പാലായിലെ പോലീസുകാരന്റെ ഭാര്യയ്ക്കു കോവിഡ്; ജാഗ്രത, സ്‌റ്റേഷനില്‍ ക്രമീകരണം ഏര്‍പ്പെടുത്തി

പാലാ: പാലാ പോലീസ് സ്‌റ്റേഷനിലെ പോലീസുകാരന്റെ ഭാര്യയ്ക്കു കോവിഡ് സ്ഥിരീകരിച്ചു. താലൂക്ക് ആശുപത്രി ജീവനക്കാരിയാണ് ഭാര്യ. ഇന്നലെയാണ് കോവിഡ് സ്ഥിരീകരിച്ചത്. ഇവരെ മുട്ടമ്പലത്തെ സര്‍ക്കാര്‍ ഹോസ്റ്റലില്‍ നിരീക്ഷണത്തിലാക്കി.

താലൂക്ക് ആശുപത്രിയിലെ കോവിഡ് ഡ്യൂട്ടിക്കു ശേഷം വീട്ടില്‍ ക്വാറന്റയിനില്‍ കഴിഞ്ഞു വന്നിരുന്ന ഇവര്‍ക്ക് രോഗ ലക്ഷണങ്ങളില്ലായിരുന്നു. ആരോഗ്യ പ്രവര്‍ത്തകര്‍ക്കു നടത്തിയ കോവിഡ് പരിശോധനയിലാണ് ഇവരുടെ റിസള്‍ട്ട് പോസിറ്റീവ് ആയത്.

ഇവരുടെ ഭര്‍ത്താവ് അടുത്ത ദിവസം വരെ ഡ്യൂട്ടിക്കു വന്നിരുന്നു. ഇതോടെ പാലാ പോലീസ് സ്‌റ്റേഷനില്‍ ജോലി ചെയ്തിരുന്നവര്‍ ജാഗ്രതയിലാണ്.

രണ്ടു ദിവസത്തിനുള്ളില്‍ പോലീസുകാരന്റെയും സമ്പര്‍ക്കത്തിലേര്‍പ്പെട്ടെന്നു സംശയിക്കുന്ന മറ്റു കുടുംബാംഗങ്ങളുടെയും സ്രവം കോവിഡ് പരിശോധനയ്ക്കു വിധേയമാക്കും. പോലീസുകാരനോടു തല്‍ക്കാലം അവധിയില്‍ പ്രവേശിക്കാന്‍ പറഞ്ഞിട്ടുണ്ട്.

നിലവില്‍ പേടിക്കേണ്ടതില്ലെന്നും ആര്‍ക്കും രോഗലക്ഷണങ്ങളില്ലെന്നും പാലാ സിഐ അനൂപ് ജോസ് അറിയിച്ചു. മുന്‍കരുതല്‍ നടപടിയെന്ന നിലയില്‍ സ്റ്റേഷനില്‍ ഡ്യൂട്ടിക്ക് 50 ശതമാനം പോലീസുകാരാക്കി മാറ്റിയിട്ടുണ്ടെന്നും സിഐ അറിയിച്ചു.

join group new

Leave a Reply

%d bloggers like this: