പാലാ: കെ എസ് ആർ ടി സി ബസ് ടെർമിനലിനു സമീപം സ്വകാര്യ കെട്ടിട നിർമ്മാണത്തിൻ്റെ ഭാഗമായി നടപ്പാത പൂർണ്ണമായി കയ്യേറിയ സംഭവത്തിൽ ജനവേദി പ്രതിഷേധിച്ചു.
നാല്പതു മീറ്ററോളം നടപ്പാതയാണ് അനധികൃതമായി കൈയ്യേറിയത്. ഇതോടെ കാൽ നടക്കാർ റോഡിൽ വാഹനങ്ങൾക്കിടയിലൂടെ നടക്കേണ്ട ഗതികേടിലായി. സ്കൂൾ സമയത്ത് ഇതുവഴി നിരവധി വിദ്യാർത്ഥികളും ഇതുവഴി സഞ്ചരിക്കുന്നുണ്ട്. ഈ ഭാഗത്തെ റെയിലിംഗുകൾ പൂർണ്ണമായും പിഴുതുമാറ്റിയതോടെയാണ് വലിയ രീതിയിൽ കയ്യേറ്റം നടന്നത്.
പൊതുമരാമത്ത് നിരത്ത് വിഭാഗം അധികൃതരുടെ ഒത്താശയോടെയാണ് ഈ നടപ്പാത കൈയ്യേറ്റമെന്ന് ജനവേദി കുറ്റപ്പെടുത്തി. ഇവിടെയെത്തുന്ന പണിക്കാരുടെ ഇരുചക്രവാഹനങ്ങൾ നടപ്പാത കൈയ്യേറിയാണ് പാർക്കു ചെയ്യുന്നത്. വലിയ വാഹനങ്ങളിൽ സാധനങ്ങൾ ഇറക്കുന്നതു തിരക്കേറിയ സമയങ്ങളിൽ നടപ്പാത കൈയ്യേറിയാണ്.
പോലീസ് സ്‌റ്റേഷനു തൊട്ടടുത്താണെങ്കിലും ഇവിടെ നടപ്പാത കൈയ്യേറുകയും അനധികൃത പാർക്കിംഗ് നടത്തുകയും ചെയ്യുന്ന വാഹനങ്ങൾക്കെതിരെ പോലീസ് നടപടിയെടുക്കാറില്ലെന്നു ജനവേദി യോഗം കുറ്റപ്പെടുത്തി. അത്യാവശ്യ സാധനങ്ങൾ വാങ്ങാൻ എവിടെയെങ്കിലും റോഡിൽ നിറുത്തേണ്ടി വന്നാൽ പിഴ ഈടാക്കാറുള്ള പോലീസ് ഇതു കണ്ടില്ലെന്നു നടിക്കുകയാണ്.
ഈ ഭാഗത്തെ ഓടകളിൽ മണ്ണുന്നത് നീക്കാൻ പൊതുമരാമത്ത് വകുപ്പ് നടപടിയെടുക്കാത്തതിനാൽ മഴ പെയ്താലുടൻ വെള്ളക്കെട്ടും ഇവിടെ നിത്യസംഭവമാണ്. നടപ്പാത കയ്യേറ്റം ഒഴിപ്പിക്കണമെന്ന് ജനവേദി ആവശ്യപ്പെട്ടു. എബി ജെ ജോസ് അധ്യക്ഷത വഹിച്ചു. ബിനു പെരുമന, സാംജി പഴേപറമ്പിൽ, അനൂപ് ചെറിയാൻ, ബിബിൻ തോമസ്, ജസ്റ്റിൻ ജോർജ് തുടങ്ങിയവർ പ്രസംഗിച്ചു.