പാലാ: പോളിങ് ശതമാനത്തില്‍ ഇടിവു നേരിട്ടതോടെ മുന്നണികള്‍ ആശങ്കയില്‍. അതേ സമയം, ആശങ്കകള്‍ക്കിടയിലും അവകാശവാദങ്ങളുമായി എല്ലാ മുന്നണികളും രംഗത്തു വന്നിട്ടുണ്ട്.
പോളിംഗ് കുറഞ്ഞെങ്കിലും തെരഞ്ഞെടുപ്പില്‍ നേട്ടമുണ്ടാക്കുമെന്ന് ഇടതുവലതു മുന്നണികള്‍ ഒരുപോലെ അവകാശപ്പെടുന്നു. പഞ്ചായത്തുകളില്‍ നേട്ടം കൈവരിക്കുമെന്നും ചില പഞ്ചായത്തുകളില്‍ ഭരണം നേടുമെന്നും എന്‍ഡിഎയും അവകാശപ്പെടുന്നു.
എല്ലാ മുന്നണികളും വിജയത്തിന്റെ കണക്കെടുപ്പ് ആരംഭിച്ചിട്ടുണ്ട്. നഗരസഭയില്‍ കഴിഞ്ഞ പ്രാവശ്യം 77.32 ശതമാനമായിരുന്നു പോളിംഗ്. ഇത്തവണ പോളിംഗ് 71.05 ശതമാനമായി കുറഞ്ഞു.
പാലാ നിയോജകമണ്ഡലത്തിലെ പഞ്ചായത്തുകളിലും പോളിങ് ശതമാനം കുറഞ്ഞിട്ടുണ്ട്. വിവിധ പഞ്ചായത്തുകളില്‍ 8% മുതല്‍ 12% വരെ ഇടിവാണ് പോളിംഗ് ശതമാനത്തില്‍ ഉണ്ടായിട്ടുള്ളത്.
പോളിംഗ് ശതമാനത്തിലെ ഇടിവിനു കാരണം കോവിഡ് ഭീതിയാണെന്നു മുന്നണികള്‍ അവകാശപ്പെടുന്നുണ്ടെങ്കിലും മുന്നണി ബന്ധങ്ങളില്‍ ഉണ്ടായ മാറ്റങ്ങളും പോളിംഗ് ശതമാനത്തിലെ ഇടിവിനു കാരണമായതായി ചൂണ്ടിക്കാണിക്കപ്പെടുന്നു.
കോവിഡ് രോഗബാധയുടെ പശ്ചാത്തലത്തില്‍ രാഷ്ട്രീയപാര്‍ട്ടികളും പ്രവര്‍ത്തകരും ഏറെ ആവേശത്തോടെയും എന്നാല്‍ കനത്ത ജാഗ്രതയോടും കൂടെയാണ് തെരഞ്ഞെടുപ്പിനെ നേരിട്ടത്.
ദൂരസ്ഥലങ്ങളില്‍ ഉള്ള വോട്ടര്‍മാരെ വാഹനത്തില്‍ പോളിംഗ് കേന്ദ്രങ്ങളില്‍ എത്തിക്കുന്നതടക്കം
പരമാവധി വോട്ടുകള്‍ അനുകൂലമാക്കാന്‍ രാഷ്ട്രീയപാര്‍ട്ടികള്‍ പതിനെട്ടടവും പയറ്റിയിരുന്നു.
മുന്നണികള്‍ക്കപ്പുറം കേരള കോണ്‍ഗ്രസുകളുടെ ബലപരീക്ഷണം കൂടെയാകുമെന്നു കരുതപ്പെടുന്ന ഈ തെരഞ്ഞെടുപ്പില്‍ അവസാന വിജയം ആര്‍ക്കെന്നറിയാന്‍ 16 വരെ കാത്തിരിക്കേണ്ടി വരും.