പിന്റെ നേതൃത്വത്തില്‍ പ്രത്യേക നിര്‍ദ്ദേശങ്ങളും ട്രെയിനിങ്ങും ഉണ്ടായിരിക്കുന്നതാണ്.

താരതമ്യേന കൂടുതല്‍ സുരക്ഷിതമായ ഈ കാര്യത്തിനായി ഈ വോളണ്ടിയര്‍ കൂട്ടായ്മ ഓരോ ഫൊറോനയിലും ഒന്നു വീതമെങ്കിലും രൂപതയിലാകമാനം രൂപീകരിക്കാനാണ് ലക്ഷ്യമിടുന്നത്.

രൂപതയിലെ വിവിധ സ്ഥാപനങ്ങള്‍ ക്വാറന്റയിന്‍ സൗകര്യങ്ങള്‍ക്കായി വിട്ടുകൊടുത്തിരുന്നു. കൂടുതല്‍ സ്ഥാപനങ്ങള്‍ വിട്ടുകൊടുക്കാന്‍ അധികൃതര്‍ സന്നദ്ധത പ്രകടിപ്പിച്ചിട്ടുണ്ട്.

രൂപതാ തലത്തിലുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് വിശ്വാസ പരിശീലന കേന്ദ്രം, എ.കെ.സി.സി., കുടുംബ കൂട്ടായ്മ, പിതൃവേദി, പാലാ സോഷ്യല്‍ വെല്‍ഫയര്‍ സൊസൈറ്റി, എസ്.എം.വൈ.എം., കെ.സി.വൈ.എം. തുടങ്ങിയ വിഭാഗങ്ങള്‍ നേതൃത്വം നല്‍കും.

ബിഷപ് മാര്‍ ജോസഫ് കല്ലറങ്ങാട്ട്, സഹായമെത്രാന്‍ മാര്‍ ജേക്കബ് മുരിക്കന്‍, വികാരി ജനറല്‍ ഫാ. ജോസഫ് തടത്തില്‍ എന്നിവര്‍ രക്ഷാധികാരികളായും പ്രവര്‍ത്തനങ്ങളുടെ ചീഫ് കോര്‍ഡിനേറ്ററായി ഫാ. സിറില്‍ തയ്യില്‍ (യൂത്ത് ഡയറക്ടര്‍), കോര്‍ഡിനേറ്റഴ്‌സായി ഫാ. ജോര്‍ജ് വര്‍ഗീസ് ഞാറക്കുന്നേല്‍ (എ.കെ.സി.സി. ഡയറക്ടര്‍), ഫാ. വിന്‍സെന്റ് മൂങ്ങാമാക്കല്‍ ( കുടുംബ കൂട്ടായ്മ കോര്‍ഡിനേറ്റര്‍), ഫാ. ജോസഫ് കുറ്റിയാങ്കല്‍ (പിതൃവേദി ഡയറക്ടര്‍), ഫാ. സെബാസ്റ്റ്യന്‍ പഴേപറമ്പില്‍ ( വിശ്വാസ പരിശീലന കേന്ദ്രം ഡയറക്ടര്‍) എന്നിവരുമടങ്ങുന്ന ഉന്നതതല സമിതി രൂപീകരിച്ച് പ്രവര്‍ത്തനം ആരംഭിച്ചിരിക്കുകയാണ്.

join group new

You May Also Like

Leave a Reply