Pala News

പാലാ മാർ സ്ലീവാ മെഡിസിറ്റിക്ക് ലഭിച്ച ദേശീയ അംഗീകാരം പ്രവർത്തന മികവിന്റെ തെളിവ് : മന്ത്രി വി.എൻ.വാസവൻ

ചുരുങ്ങിയ നാളുകൾ കൊണ്ട് മധ്യകേരളത്തിലെ ആതുരശുശ്രൂഷ രംഗത്ത് പുരോഗമനപരവും ആരോഗ്യകരവുമായ ചലനങ്ങൾ സൃഷ്‌ടിച്ച ക്വാട്ടർണറി കെയർ സെന്റർ ആയ മാർ സ്ലീവാ മെഡിസിറ്റിക്ക് ദേശീയതലത്തിൽ ആരോഗ്യമേഖലയിലെ പരമോന്നത അംഗീകാരമായി എൻ. എ. ബി. എച്ച്. അക്രഡിറ്റേഷൻ ലഭിച്ചു.

മാർ സ്ലീവാ മെഡിസിറ്റിയിലെ ആരോഗ്യപ്രവർത്തകരുടെയും മാനേജ്മെന്റിന്റെയും സേവനസന്നദ്ധ മനോഭാവവും പ്രവർത്തന മികവുമാണ് ഇങ്ങനെയൊരു അംഗീകാരം നേടിയെടുക്കാൻ സാധിച്ചതിന് പിന്നിൽ എന്ന് അക്രഡിറ്റേഷൻ സർട്ടിഫിക്കറ്റ് കൈമാറി മുഖ്യപ്രഭാഷണം നടത്തിയ മന്ത്രി ശ്രീ.വി.എൻ വാസവൻ പറഞ്ഞു. ഇതിനൊപ്പം തന്നെ ഫ്രഞ്ച് സർക്കാരിന്റെ സഹായത്തോടെ സ്ഥാപിച്ച 400 ലിറ്റർ ശേഷിയുള്ള ഓക്സിജൻ ജനറേറ്റർ പ്ലാന്റിന്റെ ഉദ്ഘാടനവും, രണ്ടാമത്തെ ഡയാലിസിസ് യൂണിറ്റിന്റെ ഉദ്ഘാടനവും നടന്നു.

മെഡിസിറ്റിയിലെ രണ്ടായിരത്തിലേറെ ആരോഗ്യ പ്രവർത്തകരുടെ ഏകോപനത്തോടെയുള്ള പരിശ്രമത്തിന്റെ ഫലം ആണ് ഈ അംഗീകാരം എന്നും മുന്നോട്ടുള്ള നാളുകളിൽ കൂടുതൽ ഉത്തരവാദിത്തത്തോടെ ഗുണമേന്മയുള്ള ചികിത്സാ ഉറപ്പാക്കാൻ സാധിക്കട്ടെ എന്നും പാലാ രൂപതാ ബിഷപ്പും മാർ സ്ലീവാ മെഡിസിറ്റിയുടെ ഫൗണ്ടറും, പെയിട്രനുമായ മാർ ജോസഫ് കല്ലറങ്ങാട്ട് അധ്യക്ഷ പ്രസംഗത്തിൽ പറഞ്ഞു.

മെച്ചപ്പെട്ട രോഗി പരിചരണവും ചികിത്സയും മിതമായ നിരക്കിൽ ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെ ആരംഭിച്ച ആശുപത്രിക്ക് ഈ ലഭിച്ച അംഗീകാരം പ്രശംസനീയമാണെന്ന് അനുഗ്രഹ പ്രഭാഷണം നൽകിയ ബിഷപ്പ് എമരിറ്റസ് മാർ ജോസഫ് പള്ളിക്കാപറമ്പിൽ പറഞ്ഞു.

ദേശിയ ഗുണനിലവാര കൗൺസിൽ (ക്യൂ. സി. ഐ.) നിയമിച്ച എൻ. എ. ബി. എച്ച്. പ്രതിനിധികൾ നേരിട്ടെത്തി ആശുപത്രിയുടെ അടിസ്ഥാന സൗകര്യങ്ങൾ, രോഗീപരിചരണത്തിലെ മികവ്, സുരക്ഷ, സ്റ്റാഫിന്റെ അടിസ്ഥാന യോഗ്യതയും പരിശീലനവും, ചികിത്സാ ധാർമികത, ഡോക്യുമെന്റേഷൻ തുടങ്ങി വിവിധ ഘടകങ്ങൾ പരിഗണിച്ച ശേഷമാണ് അക്രഡിറ്റേഷൻ നൽകിയതെന്ന് മാർ സ്ലീവാ മെഡിസിറ്റിയുടെ മാനേജിങ് ഡയറക്ടർ മോൺ. ഡോ. ജോസഫ് കണിയോടിക്കൽ പറഞ്ഞു.

അന്താരാഷ്ട്രനിലവാരത്തിൽ ഉള്ള ഗുണനിലവാര മാനദണ്ഡങ്ങൾ പാലിച്ചുള്ള ആരോഗ്യമേഖലയുടെ പ്രവർത്തനം ഏറ്റവും മെച്ചപ്പെട്ട ചികിത്സാ സേവനങ്ങൾ ജനങ്ങൾക്ക് ലഭ്യമാക്കാൻ സഹായിക്കുമെന്ന് ശ്രീ. ജോസ് കെ. മാണി എം. പി. ഉദ്‌ഘാടന സന്ദേശത്തിൽ പറഞ്ഞു.

മാർ സ്ലീവാ മെഡിസിറ്റിയിൽ ഫ്രഞ്ച് സർക്കാരിന്റെ സഹായത്തോടെ അന്തരീക്ഷവായുവിൽ നിന്ന് ഓക്സിജൻ സ്വീകരിച്ച്‌ മെഡിക്കൽ ഓക്സിജൻ ആക്കി മാറ്റുന്ന 400 ലിറ്റർ ശേഷിയുള്ള ജനറേറ്റർ പ്ലാന്റിന്റെ ഉദ്ഘാടനം ശ്രീ. തോമസ് ചാഴികാടൻ എം.പി. നിർവഹിച്ചു.

24 മണിക്കൂറും ഡയാലിസിസ് സേവനം ലഭ്യമാക്കി നെഫ്രോളജി വിഭാഗത്തിലെ രണ്ടാമത്തെ ഡയാലിസിസ് യൂണിറ്റിന്റെ ഉദ്ഘാടനം ശ്രീ. തിരുവഞ്ചൂർ രാധാകൃഷ്ണൻ എം.എൽ.എ നിർവഹിച്ചു. ചേർപ്പുങ്കൽ മാർ സ്ലീവാ ഫൊറോനാ പള്ളി വികാരി വെരി റവ. ഫാ. ജോസഫ് പാനാമ്പുഴ, ജില്ലാ പഞ്ചായത്ത് മെമ്പർ ശ്രീ. ജോസ്മോൻ മുണ്ടക്കൽ, കൊഴുവനാൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശ്രീമതി നിമ്മി ട്വിങ്കിൾ രാജ്, കൊഴുവനാൽ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ശ്രീ. രാജേഷ് ബി. , ബ്ലോക്ക് പഞ്ചായത്ത് മെമ്പർ ശ്രീ. ജോസി ജോസഫ് എന്നിവർ പരിപാടിയിൽ സന്നിഹിതരായിരുന്നു.

Leave a Reply

Your email address will not be published.