പാലാ: പാലാ, കാഞ്ഞിരപ്പള്ളി സീറ്റുകള്‍ ജോസ് കെ മാണിക്ക് നല്കാന് ഇടതുപക്ഷത്ത് ധാരണയായതായി സൂചന. പാലായില്‍ ജോസ് കെ മാണി തന്നെ മല്‍സരിക്കുമെന്നാണ് റിപ്പോര്‍ട്ട്.
സിപിഐ, എന്‍സിപി ഘടകകക്ഷികളുടെ എതിര്‍പ്പിനിടയിലും കേരള കോണ്‍ഗ്രസിനു തന്നെ സീറ്റു നല്‍കാനാണ് സിപിഎമ്മിനും താല്പര്യം. കേരള കോണ്‍ഗ്രസ് സഖ്യം ഉണ്ടാക്കുന്നതിനു മുന്‍പു തന്നെ പാലാ സീറ്റിന്റെ കാര്യത്തില്‍ തീരുമാനം എടുത്തിരുന്നതായാണ് വിവരം.
പാലാ സീറ്റ് കിട്ടുമെന്ന് ഉറപ്പാക്കിയതിനു ശേഷം മാത്രമാണ് ജോസ് കെ മാണിയും കൂട്ടരും ഇടതുമുന്നണിയില്‍ ചേര്‍ന്നത്.
ജോസ് കെ മാണിയുടെ നേതൃത്വത്തിലുള്ള കേരള കോണ്‍ഗ്രസ് എമ്മിന്റെ പിന്തുണയോടെ കോട്ടയം ജില്ലാ പഞ്ചായത്തിലും ജില്ലയിലെ ഈരാറ്റുപേട്ട ഒഴിച്ചുള്ള ബ്ലോക്ക് പഞ്ചായത്തുകളിലും ഭരണം പിടിക്കാന്‍ ഇടതുപക്ഷത്തിന് സാധിച്ചിരുന്നു.
പൊതുവേ യുഡിഎഫ് കോട്ടയെന്നു വിലയിരുത്തപ്പെട്ടിരുന്ന കോട്ടയത്ത് നേടാനായ ഈ മുന്നേറ്റം വരുന്ന നിയമസഭാ തെരഞ്ഞെടുപ്പിലും ആവര്‍ത്തിക്കാനാകുമെന്നാണ് ഇടതു മുന്നണിയുടെ പ്രതീക്ഷ.
അതുകൊണ്ടു തന്നെ കേരള കോണ്‍ഗ്രസിന് അവര്‍ ആവശ്യപ്പെടുന്ന സീറ്റുകള്‍ നല്‍കുമെന്നാണ് വിവരം. കെഎം മാണിയുടെ സ്ഥിരം മണ്ഡലമെന്ന നിലയില്‍ ജോസ് കെ മാണിക്കും പാലായോട് വൈകാരികമായ ഒരു അടുപ്പമുണ്ട്.
അതുകൊണ്ടു തന്നെ പാലാ വിട്ടൊരു കളി ജോസ് കെ മാണിയും കൂട്ടരും നടത്തില്ലെന്നും ഉറപ്പുണ്ട്. അതേ സമയം, സിപിഐ അടക്കമുള്ള മറ്റു സഖ്യ കക്ഷികളെ തീരെ അവഗണിക്കുന്നതായും ആക്ഷേപം ഉയരുന്നുണ്ട്.
കാഞ്ഞിരപ്പള്ളി സീറ്റിനെ ചൊല്ലി സിപിഐ നേതൃത്വം എതിര്‍പ്പ് അറിയിച്ചിട്ടുണ്ട്. എന്നാല്‍ സിപിഐ എതിര്‍പ്പ് കാര്യമാക്കേണ്ടതില്ലെന്നാണ് കേരള കോണ്‍ഗ്രസ് എം നിലപാട്. കാഞ്ഞിരപ്പള്ളി കിട്ടിയില്ലെങ്കില്‍ പകരം മറ്റൊരു സീറ്റ് നല്‍കണമെന്നാണ് സിപിഐയുടെ ആവശ്യം.
കോട്ടയം ജില്ലയിലെ പൂഞ്ഞാര്‍, അല്ലെങ്കില്‍ കൊല്ലം ജില്ലയില്‍ ഒരു സീറ്റ് എന്നതാണ് സിപിഐയുടെ ആവശ്യം.
കോട്ടയം ജില്ലയില്‍ വൈക്കത്ത് ഒഴിച്ച് മറ്റൊരു മണ്ഡലത്തിലും സിപിഐക്ക് കാര്യമായ ജനപിന്തുണ ഇല്ലെന്നാണ് കേരള കോണ്‍ഗ്രസ് നേതാക്കളുടെ വാദം. അതുകൊണ്ടു തന്നെ എന്തായാലും കാഞ്ഞിരപ്പള്ളി പോലൊരു സീറ്റ് വിട്ടുനല്‍കാന്‍ കേരള കോണ്‍ഗ്രസ് എം തയാറല്ല.