പാലാ: കിടപ്പു രോഗികളെയും കൊണ്ട് ഇനി ആശുപത്രിയിലേക്ക് വരേണ്ടതില്ല. ആവശ്യപ്പെട്ടാൽ ഡോക്ടർ വീട്ടിലേക്ക് എത്തും മരുന്നുമായി. ഇതിനായി പാലാ ഹോമിയോ ആശുപത്രിക്ക് നഗരസഭ വാഹനവും ലഭ്യമാക്കി.
ഹോമിയോപ്പതി വകുപ്പിന്റെ സംസ്ഥാനതല പദ്ധതിയായ പെയിൻ ആൻഡ് പാലിയേറ്റിവ് ക്ലിനിക്കിന്റെ ഭവന /സ്ഥാപന സന്ദർശനങ്ങൾക്കായി പാലാ മുനിസിപ്പാലിറ്റി അനുവദിച്ച വാഹനം നഗരസഭാ ചെയർമാൻ ആന്റോ ജോസ് പടിഞ്ഞാറേക്കര ഫ്ലാഗ് ഓഫ് നടത്തി ഉത്ഘാടനം നിർവ്വഹിച്ചു.
വൈസ് ചെയർപേഴ്സൺ സിജി പ്രസാദ്, വികസന സ്റ്റാൻ്റിംഗ് കമ്മറ്റി ചെയർമാൻ ഷാജു വി തുരുത്തൻ, ആരോഗ്യ സ്റ്റാന്റിങ് കമ്മിറ്റി ചെയർമാൻ ബൈജു കൊല്ലംപറമ്പിൽ, കൗൺസിലർ , വാർഡ് കൗൺസിലർ വി സി പ്രിൻസ്, കൗൺസിലർമാരായ ജോസ് ചീരാംകുഴി, സാവിയോ കാവുകാട്ട്, ആശുപത്രി സൂപ്രണ്ട് ഡോ.സാജൻ ചെറിയാൻ, റെസിഡന്റ് മെഡിക്കൽ ഓഫീസറും പദ്ധതി കൺവീനറുമായ ഡോ.ഹേമ .ജി നായർ, മുനിസിപ്പൽ ഹെൽത്ത് ഇൻസ്‌പെക്ടർ വിശ്വം എന്നിവർ പങ്കെടുത്തു.

ഇനി മുതൽ എല്ലാ ബുധനാഴ്ചയും ഇപ്പോൾ നൽകി കൊണ്ടിരിക്കുന്നതിലും കൂടുതലായി കിടപ്പു രോഗികൾക്ക് ഭവനങ്ങളിലും, കിടപ്പ് രോഗികളെ സംരക്ഷിക്കുന്ന സ്ഥാപനങ്ങളിലും എത്തി ഡോക്ടറുടെ നേതൃത്വത്തിൽ സൗജന്യ മരുന്നുൾപ്പടെ ഉള്ള സേവനങ്ങൾ ലഭ്യമാകുന്നതാണ്.
ചികിത്സ ആവശ്യം ഉള്ളവർ ഹോമിയോ ആശുപത്രിയുമായി 917600018040,919496117440 ബന്ധപ്പെടേണ്ടതാണ് എന്ന് ആരോഗ്യസ്ഥിരം സമിതി ചെയർമാൻ ബൈജു കൊല്ലം പറമ്പിൽ അറിയിച്ചു.