പാലാ നഗരസഭയിലെ മറ്റൊരു ജീവനക്കാരനു കൂടെ കൊവിഡ് ലക്ഷണം


പാലാ: ഒരു നഗരസഭ ജീവനക്കാരനു കൂടെ കൊവിഡ് ലക്ഷണങ്ങള്‍. ഇയാളെ പാലാ ജനറല്‍ ആശുപത്രിയില്‍ എത്തിച്ച് സ്രവം പരിശോധനയ്‌ക്കെടുത്തു.

ഇയാള്‍ കഴിഞ്ഞ ദിവസം കോവിഡ് 19 സ്ഥിരീകരിച്ച നഗരസഭ ജീവനക്കാരനുമായി സമ്പര്‍ക്കം പുലര്‍ത്തിയിരുന്നു. ഇതോടെയാണ് ലക്ഷണങ്ങള്‍ കണ്ട ഉടനെ തന്നെ ഇയാളെ ആശുപത്രിയിലെത്തിച്ച് സ്രവം പരിശോധനയ്‌ക്കെടുത്തത്.

നഗരസഭ റവന്യൂ വിഭാഗത്തില്‍ ജോലി ചെയ്യുന്ന തിരുവാര്‍പ്പ് സ്വദേശിയായ 28കാരന് തിങ്കളാഴ്ചയാണ് കൊവിഡ് സ്ഥിരീകരിച്ചത്. 

കടുത്ത തലവേദനയും പനിയും കണ്ടതിനെ തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് ഇയാള്‍ക്ക് രോഗം സ്ഥിരീകരിച്ചത്. കഴിഞ്ഞ വ്യാഴാഴ്ച വരെ ഇയാള്‍ ജോലിക്കെത്തിയിരുന്നു. 

നിലവിലെ സാഹചര്യത്തില്‍ കൂടുതല്‍ സുരക്ഷാ നടപടികള്‍ക്ക് ഒരുങ്ങുകയാണ് ജില്ലാ ഭരണകൂടവും നഗരസഭ അധികൃതരും. റവന്യു, എന്‍ജിനിയറിങ്, ജനറല്‍ വിഭാഗത്തിലെ ജീവനക്കാര്‍ക്കെല്ലാം അവധി നല്‍കിയിരിക്കുകയാണ്.

ആരോഗ്യ വിഭാഗത്തിലെ ഏതാനും ജീവനക്കാര്‍ മാത്രമാണ് ഇപ്പോള്‍ നഗരസഭയില്‍ വരുന്നത്. പൊതുജനങ്ങള്‍ക്കും ഒരാഴ്ചത്തേക്ക് പ്രവേശനം നിഷേധിച്ചിട്ടുണ്ട്.

രണ്ടു തവണ നഗരസഭ കെട്ടിടവും പരിസരവുമെല്ലാം അണുവിമുക്തമാക്കി. ആദ്യ ജീവനക്കാരന്റെ സമ്പര്‍ക്ക പട്ടിക വിപുലമാണെന്ന സൂചനയാണ് ആരോഗ്യ വകുപ്പും നഗരസഭ അധികൃതരും നല്‍കുന്നത്.

ജീവനക്കാര്‍ക്കും കൗണ്‍സിലര്‍മാര്‍ക്കും വെള്ളി, ശനി ദിവസങ്ങളില്‍ സ്രവ പരിശോധന നടത്തുമെന്ന് നഗരസഭ ചെയര്‍പേഴ്‌സണ്‍ മേരി ഡൊമിനിക് അറിയിച്ചു.

You May Also Like

Leave a Reply